രണ്ടാം വിവാഹമാണെങ്കിലും ഞങ്ങളുടെ ആദ്യ വിവാഹമല്ലേ ? ; വൈറല്‍ കുറിപ്പ്

jimmi-john-facebook-post-on-his-second-marriage
കടപ്പാട് :ഫെയ്സ്ബുക്ക്
SHARE

ആദ്യം വിവാഹം പരാജയപ്പെട്ട് രണ്ടാമതൊരു വിവാഹം ചെയ്യുമ്പോള്‍ ‘‘ഓഹ്, രണ്ടാം കെട്ടല്ലേ, അപ്പോപ്പിന്നെ വല്ല്യേ പരിപാടിയൊന്നും വേണ്ടല്ലോ?’’ എന്ന ചോദ്യം നേരിടേണ്ടി വരാം. ആ ചോദ്യത്തെ ഒരു നാട്ടു നടപ്പ് പോലെ കാണുന്ന നിരവധിപ്പേർ സമൂഹത്തിലുണ്ട്. അതുകൊണ്ട് തന്നെ അധികമാരെയും ക്ഷണിക്കാതെ, രഹസ്യമായിട്ട് രണ്ടാം വിവാഹം നടത്തുന്നവരുണ്ട്. 

തനിക്കുണ്ടായ ഇതേ അനുഭവം രസകരമായി പങ്കുവയ്ക്കുകയാണ് ജിമ്മി ജോൺ എന്ന യുവാവ്. ആദ്യ ദാമ്പത്യം തകർന്നപ്പോൾ ജിമ്മിയെ കാത്തിരുന്നത് ചീത്തപ്പേരും ഉപദേശവും. രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങിയപ്പോൾ ‘വല്ല്യ പരിപാടിയൊന്നും വേണ്ടല്ലോ...വെറുതെയെന്തിനാ കാശ് കളയുന്നത്’ എന്നായി ചോദ്യം. ‘രണ്ടുപേരുടെയും രണ്ടാം വിവാഹമാണെങ്കിലും ഞങ്ങൾ തമ്മിലുള്ള ആദ്യ വിവാഹമാണ് എന്ന് അവരൊന്നും ഓർത്തു കാണില്ല’ എന്ന് ജിമ്മി. മാത്രമല്ല റോസ്ബിയെ ജീവിതസഖിയാക്കിയപ്പോൾ ഒന്നിനും ഒരു കുറവും വരുത്തിയുമില്ല. 

തന്റെ ജീവിതത്തിലെ ഈ അനുഭവം ജിഎൻപിസി ഗ്രൂപ്പിലൂടെയാണ് ജിമ്മി പങ്കുവച്ചത്. കുറിപ്പ് വായിക്കാം; 

“ഓഹ്, രണ്ടാം കെട്ടല്ലേ.. അപ്പോപ്പിന്നെ വല്ല്യ പരിപാടിയൊന്നും വേണ്ടല്ലോ.. വെറുതെയെന്തിനാ കാശ് കളയുന്നത്.. അല്ലേ ?”

ആദ്യവിവാഹം എട്ട് നിലയിൽ പൊട്ടി, കേസും കൂട്ടവുമായി നടന്ന്, നാട്ടിൽ മൊത്തം ചീത്തപ്പേരും കേൾപ്പിച്ച്, ‘നീയിങ്ങനെ ഒറ്റത്തടിയായി നടന്നോ, പ്രായമാവുമ്പോൾ പഠിച്ചോളും’ തുടങ്ങിയ സദ്‌വചനങ്ങളും കേട്ട് മടുത്ത്, ‘ആലം ദുനിയാവിൽ എന്നായാലും പെണ്ണെട്ടേണം, അത് ഇന്നന്നായ്ക്കോട്ടെ, അത് ഓളന്നായ്ക്കോട്ടെ’ എന്നുറപ്പിച്ച്, അക്കാര്യമറിയിച്ചപ്പോൾ അടുത്ത കൂട്ടുകാരിൽ ചിലരും ബന്ധുക്കളിൽ പലരും നാട്ടുകാരിൽ മിക്കവരും പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. അവരെ കുറ്റം പറയാൻ പറ്റില്ല. കാര്യം ഞങ്ങളുടെ രണ്ടാളുടെയും രണ്ടാം വിവാഹമാണെങ്കിലും ഞങ്ങൾ തമ്മിലുള്ള ആദ്യവിവാഹമാണെന്ന് അവർ ഓർത്തുകാണില്ല. എന്നാപ്പിന്നെ ഒന്നിനും ഒരു കുറവും വരുത്തേണ്ടന്ന് ഞങ്ങളങ്ങ് തീരുമാനിച്ചു. വേണ്ടപ്പെട്ടവരെയൊക്കെ ക്ഷണിച്ച്, അവരെ സാക്ഷികളാക്കി വരണമാല്യവും മോതിരവും ചാർത്തി.. മൂന്നാംദിവസം പറന്നു, മാലി ദ്വീപിന്റെ വശ്യതയിൽ ‘മധുചന്ദ്രിക’യെ തേടി.....

നന്ദിയുണ്ട്.. ജീവിതം തിരിച്ചുപിടിക്കാനുള്ള ഊർജ്ജത്തിനായി നെരിപ്പോടിൽ തീ പകർന്ന ഞങ്ങളുടെ മുൻ പങ്കാളികളോട്.. കൈത്താങ്ങായി കൂടെ നടന്ന മാതാപിതാക്കളോട്, സഹോദരീസഹോദരന്മാരോട്, എന്തിനും ഏതിനും കട്ടയ്ക്ക് കൂടെ നിൽക്കുന്ന ചങ്കുകളോട്.. നാട്ടിലും മറുനാട്ടിലും കഥകൾ ചൊല്ലിപ്പരത്തുന്ന ‘പാണന്മാരോട്’.. മതമില്ലാത്ത മനുഷ്യനാവാൻ സഹായിച്ച പാതിരിയോട്.. ചൊല്ലിത്തീർക്കാനാവാത്തത്രയും നന്ദി..!!??

MORE IN WEDDING
SHOW MORE
FROM ONMANORAMA