ADVERTISEMENT

നമ്മുടെയെല്ലാം പല പദ്ധതികളെയും അട്ടിമറിച്ച് കൊണ്ടാണ് കോവിഡ് മഹാമാരി 2019ല്‍ ലോകത്ത് അവതരിക്കുന്നത്. ആളും ആരവവുമൊക്കെയായി നാം ആഘോഷിച്ചിരുന്ന വിവാഹം പോലുള്ള ചടങ്ങുകളെല്ലാം കോവിഡിൽ പ്രതിസന്ധിയിലായി. വിവാഹം തന്നെ അനിശ്ചിത കാലത്തേക്ക് നീട്ടി വയ്‌ക്കേണ്ടി വന്നവര്‍ നിരവധി. എന്നാല്‍ ചിലരാകട്ടെ കോവിഡ് മുന്‍കരുതലുകള്‍ പാലിച്ച് വിവാഹം കഴിക്കാന്‍ വ്യത്യസ്തമായ വഴികള്‍ തേടി. പിപിഇ കിറ്റണിഞ്ഞുള്ള വിവാഹവും വിഡിയോ കോള്‍ വഴിയുള്ള വിവാഹവുമെല്ലാം ഇതിനകം വാര്‍ത്തകളില്‍ ഇടം നേടി. 

ഇത്തരത്തില്‍ വ്യത്യസ്തമായ മറ്റൊരു വിവാഹ വിഡിയോ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ബീഹാറിലെ ബെഗുസരായിയില്‍ നടന്ന ഈ വിവാഹത്തെ വ്യത്യസ്തമാക്കിയത് വധൂവരന്മാര്‍ വരണമാല്യം ചാര്‍ത്തിയ രീതിയാണ്. സാമൂഹിക അകലം പാലിക്കുന്നതിനായി അകലെ നിന്നു കൊണ്ട് മുളങ്കമ്പുകള്‍ ഉപയോഗിച്ചാണ് മാസ്‌കും ഫേസ്ഷീല്‍ഡും അണിഞ്ഞ വധൂവരന്മാര്‍ പരസ്പരം മാല ചാര്‍ത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ വധൂവരന്മാര്‍ ഏതറ്റം വരെയൊക്കെ പോകാമെന്നതിന്റെ ഉദാഹരണമായി ഈ വൈറല്‍ വിവാഹം. 

ഛത്തീസ്ഗഢിലെ അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ദിപാന്‍ഷു കബ്ര ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. വ്യത്യസ്തമായ വരണമാല്യം ചാര്‍ത്തല്‍ പലരെയും രസിപ്പിച്ചെങ്കിലും ഇതിനെതിരെ വിമര്‍ശനവും സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നു. എന്തിനാണ് വിവാഹത്തിനായി ഇത്ര തിടുക്കമെന്നും നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് കുറച്ച് കാലത്തേക്ക് മാറ്റിവയ്ക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും ചിലര്‍ കമന്റിട്ടു. എന്നാല്‍ 50ല്‍ താഴെ പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ച മുന്‍കരുതലുകള്‍ എല്ലാം പാലിച്ചെന്നും വധൂവരന്മാരുടെ കുടുംബക്കാര്‍ പറയുന്നു. 

English Summary : Bride and Groom using bamboo sticks to exchange their wedding garlands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com