ജീവിതത്തിലെ ഏറ്റവും സന്തോഷകരമായൊരു ദിനമാണ് വിവാഹം. പ്രതിസന്ധികൾ എന്തൊക്കെയുണ്ടായാലും അതിനെയെല്ലാം തരണം ചെയ്ത് വിവാഹം, നിശ്ചയിച്ച ദിവസം തന്നെ നടത്താനായി എല്ലാവരും ആഗ്രഹിക്കും. എന്നാൽ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ വരന് അപകടം പറ്റിയാലോ? ഒന്നെങ്കിൽ വിവാഹം മാറ്റിവെക്കുക, അല്ലെങ്കിൽ പ്രതിസന്ധി തരണം ചെയ്ത് വിവാഹ വേദിയിലെത്തുക. അത്തരത്തിലൊരു വാർത്തയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. ജൂൺ 25നാണ് ചന്ദേഷ് മിശ്രയുടെ വിവാഹം നിശ്ചയിച്ചത്. എന്നാൽ ഒരപകടത്തിൽപെട്ട് കാലിന് ഒടിവ് സംഭവിച്ചു. ആശുപത്രിയിൽ ചികിത്സയിലായതോടെ വിവാഹം മാറ്റിവെക്കാമെന്നാണ് ആദ്യം വീട്ടുകാർ കരുതിയത്. എന്നാൽ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താമെന്ന് വരൻ തീരുമാനിക്കുകയായിരുന്നു. അതിനു പിന്നാലെ ആംബുലൻസിലാണ് വരൻ കല്യാണ വേദിയിലെത്തിയത്.
കാലിന് പരിക്കേറ്റതിനാൽ എഴുന്നേറ്റ് നിൽക്കാൻ സാധിക്കാതിരുന്ന വരൻ സ്ട്രക്ച്ചറിലിരുന്നു കൊണ്ടാണ് വിവാഹ ചടങ്ങുകളിലിൽ പങ്കെടുത്തത്. തന്റെ പ്രണയിനി പ്രേരണയോടുള്ള സ്നേഹം കൊണ്ടാണ് പ്രതിസന്ധികൾ തരണം ചെയ്തും വരൻ വിവാഹ പന്തലിൽ എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഹൃദയസ്പർശിയായ രംഗം കണ്ട് അതിഥികളുടെ കണ്ണുകൾ ഈറനണിഞ്ഞു.