നല്ല സൂപ്പർ സദ്യ ആസ്വദിച്ച് കഴിക്കുന്നതിനിടെ അതിന് തടസ്സമായി നേരത്തെ പായസം വന്നാലോ...രസച്ചരട് മുറിഞ്ഞ് പോകണ്ടെന്ന് കരുതി പായസം അൽപ്പം മാറ്റി വച്ച് സദ്യ കഴിക്കും...പക്ഷേ, തമിഴ്നാട്ടിലെ മയിലാടുതുറൈയിലെ ഒരു വിവാഹ നിശ്ചയ ചടങ്ങിനിടെ നേരത്തെ വിളമ്പിയ പായസം ഒരു കൂട്ടയടിയിലാണ് കലാശിച്ചത്.
സിർകാഴി സൗത്തിൽ ഒരു ഹാളിൽ വച്ച് നടത്തിയ വിവാഹനിശ്ചയ വേദിയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. സദ്യയ്ക്കിടെ പായസം എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ചോറുകഴിച്ച് തീരുന്നതിന് മുമ്പ് പായസം വിളമ്പിയെന്ന് ചിലർ പരാതി പറഞ്ഞു. അതിനിടെ പായസത്തിന് രുചി പോരെന്നായി വരന്റെ ബന്ധുക്കൾ. ഇതോടെ ഇരുഭാഗത്തും തർക്കം വഷളായി. തർക്കത്തിനിടയിൽ വരന്റെ ഒപ്പമെത്തിയവരിൽ ചിലർ വധുവിന്റെ വീട്ടുകാർക്ക് നേരെ പായസം വലിച്ചെറിഞ്ഞു. അതോടെ കൂട്ടത്തല്ലായി മാറി.
ഭക്ഷണശാലയ്ക്കുള്ളിലെ മേശയും കസേരയുമെല്ലാം പരസ്പരം വലിച്ചെറിഞ്ഞു. ഹാളിൽ തുടങ്ങിയ കൂട്ടത്തല്ല് ഹാളിന്റെ പുറത്തേക്കും വ്യാപിച്ചു. തുടർന്ന് സിർകാഴി പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തേയും പിന്തിരിപ്പിച്ചത്. കല്യാണമണ്ഡപത്തിലെ കൂട്ടത്തല്ലിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഇരുഭാഗത്തും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.