തലകൂട്ടിയിടിപ്പിക്കൽ, വധുവിന്റെ കണ്ണീർ; നാടിനെ പഴിക്കരുത്, ഇങ്ങനെയൊരു ആചാരമില്ലെന്നു പല്ലശ്ശനക്കാർ
Mail This Article
കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ നവവരനെയും വധുവിനെയും ഓർമയില്ലേ? പാലക്കാട് പല്ലശ്ശനയിൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. വരന്റെ വീട്ടിലേക്ക് വലത് കാൽ വെച്ച് വധു വന്നു കയറുന്നത് കരഞ്ഞ് കൊണ്ടാകണം. ഭർതൃമാതാവ് വിളക്ക് കയ്യിൽ കൊടുക്കും മുൻപ് നവ ദമ്പതികളുടെ തലകൾ തമ്മിൽ കൂട്ടിമുട്ടിച്ച് വേദനിപ്പിക്കണം. പെൺകുട്ടി കരഞ്ഞ് കൊണ്ട് അകത്തേക്ക് കയറണം. ഇത് പല്ലശ്ശനക്കാർക്കിടയിൽ നില നിൽക്കുന്ന ആചാരമെന്നാണ് കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ സഹിതം നവമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനെതിരെ നിരവധി പേർ രംഗത്തു വരികയും ചെയ്തു.
എന്നാൽ, ശരിക്കും പല്ലശ്ശനയിൽ ഇത്തരമൊരു ആചാരമുണ്ടോ? എന്താണ് സംഭവമെന്നു വിശദീകരിക്കുകയാണ് പല്ലശ്ശനക്കാർ. ഇത് തെറ്റായ രീതിയാണ്. നാടിനെ അപമാനിക്കാണ് പലരുടെയും ശ്രമം. ഇങ്ങനെയൊരു ആചാരം പാലക്കാട് ഒരിടത്തുമില്ല. നാടിന്റെ രീതിയെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്നും ട്രോളുകളിൽ വിശദീകരിക്കുന്നു. നാടിന്റെ പേരിൽ ഇത്തരം തെറ്റായ പ്രചരണം നടത്തുന്നവർ ദേശക്കാരെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ജനപ്രതിനിധികളും പറയുന്നു.
ദേശക്കാർ പറയുന്നത്
നവ വധുവിനെ വീട്ടിലേക്ക് നിലവിളക്ക് കൊടുത്ത കയറ്റുന്ന പതിവ് പല്ലശ്ശനയിലുമുണ്ട്. ദൃഷ്ടി ദോഷം നീങ്ങുന്നതിനായി ആരതി ഉഴിഞ്ഞാണ് അകത്തേക്ക് കയറ്റുന്നത്. ഇതിന് മുന്നോടിയായി പരസ്പരം ചേർത്ത് നിർത്താറുണ്ട്. ഇതിനപ്പുറം തല കൂട്ടിമുട്ടിക്കുന്ന രീതി പല്ലശ്ശനക്കാർക്കില്ല. ഗ്രാമീണ ജനത നിഷ്ക്കളങ്കമായി പെരുമാറുന്നത് സന്തോഷം വരുമ്പോൾ പതിവാണെന്നും നാട്ടുകാർ പറയുന്നു.
ട്രോൾ മഴ തീർത്ത് നവ മാധ്യമങ്ങൾ
ദമ്പതികളുടെ തല കൂട്ടിമുട്ടിക്കുന്ന ആചാരം പല്ലശ്ശനയിൽ ഇല്ലെന്ന് ആവർത്തിച്ച് പറയാൻ ട്രോളുകൾ കൊണ്ട് നിറയ്ക്കുകയാണ് ഇവർ. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല്ലശ്ശനക്കാർ പറയുന്നു. ഞങ്ങളുടെ നാടിന് ആരും ചീത്തപ്പേരുണ്ടാക്കരുതെന്നാണ് പല്ലശ്ശനക്കാരുടെ അഭിപ്രായം.