ADVERTISEMENT

തോമസിന് ചെറുപ്പം മുതലേ വിമാനങ്ങളോട് പ്രത്യേക താൽപര്യമുണ്ടായിരുന്നു. റിമോട്ട് കൺട്രോൾ വിമാനങ്ങൾ പറത്തി സന്തോഷം കണ്ടെത്തിയിരുന്ന അവൻ കുറച്ചു കഴിഞ്ഞപ്പോൾ അത്തരം വിമാനങ്ങൾ സ്വയം നിര്‍മിക്കാൻ തുടങ്ങി. ഇന്ന് പലതരം മെറ്റീരിയലുകൾ ഉപയോഗിച്ച് ചെറു വിമാനങ്ങൾ അനായാസം നിർമിക്കാൻ ഈ 17കാരന് സാധിക്കും.

thomas-anil-1

10ാം വയസ്സിലാണ് ആദ്യമായി വിമാനം നിർമിച്ചത്. കുടുംബസമേതം ബെംഗളൂരുവിലായിരുന്നു അപ്പോൾ താമസം. യൂട്യൂബ് നോക്കിയും പുസ്തകങ്ങൾ വായിച്ചുമായിരുന്നു വിമാന നിർമാണം. എന്നാൽ തോമസിന്റെ ആദ്യ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടു. മൂന്നാം ശ്രമം വിജയിച്ചതോടെ മുന്നോട്ടു പോകാൻ ധൈര്യം ലഭിച്ചു. പോരായ്മകൾ പരിഹരിച്ച് കൂടുതൽ മികച്ച രീതിയിൽ വിമാനം നിർമിക്കാനും തോമസ് ശ്രമിച്ചു കൊണ്ടിരുന്നു. പലതരം മെറ്റീരിയലുകൾ ഉപയോഗിച്ചു. വ്യത്യസ്തമായ ഡിസൈനിലും വലുപ്പത്തിലുമുള്ള വിമാനങ്ങൾ ഉണ്ടാക്കി. കൂടുതൽ ദൂരം പറപ്പിക്കാനുമായി. പുലർച്ചെ ഉണർന്ന് വിമനം പറത്താൻ പോകും. ബെംഗളൂരുവിലെ സാഹചര്യങ്ങളും ഇഷ്ട വിനോദവുമായി മുന്നോട്ടു പോകാൻ സഹായകരമായിരുന്നു. ഇത്തരം ചെറുവിമാനങ്ങൾ നിർമിക്കുന്നവർ ചേർന്നുള്ള കൂട്ടായ്മകൾ, വിമാനം പറപ്പിക്കാൻ ആവശ്യമായ സ്ഥലം എന്നിവ അവിടെ ഉണ്ടായിരുന്നു.

thomas-anil-2

ഒരു വർഷം മുമ്പ് തോമസും കുടുംബവും സ്വദേശമായ കോട്ടയത്തേക്ക് മടങ്ങിയെത്തി. നിലവിൽ കളത്തിപ്പടിയിലാണ് താമസം. ഇതോടെ വിനോദവുമായി മുന്നോട്ട് പോകാൻ തോമസിന് ബുദ്ധിമുട്ടായി. കാരണം വിമാനം പറപ്പിക്കൽ ഇവിടെ അത്ര എളുപ്പമല്ല. അനുയോജ്യമായ സ്ഥലമില്ല. സുരക്ഷാ മാനദണ്ഡങ്ങൾ കാരണം പലയിടത്തും അനുമതിയുമില്ല. കോട്ടയത്തു വന്നതിനുശേഷം ഒരു തവണ മാത്രമാണ് തോമസ് വിമാനം പറപ്പിച്ചത്. റൺവേയിലേതു പോലെ കുറച്ചു നേരം നിലത്തു ഓടിച്ചശേഷം വിമാനം മുകളിലേക്ക് പറത്താനുള്ള സൗകര്യമില്ല. അതുകൊണ്ട് വിമാനം കയ്യിൽപ്പിടിച്ചും എറിഞ്ഞുമൊക്കെയാണ് പറപ്പിക്കേണ്ടത്. വിമാനം താഴെയിറക്കുമ്പോഴും സ്ഥലപരിമിധി പ്രതിസന്ധി സൃഷ്ടിക്കുന്നു. വിമാനം പെട്ടെന്നു നശിക്കുന്നതിന് ഇതെല്ലാം കാരണമാകുന്നു. എങ്കിലും സാഹചര്യത്തിന് അനുസരിച്ച് വിമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് തോമസ്. അവസാനമായി ഇലക്ട്രിക് വിമാനമാണ് നിർമിച്ചത്. ഭാരക്കുറവും ലാൻഡിങ് സ്പേസ് അധികം വേണ്ട എന്നതുമാണ് ഇതിനു കാരണം. ഒരു സീ പ്ലെയിൻ ഉണ്ടാക്കുകയാണ് അടുത്ത ലക്ഷ്യം. പുഴ റൺവേ ആയി ഉപയോഗിക്കാമെന്നതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. 

thomas-anil-3

വിദേശത്തു പോയി എയ്റോ സ്പേസ് പഠിക്കണമെന്നും നാസയിൽ ജോലി ചെയ്യണമെന്നുമാണ് തോമസിന്റെ ആഗ്രഹം. കോട്ടയത്തെ എക്സൽഷ്യർ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. അച്ഛൻ അനിലും അമ്മ ടീനയും സഹോദരിമാരായ രേമയും റബ്സയും ഉൾപ്പെടുന്ന കുടുംബം പൂർണപിന്തുണയുമായി ഒപ്പമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com