ADVERTISEMENT

എസി ഹാളും കൺവെൻഷൻ സെന്ററും വേണ്ട, ആയിരം പേർക്ക് സദ്യയോ വിഭവ സമൃദ്ധ വിരുന്നോ വേണ്ട, അലങ്കാരങ്ങൾ വേണ്ട.... അതിനാൽ വിവാഹത്തിനു ചെലവു കുറഞ്ഞെന്നു കരുതുന്നുണ്ടെങ്കിൽ തെറ്റാം. വെറും 60 മുതൽ 100 പേർ വരെ മാത്രം പങ്കെടുക്കുന്ന ഹൈ എൻഡ് വിവാഹങ്ങൾക്കു പ്രിയമേറുന്നു. അതിനു ചെലവും കൂടും.

വിദേശങ്ങളിൽ നടക്കുന്ന വിവാഹങ്ങളെ അനുകരിച്ചാണ് കേരളത്തിലും അത്തരം ആഡംബര വിവാഹങ്ങൾ എത്തിയത്. കോവിഡ് കാലത്ത് പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ വൻ നിയന്ത്രണവും ഇത്തരം രീതിയുടെ പ്രചാരം വർധിപ്പിച്ചു. വിദേശത്തും മറ്റും 30,40,70 എന്നിങ്ങനെയുള്ളവരുടെ ഗ്രൂപ്പാണ് വിവാഹങ്ങളിൽ പങ്കെടുക്കുന്നത്. ഓരോ അതിഥിയേയും പ്രത്യേകം ശ്രദ്ധിക്കാം. ഒരു മേശയിൽ നാലോ ആറോ പേരെ മാത്രം ഇരുത്തി ഓരോർത്തർക്കുമായി ഭക്ഷണം വിളമ്പാം. മടങ്ങുമ്പോൾ എല്ലാവർക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകാം. മനോഹരമായ വെഡ്ഡിംഗ് മറക്കാനാവാത്ത അനുഭവമായി മാറുന്നു.

വിവാഹം ഒരു ചടങ്ങിനു പകരം മൂന്നോ നാലോ ദിവസത്തെ ചടങ്ങുകളായി മാറുന്നതാണു ട്രെൻഡ്. വധുവിന് മെഹന്ദി, വിവാഹം, റിസപ്ഷൻ. വരന് സംഗീത്, വിവാഹം, റിസപ്ഷൻ. ഇരു കൂട്ടരും കോക്ടെയ്ൽ പാർട്ടികൾ ഇതിനൊപ്പമോ വേറെയോ നടത്തുകയും ചെയ്യും. പങ്കെടുക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും ചെലവിൽ കുറവു വരുന്നില്ലെന്നതു ശ്രദ്ധിക്കുക.

വിവാഹ ക്ഷണക്കത്ത് തന്നെ ചെറിയ പെട്ടിയിൽ മധുരപലഹാരങ്ങളും സുഗന്ധദ്രവ്യങ്ങളും ചേർത്തു വച്ചിട്ടാകാം. ഓൺലൈനായി ക്ഷണിക്കുന്നവർക്കു പുറമേ പ്രമുഖർക്ക് നേരിട്ടു തന്നെ ക്ഷണക്കത്ത് ഇത്തരത്തിൽ എത്തിക്കും.

വസ്ത്രങ്ങൾ ലക്ഷങ്ങളുടെ കാ‍ഞ്ചീപുരം പട്ടു സാരി മാത്രം ആകണമെന്നില്ല. ഡിസൈനർ ഡ്രസോ, ലാച്ചയോ പാർട്ടി ഗൗണോ ആകാം. സബ്യസാചി, തരുൺ തഹിലിയാനി...ലക്ഷങ്ങൾ വിലപിടിപ്പുള്ള ഡിസൈനർമാരുടേത്. എത്ര ലക്ഷം വേണമെങ്കിലും ഡിസൈനറുടെ മനോധർമ്മം പോലെ വിലയിടാം.

കലാപരിപാടികൾ വിവാഹ ആഘോഷങ്ങളുടെ ഭാഗമാണ്. സംഗീത ബാൻഡുകൾക്കാണ് ഡിമാൻഡ്. തൈക്കൂടം, ഓർഫിയോ, മസാല കോഫി, സ്റ്റീഫൻ ദേവസി, ഗൗരിലക്ഷ്മി... വിവാഹ ആഘോഷങ്ങളിലെ സംഗീത താരങ്ങളാണിവർ.

