‘വധുവിന് സ്വർണം ഇടാതെ വരാമായിരുന്നില്ലേ ? ഇതു ശ്രദ്ധ നേടാനുള്ള ശ്രമം’; വിമർശകരോട് വരനു പറയാനുള്ളത്

HIGHLIGHTS
  • സമൂഹത്തിന് നല്ലൊരു സന്ദേശം നൽകണമെന്നാണു കരുതിയത്
  • വാർത്തയാക്കാൻ വേണ്ടി ചെയ്തതല്ല
groom-returned-brides-gold-and-here-is-the-reason
SHARE

സത്രീധനത്തിന്റെയും ഗാർഹിക പീഡനത്തിന്റെയും പേരിൽ ദുരിതം അനുഭവിക്കുന്ന, ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ കഥകൾ തുടർച്ചയായി പുറത്തു വരികയാണ്. ഇവിടെയാണ് ആലപ്പുഴ നൂറനാട് സ്വദേശി സതീഷ് സത്യന്റെയും ശ്രുതിയുടെയും വിവാഹം മാതൃകയാകുന്നത്. വധുവിന് വീട്ടുകാർ നൽകിയ സ്വർണത്തിൽനിന്ന് ഒരു തരിപോലും വേണ്ട എന്നു തീരുമാനിച്ച വരൻ എല്ലാം തിരികെ ഏൽപ്പിച്ചു. ഇത് വാർത്തയായതോടെ പല തരത്തിലുള്ള പ്രതികരണങ്ങളും ഉയർന്നു.എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സതീഷ് മനോരമ ന്യൂസ് ഡോട് കോമിനോട് തുറന്നു പറയുന്നു.

‘‘സ്ത്രീധനം വാങ്ങാതെയാകണം വിവാഹം എന്നത് എന്റെ തീരുമാനമായിരുന്നു. നേരത്തേ തന്നെ പെൺകുട്ടിയുടെ വീട്ടുകാരോട് ഇക്കാര്യം പറഞ്ഞിരുന്നു. ആഭരണങ്ങളൊന്നും അണിയാതെ വധുവിന് വന്നാൽ പോരായിരുന്നോ, വിവാഹവേദിയിൽവച്ച് തിരികെ നൽകിയത് ശ്രദ്ധ നേടാനല്ലേ എന്നൊക്കെ ഇപ്പോൾ പലരും ചോദിക്കുന്നുണ്ട്. അങ്ങനെ വധു വന്നിരുന്നെങ്കിൽ അതൊരു സാധാരണ സംഭവം മാത്രമാകും എന്നാണ് അവരോട് പറയാനുള്ളത്. വിവാഹ വേദിയിൽ‌ വച്ച് അത് തിരികെ നൽകുന്നതിലൂടെ സമൂഹത്തിന് നല്ലൊരു സന്ദേശം നൽകണമെന്നാണു കരുതിയത്. വാർത്തയാക്കാൻ വേണ്ടിയൊന്നും ചെയ്തതല്ല. ഞാന്‍ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള ആളാണ്. നാദസ്വര കലാകാരനാണ്. കോവിഡ് മൂലം ഉപജീവനമാർഗം മുടങ്ങിയിരിക്കുന്ന സാഹചര്യം. ഇപ്പോൾ ചെയ്തതിലൂടെ കുറച്ച് പേർക്കെങ്കിലും മാറ്റം വന്നാൽ നല്ലതെന്നു മാത്രമാണ് ചിന്തിച്ചത്’’– സതീഷ് പറഞ്ഞു.

‘വിവാഹം ഉറപ്പിച്ചപ്പോൾത്തന്നെ, സ്ത്രീധനത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് സതീഷും വീട്ടുകാരും ഇങ്ങോട്ടു പറയുകയായിരുന്നു. അതിന്റെ പേരിൽ വെറുതേ കടങ്ങളും ബാധ്യതയും വരുത്തേണ്ട എന്നാണ് സതീഷ് പറഞ്ഞത്. ഞങ്ങളുടെ മകൾക്കും ആഭരണങ്ങളോട് വലിയ ഭ്രമമില്ല. എന്നാലും കരുതിവച്ചത് അവൾക്ക് ഇട്ടുകൊടുത്തു. അതാണ് അവർ തിരികെ നൽകിയത്. ഞങ്ങൾക്കും ഒരു മകനുണ്ട്. സ്ത്രീധന പീഡനത്തിന്റെ പേരിലുള്ള വാർത്തകള്‍ കേട്ട് ഏറെ വേദനിക്കുന്ന അമ്മയാണ് ഞാൻ. ഞാൻ ഒരിക്കലും സ്ത്രീധനത്തെ അനുകൂലിക്കില്ല. ആഗ്രഹിച്ചതു പോലെ ഒരു മരുമകനെ ഞങ്ങൾക്ക് കിട്ടി. സന്തോഷം’– ശ്രുതിയുടെ അമ്മ ഷീലയുടെ വാക്കുകൾ.

ജൂലൈ 15ന് നൂറനാട് പണയിൽ ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു സതീഷ് സത്യനും ശ്രുതിരാജും വിവാഹിതരായത്. വിവാഹശേഷം സമ്മാനമായി നൽകിയ 50 പവൻ‌ സ്വർണം സതീഷ് എസ്എൻഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തിൽ വധുവിന്റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു.

English Summary : Groom returned gold ornaments of the bride to her family to give a message to society

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA