രണ്ടു പേരും വ്യത്യസ്ത മതവിശ്വാസം പിന്തുടരുന്നവർ ആയതുകൊണ്ടാണ് റജിസ്റ്റർ വിവാഹം ചെയ്തതെന്നു നടൻ റെയ്ജൻ രാജൻ. വിവാഹവുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങൾ ഉയർന്നുവന്നെങ്കിലും റജിസ്റ്റർ ചെയ്യാൻ ഇരുവരും തീരുമാനിക്കുകയായിരുന്നുവെന്ന് വിവാഹശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ റെയ്ജൻ വ്യക്തമാക്കി.
കോഴിക്കോട് സ്വദേശി ശിൽപ ജയരാജ് ആണ് റെയ്ജന്റെ വധു. ഇരുവരും സുഹൃത്തുക്കളായിരുന്നു. ‘‘ഞങ്ങളുടേത് ഹിന്ദു–ക്രിസ്ത്യൻ വിവാഹമാണ്. പലരും പല അഭിപ്രായങ്ങളും പറഞ്ഞു. ഞങ്ങൾ അങ്ങോട്ടും മാറുന്നില്ല, ഇങ്ങോട്ടും മാറുന്നില്ല. റജിസ്റ്റർ ചെയ്യാം. അതാണ് ഞങ്ങൾക്ക് ഇഷ്ടം. അത് ആദ്യമേ പരസ്പരം പറഞ്ഞിരുന്നു. അങ്ങോട്ട് മാറാം, ഇങ്ങോട്ട് മാറം. അവിടെ നടത്താം. ഇവിടെ നടത്താം എന്നിങ്ങനെ പലർക്കും പല അഭിപ്രായം ഉണ്ടായിരുന്നു. അതൊന്നും വേണ്ട, ഓരോരുത്തരും അവരുടെ വിശ്വാസത്തിൽ നിൽക്കട്ടെ. അതുകൊണ്ട് ഞങ്ങൾ റജിസ്റ്റർ ചെയ്തു’’– റെയ്‍ജൻ പറഞ്ഞു. വിവാഹഷശേഷം തൃശൂരിലെ ഹോട്ടലിൽ സത്കാരം സംഘടിപ്പിച്ചു. ടെലിവിഷൻ രംഗത്തെ റെയ്ജന്റെ സഹപ്രവർത്തകർ ഉൾപ്പടെ പങ്കെടുത്തിരുന്നു.
ഓഗസ്റ്റ് 26ന് തൃശൂരിലെ സബ് റജിസ്റ്റാർ ഓഫിസിലായിരുന്നു ഇവരുടെ വിവാഹം. അപ്രതീക്ഷിതമായി തേടിയെത്തിയ റെയ്ജന്റെ വിവാഹവാർത്ത ആരാധകരെ അമ്പരപ്പിച്ചിരുന്നു.
മോഡലിങ്ങിലൂടെയാണ് റെയ്ജൻ കരിയർ തുടങ്ങുന്നത്. മകൾ സീരിയലിലൂടെ മിനിസ്ക്രീനിലെത്തി. ശേഷം ഒരു ഇടവേളയെടുത്ത് റെയ്ജൻ ആത്മസഖിയിലൂടെ തിരിച്ചെത്തി. ഇതിലെ സത്യജിത്ത് ഐപിഎസ് എന്ന കഥാപാത്രം റെയ്ജന് നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് നിരവധി സീരിയലുകളുടെയും ഷോകളുടെയും ഭാഗമായി. നിലവിൽ ഭാവന എന്ന സീരിലയിലാണ് അഭിനയിക്കുന്നത്.