ഓരോ ടേബിളിലും നാലോ ആറോ പേരെ ഇരുത്തിയാണു വിരുന്ന്. 100 പേർ അതിഥികളെങ്കിൽ 20–25 മേശകളും ഓരോ മേശയ്ക്കും രണ്ട് വിളമ്പുകാരും കാണും. വിവിധ കോഴ്സുകളായി വരുന്ന വിശിഷ്ട വിഭവങ്ങൾ അതിഥികൾക്ക് എത്തിക്കാൻ അത്രയും പേർ വേണം. ഇതു സർവാണി സദ്യ അല്ലെന്ന് ഓർക്കുക. ബുഫെയുമല്ല. വിഭവങ്ങൾ സൂപ്പും ആപ്പിറ്റൈസറും മെയിൻ കോഴ്സും ഡെസേർട്ടുമെല്ലാം ചേർന്നതാണ്. അതിൽ കൊറിയൻ പോർക്ക് ബൗളും ജാപ്പനീസ് സുഷിയും മറ്റും കണ്ടേക്കും.

ചിലപ്പോൾ ചെറിയ 10 പ്ളേറ്റുകളിൽ 10 കോഴ്സുകളായി വിരുന്ന് 2 മണിക്കൂർ നീളാം. ഓരോ വിഭവവും ചെറുതായിരിക്കും. ചിക്കൻ ടിക്ക എന്നാൽ ഒരു പീസ് മാത്രം. കൊഞ്ച് വിന്താലൂ എന്നാൽ 2 കൊഞ്ച്...അങ്ങനെ വിഭവങ്ങൾ നിരക്കുമ്പോൾ പലരും 7,8 പ്ളേറ്റുകൾ കഴിയുമ്പോൾ വയർ നിറഞ്ഞ് മതിയാക്കും. ചിലത് ഒഴിവാക്കി പത്താം വിഭവം വരെ എത്തുന്നവരുമുണ്ട്.

ഇത്തരം വിവാഹങ്ങളുടെ അലങ്കാരം മനോഹരമായിരിക്കും. വേദി കൺവെൻഷൻ സെന്ററോ, ഫൈവ് സ്റ്റാർ ഹോട്ടലോ, റിസോർട്ടോ, വീടിനോടു ചേർന്ന പറമ്പോ ആകാം. പറമ്പിലെങ്കിൽ മനോഹരമായി പന്തലിടും. സുതാര്യമായ പന്തൽ ട്രെൻഡാണ്. വധു ആഭരണങ്ങൾ വലിച്ചുവാരി ഇടുന്നില്ല. ഡയമണ്ട് നെക്‌ലെസും വൈരക്കമ്മലുമായി മാത്രം ഒരുങ്ങുന്നവരുണ്ട്. 

അതിഥികൾക്ക് സമ്മാനം കൂടി കൊടുക്കുന്നു. ചെറിയ ചട്ടിയിലെ ചെടിയോ, കോഫി മഗ്ഗോ,ആമാട പെട്ടിയോ ആകാം. ഇത്തരം വിവാഹങ്ങൾ ഉത്തരേന്ത്യക്കാർ കേരളത്തിൽ വന്ന് വ്യാപകമായി നടത്തുന്നുണ്ട്. ജനുവരി മുതൽ ഏപ്രിലിൽ ലോക്ഡൗണിനു മുമ്പു വരെ കൊച്ചിയിലെ പ്രമുഖ കൺവെൻഷൻ സെന്ററിൽ ഇത്തരം ഇരുപതോളം വിവാഹങ്ങൾ നടന്നിട്ടുണ്ട്. മറ്റു ഹോട്ടലുകളിലും കൺവെൻഷൻ കേന്ദ്രങ്ങളിലും മാത്രമല്ല കുമരകത്തും കോവളത്തുമെല്ലാം നടക്കുന്നുണ്ട്. അതിഥികളുടെ എണ്ണംകുറവായതിനാൽ പ്രോട്ടോക്കോൾ അനുസരിച്ചും അകലം പാലിച്ചും നടത്താം. പക്ഷേ 20 പേർ പോരാ. 50–100 പേരെങ്കിലും വിവാഹത്തിൽ പങ്കുകൊള്ളാൻ ഉണ്ടാവണം. ഇവയെല്ലാം മനോഹരമായി കോർത്തിണക്കി നടത്താൻ ഈവന്റ് മാനേജ്മെന്റ് ഏജൻസികൾ നിരവധിയുണ്ട്.

ചെലവ് വേറൊരു തരത്തിലാണ്. ഭക്ഷണം ഓരോ ആൾക്കും 1500–2000 രൂപയാകാം. 2000 രൂപയെങ്കിൽ 100 പേർക്ക് 2 ലക്ഷം രൂപ. അലങ്കാരം 2 ലക്ഷം മുതൽ 25 ലക്ഷം വരെയാകാം. സമ്മാനങ്ങൾ വിലപിടിപ്പുള്ളതാകാം. വിനോദ പരിപാടിക്ക് 3–5 ലക്ഷം ചെലവുണ്ട്. ചുരുക്കത്തിൽ അതിഥികളെ എണ്ണം കുറച്ച് വിവാഹത്തെ മനോഹരമായ അനുഭവമാക്കി മാറ്റുകയാണ് കോവിഡ് കാലം.

English Summary : High-end weddings get popular in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com