ADVERTISEMENT

‘വിവാഹം കഴിച്ചോളൂ, സമ്മാനമായി സർക്കാർ പണം തരും’. ജപ്പാനിലെ സർക്കാരാണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ജനനിരക്കിലെ കുറവ് വലിയ സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. 60,000 യെൻ (ഇന്ത്യൻ രൂപയിൽ ഏകദേശം 4.15 ലക്ഷം) ആണ് നിശ്ചയിച്ചിരിക്കുന്ന തുക. അടുത്തവർഷം ഏപ്രില്‍ മുതലാണ് പ്രാബല്യത്തിൽ വരിക.

നവദമ്പതികൾക്ക് വീട് വാടകയ്ക്ക് എടുക്കുന്നതിനും മറ്റു ചെലവുകൾക്കുമായി ഈ തുക ഉപയോഗിക്കാം. കേന്ദ്രസർക്കാരിന്റെ സഹകരണത്തോടെ മുൻസിപ്പാലിറ്റികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവാഹം റജിസ്റ്റർ ചെയ്യുമ്പോൾ വധൂവരന്മാരുടെ പ്രായം 40 വയസ്സിൽ കൂടരുത്. മാത്രമല്ല രണ്ടുപേർക്കും കൂടിയുള്ള വാർഷിക വരുമാനം 5.4 മില്യൻ യെന്നിൽ (ഏകദേശം 38 ലക്ഷം രൂപ) താഴെ ആയിരിക്കണം എന്നും നിബന്ധനയുണ്ട്. 

2019 ലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സർക്കാർ വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തുന്നത്. നിലവിൽ 34 വയസ്സിൽ താഴെ പ്രായമുള്ള, 4.8 മില്യൻ യെന്നില്‍ താഴെ വരുമാനമുള്ളവർ വിവാഹതിരാകുമ്പോൾ 30,000 യെൻ സർക്കാർ നല്‍കുന്നുണ്ട്. എന്നാൽ ഇതുകൊണ്ട് പ്രതീക്ഷിച്ച രീതിയിലുള്ള പ്രയോജനം ലഭിക്കാത്ത പശ്ചാത്തലത്തിലാണ് പ്രായവും തുകയും ഉയർത്തി പദ്ധതി കൂടുതൽ ആകർഷകമാക്കുന്നത്.

സാമ്പത്തിക പ്രതിസന്ധികളാണ് യുവാക്കളെ വിവാഹ ജീവിതത്തിൽനിന്നും അകറ്റുന്നതെന്ന് 2015 ലെ സർവേയിൽ വ്യക്തമായിരുന്നു. ജപ്പാനിലെ ഉയർന്ന ജീവിത ചെലവ് കുടുംബജീവിതത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതിനാല്‍ സാമ്പത്തിക ഭദ്രത കൈവരിച്ചശേഷം വിവാഹിതരാകാമെന്ന ചിന്തയാണ് പലർക്കുമുള്ളത്. എന്നാൽ ഇത് പലപ്പോഴും ലക്ഷ്യത്തിലെത്തുന്നില്ല. ഇവരെയെല്ലാം വിവാഹജീവിതത്തിലേക്ക് നയിക്കാൻ പദ്ധതിയുടെ വിപുലീകരണം സഹായിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

English Summary : Japanese government to start giving newlywed couples a wedding gift of 600,000 yen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com