വിവാഹസമ്മാനമായി ലഭിക്കുന്ന പണം പുൽവാമ രക്തസാക്ഷികളുടെ കുടുംബത്തിന്; സിആർപിഎഫ് ജവാന്റെ മാതൃക

HIGHLIGHTS
  • ഏപ്രിൽ 13 നാണ് വികാസിന്റെ വിവാഹം‌
  • കശ്മീരിലെ ശ്രീനഗറിലാണ് വികാസ് സേവനമനുഷ്ഠിക്കുന്നത്
crpf-man-to-give-wedding-cash-gifts-to-martyrs-fund
SHARE

വിവാഹത്തിനു സമ്മാനമായി ലഭിക്കുന്ന പണം പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിനുള്ള ഫണ്ടിലേക്കു കൈമാറുമെന്നു വ്യക്തമാക്കി സിആർപിഎഫ് ജവാന്‍. രാജസ്ഥാനിലെ ജയ്പുർ സ്വദേശിയായ സിആർപിഎഫ് സബ് ഇൻസ്പക്ടർ വികാസ് ഖഡ്ഗാവത്ത് ആണു സ്വന്തം വിവാഹത്തിന് വേറിട്ട ഉദ്യമവുമായി രംഗത്തെത്തിയത്. ഇക്കാര്യം ക്ഷണക്കത്തിലൂടെ അതിഥികളെ അറിയിച്ചു.

ഏപ്രിൽ 13 നാണ് വികാസിന്റെ വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളും കൊണ്ടുവരുന്ന പണം നിക്ഷേപിക്കാൻ വിവാഹവേദിയിൽ ഒരു പെട്ടി സ്ഥാപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇങ്ങനെ ലഭിക്കുന്ന പണം ഏപ്രിൽ 16ന് പുല്‍വാമ രക്തസാക്ഷികളുടെ ഫണ്ടിലേക്കു കൈമാറും. നിലവിൽ കശ്മീരിലെ ശ്രീനഗറിലാണ് വികാസ് സേവനമനുഷ്ഠിക്കുന്നത്. 

വിവാഹത്തിനു സ്ത്രീധനമോ, സമ്മാനങ്ങളോ വാങ്ങുന്നതിനോടു യോജിപ്പില്ലെന്നു വികാസിന്റെ പിതാവ് ഗോപാൽ ഖഡ്ഗാവത്ത് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. ‘‘സമ്മാനങ്ങളോ പണമോ സ്വീകരിക്കേണ്ട എന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ ചില ബന്ധുക്കൾ എത്ര പറഞ്ഞാലും സമ്മാനം കൊണ്ടു വരും, അവരെ അതിൽ നിന്നു തടയാനാകില്ല. ഇതോടെ, ലഭിക്കുന്ന പണം പുൽവാമയിലെ രക്തസാക്ഷികൾക്കുള്ള ഫണ്ടിലേക്കു കൈമാറാൻ തീരുമാനിക്കുകയായിരുന്നു. എന്റെ മകനും ഒരു സിആർപിഎഫുകാരനല്ലേ, അവിടെ മരിച്ചവരുടെ മാതാപിതാക്കളുടെ വേദന എനിക്കു മനസ്സിലാക്കാനാകും’’– ഗോപാൽ‌ പറഞ്ഞു. 

കശ്മീരിലെ പുൽവാമയിൽ ഫെബ്രുവരി 14 നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹനത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഓടിച്ചു കയറ്റിയായിരുന്നു ജയ്ഷെ ഭീകരരുടെ ആക്രമണം.

MORE IN WEDDING
SHOW MORE
FROM ONMANORAMA