വെഡ്ഡിങ് ഷൂട്ട് ഇങ്ങനാണ് ഭായ്; ഒന്നൂടെ കല്യാണം കഴിച്ചാലോ ?

wedding-photography-kerala-trends
SHARE

സിനിമാക്കൂട്ട്

പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് ചേരുവകളിലെ ഒഴിവാക്കാനാകാത്ത മസാലക്കൂട്ടാണു സിനിമ. അതതുകാലത്തു പുറത്തിറങ്ങുന്ന സിനിമകളിലെ വൈറൽ ആകുന്ന പാട്ടുകളും രംഗങ്ങളും അതേപടി ഫോട്ടോഷൂട്ടിൽ ഉപയോഗിക്കുന്നതാണു ട്രെൻഡ്. മായാനദിയിൽ ടോവിനോയും ഐശ്വര്യ ലക്ഷ്മിയും തമ്മിലുള്ള രംഗങ്ങൾ ഇങ്ങനെ ഏറെ ഷൂട്ടുകളിൽ ഉപയോഗിച്ചിട്ടുള്ള ഒന്നാണ്. നടീനടൻമാരുടെ അതേ കോസ്റ്റ്യൂമിലായിരിക്കും പ്രതിശ്രുത വരനും വധുവും അഭിനയിക്കുക. മായാനദിയിലെ ഒരു ബൈക്ക് രംഗം കസ്റ്റമർക്കായി ഷൂട്ട് ചെയ്യാനായി ഒരു രാത്രി മുഴുവൻ ഇടപ്പള്ളി ദേശീയപാതയിലെ മേൽപ്പാലത്തിൽ ചെലവഴിച്ചതായി വെഡ്ഡിങ് ഫൊട്ടോഗ്രഫി രംഗത്തുള്ള ആൽവിൻ സെബാസ്റ്റ്യൻ മലയാറ്റൂർ പറഞ്ഞു.

ഹൈവേയിലെ വാഹനങ്ങളെല്ലാമൊഴിഞ്ഞ ശേഷം രാത്രി രണ്ടു മണിക്കാണു വരനും വധുവും മായാനദിയിലേപ്പോലെ ബൈക്കിൽ വരുന്ന രംഗം ചിത്രീകരിച്ചത്. കൂടുതൽ കഥാപാത്രങ്ങളുള്ള ചില രംഗങ്ങളിലാകട്ടെ വരന്റെയും വധുവിന്റെയും മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മുഖംകാട്ടുകയും ചെയ്യും. നന്നായി അഭിനയിക്കാനറിയില്ലെങ്കിൽ ഇന്നത്തെക്കാലത്തു കല്യാണം കുളമാകുമെന്ന നിലയിലേക്കാണു കാര്യങ്ങളുടെ പോക്ക്!

wedding-4

പ്രോപ്പർട്ടീസ്

ഫോട്ടോ ഷൂട്ടിലെ സൂപ്പർ സ്റ്റാർ പ്രോപ്പ‍ർട്ടിയാണ് പ്രാവ്. ഫോർട്ട്കൊച്ചിയിലും ഗുരുവായൂരിലും മറ്റും പറന്നുയരുന്ന പ്രാവുകൾക്കിടയിലൂടെയുള്ള ഓട്ടമാണിപ്പോൾ ഫാഷൻ. കത്തിച്ചുവച്ച ചിരാതുകളാണു മറ്റൊരു ഐറ്റം. എണ്ണയൊഴിക്കാനും തിരി കത്തിക്കാനും കാറ്റിൽ കെടാതെ നോക്കാനും പ്രയാസമുള്ളതിനാൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ചൈനീസ് ചിരാതുകളാണു താരം.

പട്ടം, ഹൈഡ്രജൻ ബലൂണുകൾ, ഹോളി ചായപ്പൊടികൾ, മാജിക് ലാന്റേൺ എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. കുതിര, ആന, ഒട്ടകം എന്നിവയാണു മൃഗങ്ങളിൽ താരങ്ങൾ. വിന്റേജ് കാറുകൾക്കും സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും ആരാധകരുണ്ട്. വധൂവരൻമാരുടെ പ്രഫഷൻ അനുസരിച്ചുള്ള തീം ബേസ്ഡ് ഷൂട്ടുമുണ്ട്. ഷട്ടിൽ ബാഡ്മിന്റൻ, ബില്യാഡ്സ്, ചെസ്, ബീച്ച് ഫുട്ബോൾ, വോളിബോൾ എന്നിവ കളിക്കുന്നതായിട്ടും നൃത്തം ചെയ്യുന്ന രംഗങ്ങളും ഷൂട്ടിന് കൊഴുപ്പേകാൻ ഉപയോഗിക്കും. ഏതു തീം ആയാലും മൊത്തത്തിൽ ഒരു ‘ഫൺ മൂഡ്’ വരണമെന്നതായിരിക്കും വധൂവരൻമാരുടെ പ്രധാന ആവശ്യമെന്ന് കൊച്ചി സാം ബേബീസ് ഫൊട്ടോഗ്രഫിയിലെ സാം ബേബി ചൂണ്ടിക്കാട്ടി. 

