ഭാര്യ മോശമായ വസ്ത്രം ധരിച്ചു, ഭക്ഷണമുണ്ടാക്കിയില്ല, അമിത സ്നേഹം; വിവാഹമോചനത്തിന്റെ ചില ‘വിചിത്ര’ കാരണങ്ങൾ
Mail This Article
പങ്കാളിയുമായി യോജിച്ച് പോകാൻ കഴിയില്ലെങ്കിൽ വിവാഹമോചനം നേടുക എന്നത് നാട്ടില്‍ സർവസാധാരണമാണ്. മാനസികമായും ശാരീരികവുമായുള്ള പല കാരണങ്ങളും വിവാഹമോചനത്തിലേക്ക് എത്താറുണ്ട്. എന്നാൽ വളരെ ചെറിയ കാര്യത്തിന് ദമ്പതികൾ വിവാഹമോചനം തേടുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഒരു അഭിഭാഷിക പങ്കുവച്ച ചില കാരണങ്ങൾ കേട്ടാൽ ആരായാലും ഒന്ന് മൂക്കത്ത് വിരൽ വച്ചുപോകും. ഇതിനൊക്കെ ഡിവോഴ്സ് എന്തിനെന്ന് പോലും ചിന്തിക്കും.
‘താനിയ അപ്പച്ചു കൗൾ’ എന്ന അഭിഭാഷകയാണ് വിവാഹമോചനത്തിന്റെ ചില നിസാര കാര്യങ്ങൾ പങ്കുവച്ചത്. ഹണിമൂണിന് ഭാര്യ മോശമായ രീതിയിൽ വസ്ത്രം ധരിച്ചു, ഭർത്താവ് കൂടുതലായി സ്നേഹിക്കുന്നത് കാരണം ചെറിയ വഴക്ക് പോലും ഉണ്ടാകുന്നില്ല, യുപിഎസ്‍സി പരീക്ഷയ്ക്ക് പഠിക്കുന്നതിനാൽ ഭാര്യക്ക് വേണ്ടി സമയം കണ്ടെത്തിയില്ല തുടങ്ങിയവയൊക്കെ വിവാഹ മോചനത്തിന്റെ കാരണങ്ങളായി.
ഭർത്താവന്റെ കാലിൽ തൊടാൻ ഭാര്യ വിസമ്മതിച്ചതും, ഭാര്യക്ക് ഭക്ഷണമുണ്ടാക്കാൻ അറിയാത്തതുകൊണ്ട് ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ ജോലിക്ക് പോകേണ്ടി വന്നതു വരെ പലർക്കും വിവാഹമോചനത്തിന് കാരണമായി.
വിവാഹമോചനത്തിന്റെ ‘വിചിത്രമായ’ കാരണങ്ങൾ പറഞ്ഞ വിഡിയോ 1 മില്യണിലധികം പേരാണ് ഇതുവരെ കണ്ടത്. നിരവധി രസകരമായ കമന്റുകൾ വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. പലരും സിംഗിളായി തുടരുന്നത് ഇതുകൊണ്ടാണെന്നും, ഇതൊക്കെ വലിയ പ്രശ്നമാണെങ്കില്‍ എന്തിനാണ് വിവാഹം ചെയ്യാൻ പോയത്, വിവാഹത്തിന് മുൻപ് കൗൺസിലിങ്ങ് നിർബന്ധമാക്കണമെന്നുമെല്ലാം കമന്റുകളുണ്ട്.