ബുർജ് ഖലീഫയിൽ വിസ്മയമായി ഇന്തോ–ഇറ്റാലിയൻ വിവാഹം; ചിത്രങ്ങൾ
Mail This Article
അഞ്ചു ഭാഷകളിൽ ചിട്ടപ്പെടുത്തിയ മെറ്റാവേഴ്സ് മ്യൂസിക് ആൽബം. നാലു രാജ്യങ്ങളിലെ പന്ത്രണ്ടോളം വേദികളിൽ വച്ച് പന്ത്രണ്ട് വ്യത്യസ്ത രീതികളിലുള്ള വിവാഹച്ചടങ്ങുകളും സത്കാരങ്ങളും. ഒരു വർഷം നീണ്ടുനിന്ന വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ. അൻതിലേറെ രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ. മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ ഒരു ഇൻഡോ ഇറ്റാലിയൻ വിവാഹാഘോഷത്തിന്റെ വിശേഷങ്ങളാണിവ. കേരളത്തിന്റെയും ഭാരതത്തിന്റെയും സാംസ്കാരികത്തനിമയുടെ വർണ്ണക്കാഴ്ചകളുൾപ്പെടുത്തി ജുമൈറയിൽ നടത്തിയ വിവാഹച്ചടങ്ങ് ഭാരതീയ സംസ്കാരവും കേരളീയോത്സവങ്ങളും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾക്ക് പകർന്നു കൊടുക്കുന്നതായി.
ഹോളിവുഡ് സംവിധായകൻ സർ സോഹൻ റോയിയുടേയും പ്രശസ്ത ഫാഷൻ, ഇന്റീരിയർ ഡിസൈനർ അഭിനി സോഹന്റേയും മകൾ നിർമ്മാല്യയുടെ വിവാഹാഘോഷച്ചടങ്ങുകളായിരുന്നു വൈവിധ്യം കൊണ്ട് വിസ്മയം തീർത്തത്. ഇറ്റാലിയൻ സ്വദേശി ഗിൽബെർട്ടോ ആണ് വരൻ. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്റ്റണിലെ വിദ്യാർഥികളായിരുന്ന ഇരുവരും നേവൽ ആർക്കിടെക്ടുകൾ കൂടിയാണ്.
ഇംഗ്ലിഷ്, ഇറ്റാലിയൻ, അറബിക്ക്, ഹിന്ദി, മലയാളം എന്നീ അഞ്ചു ഭാഷകളിലായി പന്ത്രണ്ട് ഗാനങ്ങളായിരുന്നു വിവാഹത്തിനായി ഒരുക്കിയത്. മെറ്റാവേഴ്സിൽ റിലീസ് ചെയ്ത ഈ മ്യൂസിക്കൽ ട്രീറ്റ്,
ലോകത്തിലെ ആദ്യ ‘മെറ്റാവേഴ്സ് മാര്യേജ് മ്യൂസിക്ക് ആൽബം’ എന്ന രീതിയിൽ കൂടി ശ്രദ്ധേയമായി. ഡിസംബർ പതിനൊന്നിന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദുബായിലെ ബുർജു ഖലീഫയിലെ അർമാനി ഹോട്ടലിൽ ക്ഷണിയ്ക്കപ്പെട്ട അതിഥികൾക്കു മുൻപിൽ നടത്തിയ ആഘോഷ പരിപാടികളോടൊപ്പം ‘ജിൽനിമ’ എന്ന മ്യൂസിക്ക് ആൽബം റിലീസ് ചെയ്തതോടെ ചടങ്ങുകൾക്ക് സമാപനമായി.
കഴിഞ്ഞ വർഷം നവംബറിൽ നടന്ന വിവാഹ നിശ്ചയമടക്കമുള്ള മറ്റു ചടങ്ങുകളും കലാവൈദഗ്ധ്യത്തിന്റേയും സൃഷ്ടിപരമായ നവീന ആശയങ്ങളുടെയും സമ്മേളനമായിരുന്നു.
ഗുരുവായൂർ ക്ഷേത്രനടയിൽ നടത്തിയ താലികെട്ട് ചടങ്ങിൽ വ്യത്യസ്ത വർണ്ണങ്ങളിലുള്ള കൈത്തറി വസ്ത്രങ്ങളണിഞ്ഞ് അതിഥികൾ പങ്കെടുത്തത് വാർത്തയായിരുന്നു. കൈത്തറി കലാകാരന്മാർ മാസങ്ങൾ നീണ്ട അധ്വാനത്തിലൂടെയാണ് ഓരോ അതിഥിയ്ക്കായും വസ്ത്രങ്ങൾ ഒരുക്കിയത്. പിന്നീട്, യുഎഇയിൽ വച്ചൊരുക്കിയ സ്വീകരണച്ചടങ്ങിൽ അറേബ്യൻ തീമിൽ ഒരുക്കിയ വിവാഹ വിരുന്നും ശ്രദ്ധ നേടി. പെറ്റ നാടിനൊപ്പം പോറ്റിയ നാടിനുള്ള ആദരം കൂടിയായിരുന്നു അത്.
ബുർജ് ഖലീഫയിൽ നിന്നുള്ള അവസാന വിവാഹവിരുന്ന് കലയ്ക്കും സംസ്കാരത്തിനുമൊപ്പം സംഗീതത്തേയും സാങ്കേതികതയേയും ഒന്നിപ്പിക്കുന്നതായിരുന്നു.
നാളെയുടെ ലോകമായ മെറ്റാവേഴ്സിൽ വിവാഹാഘോഷങ്ങളുടെ ഓർമ്മകൾ മ്യൂസിക്ക് ആൽബമായി റിലീസ് ചെയ്തത് നവദമ്പതികൾക്ക് എന്നെന്നും ഓർമ്മിയ്ക്കാവുന്ന ഒരു വിവാഹ സമ്മാനമായിത്തീർന്നു.