ADVERTISEMENT

‘നടി കുളത്തിലേക്കു ചാടുകയാണല്ലോ, ക്യാമറയും ഒപ്പം ചാടട്ടേ..’ എന്നു ശ്രീനിവാസൻ പറഞ്ഞതു വെഡിങ് ഫൊട്ടോഗ്രഫിയുടെ കാര്യത്തിൽ അച്ചട്ടാകുന്നു! കല്യാണം കഴിഞ്ഞാൽ ഫോട്ടോ ഷൂട്ടിനു പച്ചപ്പും ഹരിതാഭയും തേടി പോയിരുന്ന വധൂവരന്മാർ ഇപ്പോൾ സ്വിമ്മിങ് പൂളിലേക്ക‍ു ചാടുകയാണ്. ക്യാമറയും ഒപ്പം ച‍ാടും. കാഞ്ചീപുരം സാരിയും സ്വർണാഭരണങ്ങളുമണിഞ്ഞ വധുവും തൂവെള്ള മുണ്ടും ഷർട്ടും വേഷ്ടിയുമണിഞ്ഞ വരനും ജലനീലിമയിൽ കാൻവാസിലെന്ന പോലെ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതാണ് പുതിയ ട്രെൻഡ്. അണ്ടർ വാട്ടർ വെഡിങ് ഫോട്ടോഗ്രഫി ചെയ്തു നൽകുന്ന രണ്ടു സ്ഥാപനങ്ങള്‍ തൃശൂർ ജില്ലയിൽ തന്നെയുണ്ട്.

under-water-photography-1

ഓക്സിജൻ മാസ്ക് വേണ്ട

അണ്ടർ വാട്ടർ ഫൊട്ടോഗ്രഫിയെന്നു കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ അനിമൽ പ്ലാനറ്റ് ചാനലിലെ കടൽ ഡൈവിങ് ദൃശ്യങ്ങളാണ് ഓർമ വരിക. എന്നാൽ, വെള്ളത്തിനട‍ിയിലെ കല്യാണ ഫൊട്ടോഗ്രഫിക്ക് ഇതുമായി ഒരു ബന്ധവുമില്ല. ഓക്സിജൻ മാസ്ക് ധരിച്ച് വെള്ളത്തിനടിയിലേക്ക് ഊളിയിടുന്ന ഏർപ്പാടല്ലിത്. 5 അടിയിൽ താഴെ മാത്രം താഴ്ചയുള്ള സ്വിമ്മിങ് പൂള‍ുകളിലാണ് ഫോട്ടോഷൂട്ട് നടക്കുക. വരനും വധുവിനും നീന്താതെ സുഖമായി നിൽക്കാം.

under-water-photography-7

ഒരു മണിക്കൂർ വെള്ളത്തിൽ നിർത്തി മുങ്ങിയും പൊങ്ങിയും ശ്വാസം നിയന്ത്രിച്ചും ശരീരത്തെ ശാന്തമാക്കിയ ശേഷമേ ഫോട്ടോഷൂട്ട് ആരംഭിക്കൂ. ഒരു മണിക്കൂറോളം നീണ്ട പല ശ്രമങ്ങളിലൂടെ കൂടുതൽ നേരം ശ്വാസം പിടിച്ചുവയ്ക്കാൻ ശരീരം പര്യാപ്തമാകും. പിന്നെ പടമെടുപ്പ് എളുപ്പം.

under-water-photography-5

പടമെടുക്കാൻ ഡിഎസ്എൽആർ

അണ്ടർ വാട്ടർ ഫൊട്ടോഗ്രഫിക്കു പ്രത്യേക ക്യാമറയൊന്നും വേണമെന്നില്ല. നമ്മുടെ നാട്ടിലെ ഫൊട്ടോഗ്രാഫർമാർ സാധാരണ ഉപയോഗിക്കുന്ന ഡിഎസ്എൽആർ ക്യാമറ ധാരാളം. വെള്ളത്തിനടിയിൽ സുരക്ഷിതമായി ക്യാമറ ഉപയോഗിക്കാൻ വാട്ടർ പ്രൂഫ് കിറ്റുകൾ സഹായിക്കും. ക്യാമറ ബോഡിക്കും ലെൻസിനും പ്രത്യേക കവറുകൾ ആണ് ഉപയോഗിക്കുക. പൊട്ടാത്ത, വെള്ളം കയറാത്ത വിദേശനിർമിത മികച്ച കിറ്റുകൾക്ക് ശരാശരി ഒന്നര ലക്ഷം രൂപ മുതൽ മുകളിലേക്കാണ് വില. 

under-water-photography-6

പൂമല, ചെറുതുരുത്തി തുടങ്ങിയ സ്ഥലങ്ങളിലെ റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾ കേന്ദ്രീകരിച്ചാണ് പലപ്പോഴും വെഡിങ് ഫോട്ടോഷൂട്ട് നടത്തുന്നത്. റിസോർട്ടുകളിലെ താമസവുമായി ചേർത്തുള്ള പാക്കേജുകളുമുണ്ട്. ഗൗൺ, സ്യൂട്ട് പോലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഫോട്ടോഷൂട്ടെങ്കിൽ ഇവ വാടകയ്ക്കെടുക്കുകയാണ് പതിവ്. വെള്ളത്തിലിറങ്ങാനുള്ള പേടികൊണ്ടു പലപ്പോഴും വധൂവരന്മാർ പരിഭ്രാന്തരാകാറുണ്ട്. വളരെ സമയമെടുത്ത് അവർക്ക് ആത്മവിശ്വാസം നൽകിയാകും ഫോട്ടോഷൂട്ട്.

under-water-photography-3

ബജറ്റിലൊതുങ്ങും ഷൂട്ട്

ഒരു ദിവസത്തെ ഫോട്ടോഷൂട്ട് ആണ് പലപ്പോഴും വധൂവരന്മാർക്കു വേണ്ടി ഒരുങ്ങുക. 20,000 രൂപയുടെ ബേസ് പാക്കേജ് മുതൽ മുകളിലേക്കാണ് പ്രതിഫലം. പകൽ വെളിച്ചത്തിലാണ് ഷൂട്ടിങ് നടക്കുക എന്നതിനാൽ പ്രത്യേക വെളിച്ച ക്രമീകരണമോ വലിയ സംഘമോ ആവശ്യമില്ല. വേഷവിതാനങ്ങളുടെ എണ്ണം കൂടുന്നതും ലൊക്കേഷൻ ദൂരേക്കു പോകുന്നതും തുക കൂട്ടാനിടയാക്കാം.

under-water-photography-2

ആലപ്പുഴ, മൂന്നാർ, കൊച്ചി എന്നിവിടങ്ങളിലും അണ്ടർ വാട്ടർ ഫൊട്ടോഗ്രഫിക്കു റിസോർട്ടുകൾ വേദിയൊരുക്കാറുണ്ട്. കല്യാണ വേഷത്തിൽ തന്നെ വെള്ളത്തിനടിയിൽ ഫോട്ടോഷൂട്ട് നടത്താ‍നാണ് പല വധൂവരന്മാരുടെയും ആഗ്രഹം. ഇത്തരം ചിത്രങ്ങൾ മാത്രം ഉൾപ്പെടുത്തി പ്രത്യേക ഫോട്ടോ ആൽബം, വിഡിയോ ആൽബം എന്നിവ തയാറാക്കുന്ന രീതിയുമുണ്ട്. 

under-water-wedding-photography-trending-in-thrissur

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: എം.ജി. അർജുൻ, വാട്ടർ കളർ ഫൊട്ടോഗ്രഫി, തൃശൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com