പാടത്തെ ചെളിയിൽ കിടന്നുരുളൽ, റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം, കടൽത്തീരത്തു തിരകൾക്കിയിലൂടെയുള്ള ഓട്ടം, പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം. ന്യൂജൻ ‘കല്യാണക്കുറി’കളിപ്പോൾ ഇങ്ങനെയാണു ഭായ്. സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടും വിഡിയോകളുമാണിപ്പോൾ വിവാഹാഘോഷത്തിലെ തരംഗം.

സിനിമകളെ വെല്ലുന്ന ദൃശ്യമികവോടെയും ട്വിസ്റ്റും ടേണും ആക്‌ഷനും റൊമാൻസുമെല്ലാം നിറഞ്ഞ ഉഗ്രൻ തിരക്കഥയുടെ അകമ്പടിയോടെയുമാണ് ഒരു മിനിറ്റ് മുതൽ 4 മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന ഈ കുഞ്ഞൻ വിഡിയോകളും ഫോട്ടോകളും ഷൂട്ട് ചെയ്യുന്നത്. വരനും വധുവും അടുപ്പക്കാരും ബന്ധുക്കളുമെല്ലാം ഇതു ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം ഷെയർ ചെയ്യുകയും വാട്സാപ് വഴി കുടുംബ, സൗഹൃദ, പ്രഫഷനൽ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്യും. വിവാഹത്തിനു മാസങ്ങൾക്കു മുമ്പേ ഷൂട്ട് ചെയ്യുന്ന ഇവയിൽ പലതും വൈവിധ്യമാർന്ന ലൊക്കേഷനുകളും ഗ്ലാമർ വേഷവിധാനങ്ങളും മൂലം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നതും ഇപ്പോൾ സാധാരണം. കുറച്ചുനാൾ മുൻപ് അതിരപ്പിള്ളിയിൽ സിനിമാ, ഫാഷൻ ഗ്ലാമർ രംഗങ്ങളെ കവച്ചുവയ്ക്കുന്ന രീതിയിൽ ചെയ്ത ദമ്പതികളുടെ സേവ് ദ് ഡേറ്റ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലായിരുന്നു. 

wedding-2

തറവാട്

പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടിനു യോജിച്ച ഒട്ടേറെ ലൊക്കേഷനുകൾ ഫൊട്ടോഗ്രഫർമാരുടെ ഹിറ്റ് ചാർട്ടിലുണ്ട്. കൊച്ചിയിൽ ഏറ്റവും കൂടുതൽ ഷൂട്ട് നടക്കുന്ന ഒരു സ്ഥലം പുതുവൈപ്പ് ബീച്ചാണ്. അതുകൊണ്ടുതന്നെ ഇന്നെവിടെയാ ഷൂട്ട് എന്ന ഫൊട്ടോഗ്രഫർമാർക്കിടയിലെ ചോദ്യത്തിനു ‘തറവാട്ടിലാ’ എന്നു പറഞ്ഞാൽ വൈപ്പിനിലാണ് എന്നർഥം. 

കുട്ടവഞ്ചിയും പെയിന്റ് അടിച്ചിട്ടുള്ള സാധാരണ വള്ളങ്ങളും പോലുള്ള കിടു പ്രോപ്പർട്ടീസ് അവിടെ വാടകയ്ക്കു കിട്ടും. കുഴുപ്പിള്ളി, കുമ്പളങ്ങി, ചെറായി, മലയാറ്റൂർ, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, കടമക്കുടി എന്നീ സ്ഥലങ്ങൾക്കാണു ജില്ലയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ്. 

ഇടുക്കി ജില്ലയിലെ മൂന്നാറിനും വട്ടവടയ്ക്കും കാന്തല്ലൂരിനും മറയൂരിനും ആലപ്പുഴ ബീച്ചിനും മാരാരിക്കുളത്തിനും കോട്ടയം കുമരകത്തിനും തൃശൂരിലെ അതിരപ്പിള്ളിക്കും കോൾപാടങ്ങൾക്കും പൂരങ്ങൾക്കും ഹോട്ട് സ്പോട് എന്ന ടാഗുണ്ട്. 

