പ്രതീക്ഷ തെറ്റിച്ച് ആലിയ; വിവാഹത്തിന് സബ്യസാചി സാരി: പ്രത്യേകതകൾ ഇങ്ങനെ

Mail This Article
താരസുന്ദരി ആലിയ ഭട്ട് തന്റെ വിവാഹത്തിന് ചുവപ്പ് ലെഹംഗ ധരിക്കും എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ഭട്ട്, കപൂർ കുടുംബങ്ങൾ പാരമ്പര്യത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ് എന്നതായിരുന്നു ഇതിനു പ്രധാന കാരണം. വിവാഹവസ്ത്രം ഒരുക്കുന്നത് സബ്യസാചിയാണ് എന്നതും ഈ പ്രതീക്ഷ ഉയർത്തി. ചുവപ്പ് വെഡ്ഡിങ് ലെഹംഗകളാണ് താരസുന്ദരിമാരുടെ വിവാഹത്തിന് സബ്യസാചി ഒരുക്കിയവയിൽ കൂടുതലും. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് ഐവറി ഓർഗൻസ സാരിയിലാണ് ആലിയ നവവധുവായി ഒരുങ്ങിയത്.

ഹാന്റ് ഡൈയിങ്ങിലൂടെയാണ് സാരിക്ക് നിറം നൽകിയത്. ഗോൾഡൻ എംബ്രോയ്ഡറിയാണഅ സാരിയുടെ മുഖ്യ ആകർഷണം. ചിത്രശലഭം, ചെടികൾ, പൂക്കൾ എന്നീ ഡിസൈനുകളാണ് സാരിയിലും ബ്ലൗസിലും നൽകിയിരിക്കുന്നത്. കൈകൊണ്ട് നെയ്തെടുത്ത ടിഷ്യൂ വെയ്ൽ പെയർ ചെയ്തിട്ടുണ്ട്. സബ്യസാചി ഹെറിട്ടേജ് ജ്വല്ലറിയിൽ നിന്നുള്ള ആഭരണങ്ങളാണ് ആക്സസറീസ്. അൺകട്ട് ഡയമണ്ടും മുത്തുകളും ഈ ആഭരണങ്ങളെ സവിശേഷമാക്കുന്നു. മോഡേൺ–മിനിമലിസ്റ്റിക് ലുക്ക് ആലിയയ്ക്ക് ലഭിക്കുന്നു.
എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്ന ഐവറി സിൽക്ക് ഷെർവാണിയാണ് രൺബീർ ധരിച്ചത്. സബ്യസാചി അൺകട്ട് ഡയമണ്ട് ബട്ടണുകള്‍ ആണ് ഇതിന്റെ പ്രധാന ആകർഷണം. സിൽക്ക് ഓർഗൻസ സഫ, സറി മറോറി എംബ്രോയ്ഡറിയുള്ള ഷാൾ എന്നിവയും രൺബീറിന്റെ ലുക്കിന് ഗാംഭീര്യമേകി. ഏഴു ലെയറുകളുള്ള പേൾ നെക്‌ലേസ് ആക്സസറൈസ് ചെയ്തിരുന്നു.
എമി പട്ടേലാണ് വധൂവരന്മാരെ സ്റ്റൈൽ ചെയ്തത്. പുനീത് സൈനിയാണ് മേക്കപ്.
ഏപ്രിൽ 14ന് രൺബീറിന്റെ മുംബൈയിലെ വസതിയിൽവച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണം. അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
English Summary : Details of Alia Bhatt-Ranbir Kapoor wedding dress