പാലക്കാട് വരിക്കാശേരി മന, കാസർകോട് ബേക്കൽ ഫോർട്ട്, കമ്പം, തേനി റൂട്ടിലെ മുന്തിരിത്തോട്ടങ്ങൾ, മൈസൂരു കൊട്ടാരം, പൊള്ളാച്ചിയിലെയും ഉദുമൽപേട്ടയിലെയും പച്ചക്കറി തോട്ടങ്ങൾ, ഗൂഡല്ലൂരിലെ സൂര്യകാന്തിത്തോട്ടം, പൊള്ളാച്ചി റോഡിലെ കാറ്റാടിയന്ത്രങ്ങൾ എന്നിവയും ഹിറ്റ് ലൊക്കേഷനുകളാണ്. 

പെരുവംമൂഴിയിലെ ഇഷ്ടികക്കളങ്ങളും പിറവം പാഴൂരിലെ ഗ്രാമീണഭംഗിയും തട്ടേക്കാട്, ഭൂതത്താൻകെട്ട് വിനോദസഞ്ചാരകേന്ദ്രങ്ങളും വ്യത്യസ്തതയ്ക്കു വേണ്ടി എറണാകുളം ജില്ലയിൽ ഫൊട്ടോഗ്രഫർമാർ തേടിപ്പോകുന്ന സ്ഥലങ്ങളാണ്. 

സർപ്രൈസ്

പ്രതിസുത വരനു സർപ്രൈസ് നൽകാൻ വധുവും വധുവിന് സർപ്രൈസ് നൽകാൻ വരനും പലപ്പോഴും പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് ഉപയോഗിക്കുന്ന പതിവുമുണ്ട്. ഇതു പലപ്പോഴും മാസ് ഒറിജിനാലിറ്റിയുള്ള രംഗങ്ങൾ ഷൂട്ട് ചെയ്യാൻ ഫൊട്ടോഗ്രഫർമാർക്ക് അവസരം നൽകും. ഇത്തരം രംഗങ്ങളിൽ ഇരുവരും പ്രൊപ്പോസ് ചെയ്യുന്നതു പലപ്പോഴും രഹസ്യമായി വച്ചിട്ടുള്ള ക്യാമറകൾക്കു മുന്നിലായിരിക്കും.

സേവ് ദ് ഡേറ്റ് ഷൂട്ടിന്റെ തലേ രാത്രിയാണു വരൻ ഫൊട്ടോഗ്രഫറെ വിളിച്ച്, ‘‘ബ്രോ ഞാൻ നാളെ അവൾക്കൊരു റിങ് കൊടുക്കുന്നുണ്ട്. പ്രൊപ്പോസൽ ആണ്. സർപ്രൈസ് ആക്കാനെന്തെങ്കിലും ഐഡിയ ഉണ്ടോ’’ എന്നു ചോദിക്കുന്നത്. സംഭവം ജോറാക്കാൻ തലപുകയ്ക്കുകയായിരുന്ന ഫൊട്ടോഗ്രഫറുടെയുള്ളിൽ ലഡു പൊട്ടി. കുഴുപ്പിള്ളി ബീച്ചിലേക്കു വധുവിനെക്കൂട്ടി വരാൻ വരനോട് ആവശ്യപ്പെട്ടു.

ഷൂട്ടിന്റെ കാര്യം പറയരുതെന്നും ആവശ്യപ്പെട്ടു. ഷൂട്ട് ടീം മണിക്കൂറുകൾക്കു മുന്നേ രഹസ്യകേന്ദ്രങ്ങളിൽ തയാർ. ഇരുവരും ബീച്ചിൽ മുൻപേ നിശ്ചയിച്ച സ്ഥലങ്ങളിൽ വന്നിരുന്നു സംസാരം തുടങ്ങുന്നു. പ്രൊപ്പോസൽ റിങ് അടക്കം ചെയ്ത ഒരു ബോക്സ് ആകാശത്തുനിന്ന് അപ്രതീക്ഷിതമായി ഡ്രോൺ വഴി ഇരുവരുടെയും മുന്നിലേക്ക് കിറുകൃത്യമായി ഇറക്കുന്നു. വധു ഞെട്ടുന്നു. വരൻ രാഗലോലുപനായി മുട്ടുകാലിൽ നിന്നു വിവാഹാഭ്യർഥന നടത്തുന്നു. ഇതെല്ലാം തികച്ചും നാച്വറലായി ക്യാമറയിൽ പകർത്തുന്നു. ഡ്രോണിന്റെ വരവും മറ്റും രണ്ടാമതൊരു ഡ്രോൺ ഉപയോഗിച്ചു ആകാശത്തുനിന്നേ ഷൂട്ട് ചെയ്യുന്നുമുണ്ട്. കിടിലൻ പ്രീ വെഡ്ഡിങ് വിഡിയോ അങ്ങനെ ഇരുവർക്കും സ്വന്തം. 

wedding-3

ലൈവ് ഫോട്ടോ

പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടുകളിലെ പുതിയ താരമാണ് ‘ലൈവ് ഗ്രൂപ്പ്’. വരനും വധുവും അഡ്മിൻമാരായി ഫൊട്ടോഗ്രഫർ വാട്സാപ്പ് ഗ്രൂപ്പ് (ഉദാ: Live Ajith and Salini) രൂപീകരിക്കും. അവർ ഇരുവരും ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ഈ ഗ്രൂപ്പിലേക്ക് ആഡ് ചെയ്യും. തുടർന്ന് സേവ് ദ് ഡേറ്റ് മുതൽ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് വരെയുള്ള ഫോട്ടോഷൂട്ടുകളുടെ പ്രധാനചിത്രങ്ങളെല്ലാം ഗ്രൂപ്പിലേക്കു ഫൊട്ടോഗ്രഫർ ഇട്ടുകൊണ്ടിരിക്കും. ക്യാമറയിൽ നിന്ന് മൊബൈലിലേക്ക് വൈഫൈ ആയി അപ്പപ്പോൾ ചിത്രങ്ങൾ അയയ്ക്കുകയാണു ചെയ്യുന്നത്. ചിത്രങ്ങളെല്ലാം അപ്പപ്പോൾ കാണാനും കല്യാണ വിവരങ്ങൾ അറിയാനും അഭിപ്രായങ്ങൾ പറയാനും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാനും അടുപ്പക്കാർക്കെല്ലാം സാധിക്കുമെന്നതിനാൽ ലൈവ് ഗ്രൂപ്പുകൾക്കിപ്പോൾ വലിയ ഡിമാൻഡ് ആണ്. വിവാഹ നിശ്ചയവും കല്യാണവും മാത്രം ഷൂട്ട് ചെയ്തിരുന്ന പഴയ രീതി മാറി സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിങ്, മെഹന്ദി, ഹാൽദി, വിവാഹ നിശ്ചയം, വിവാഹം, ടീസർ, പോസ്റ്റ് വെഡ്ഡിങ്, ആഘോഷ ഷൂട്ടുകൾ കഴിയുന്നതേയില്ല.

ലൗ സീൻ

ഒരു എട്ടോ പത്തോ വർഷം മുൻപു വരെ വിവാഹ ശേഷമുള്ള ആൽബം ഷൂട്ടിങ് ആയിരുന്നു കല്യാണ വിഡിയോ, ഫൊട്ടോഗ്രഫിയിലെ ഏറ്റവും വെറൈറ്റി രംഗം.  ലൗ സീൻ പിടിക്കുക, റൊമാൻസ് എടുക്കുക എന്നതായിരുന്നു നാടൻ ഭാഷയിൽ ഈ ഷൂട്ടിനു പേര്. പാടവരമ്പത്തോ പാർക്കിലോ പുഴയിറമ്പിലോ മറ്റോ പോയി പഴയകാല സിനിമകളിലെ നസീറും ഷീലയും ആയി അഭിനയിക്കുകയായിരുന്നു പ്രധാനം. കനത്ത മസിലുപിടിത്തവും കോട്ടും സ്യൂട്ടുമിട്ടുള്ള വേഷം കെട്ടലുമൊക്കെയായിരുന്നു ഹൈലൈറ്റ്. വധുവിന്റെ തോളിലൂടെ കൈയിട്ടൊന്നു ചേർത്തുപിടിച്ചേ എന്നു ക്യാമറാച്ചേട്ടൻ പറഞ്ഞപ്പോൾ ഇരുവർക്കുമുണ്ടായ നാണം കണ്ടു ക്യാമറ അടിച്ചുപോയ സംഭവം വരെയുണ്ടായിട്ടുണ്ട്! അതൊക്കെയെവിടെ, കല്യാണത്തിനു മുന്നേ ജാങ്കോ, ഗ്ലാമർ ഫോട്ടോ ഷൂട്ടിലേർപ്പെടുന്ന പുതിയ തലമുറയെവിടെ. അപ്പോ, ഒന്നൂടെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നു തോന്നുന്നോ??

∙ചിത്രങ്ങൾക്ക് കടപ്പാട്: 

ആൽവിൻ സെബാസ്റ്റ്യൻ മലയാറ്റൂർ.

MORE IN WEDDING
SHOW MORE
FROM ONMANORAMA