ADVERTISEMENT

കലയുടെ ലോകത്ത് വ്യത്യസ്തതകൾ തേടി അലയാനാണ് കോഴിക്കോട് പയ്യോളി സ്വദേശി നേഹ ഫാത്തിമയ്ക്കിഷ്ടം. ഈ കോവിഡ് കാലത്ത് തുടങ്ങിയ ആ ശ്രമത്തിന് ഇതുവരെ 8 റെക്കോർഡും 2 അവാർഡും തേടിയെത്തി. അതോടൊപ്പം ഒരുപാട് ആരാധിച്ച താരങ്ങളെ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചു. കൂടുതൽ ഉയരങ്ങളിലേക്ക് ചുവടു വയ്ക്കാൻ ശ്രമിക്കുകയാണ് ഈ കലാകാരി. 

∙ ലോക്ഡൗൺ

നേഹ ചെറുപ്പം മുതലേ വരയ്ക്കുമായിരുന്നു. എന്നാൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ കോവിഡ് കാലത്താണ് ഉണ്ടാകുന്നത്. ലോക്ഡൗണിൽ തന്നിലെ കലാകാരിക്കു വേണ്ടി കൂടുതൽ സമയം ചെലവിടാൻ നേഹയ്ക്ക് സാധിച്ചു. ഒരു റെക്കോർഡ് ഇടണമെന്നും നേഹയ്ക്ക് തോന്നി. പെൻസിൽ കാർവിങ് ആണ് ഇതിനായി തിരഞ്ഞെടുത്തത്. 195 രാജ്യങ്ങളുടെ പേര് പെൻസിൽ കൊത്തിയെടുക്കാനായിരുന്നു തീരുമാനം. എന്നാൽ 100 എണ്ണത്തോളം പൂർത്തിയാക്കിയശേഷമാണ് ഇതു മറ്റൊരാൾ ചെയ്തിട്ടുണ്ടെന്ന് നേഹ അറിയുന്നത്. ഇതു വിഷമിപ്പിച്ചെങ്കിലും ലക്ഷ്യവുമായി മുന്നോട്ടു പോകാൻ നേഹ തീരുമാനിച്ചു. തുടർന്ന് മനുഷ്യശരീരത്തിലെ വിവിധ സംവിധാനങ്ങളുടെ പേരുകൾ പെൻസിലിൽ ചെയ്തു. എന്നാൽ വിഡിയോ പകർത്തിയിലെ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇതിനും റെക്കോർഡ് നേടാനായില്ല. ഇതോടെ ലീഫ് കാർവിങ്ങിലേക്ക് തിരിഞ്ഞു. അങ്ങനെ ശരീര സംവിധാനങ്ങളുടെ പേരുകൾ ഇലയിൽ ചെയ്ത് നേഹ ആദ്യ റെക്കോർഡ് നേടി. 

neha-fathima-13

∙ കമൽ ഹാസൻ

കമൽ ഹാസനെ നേരിട്ട് കാണാനുള്ള അവസരം ഇതിനിടയിൽ നേഹയ്ക്ക് കൈവന്നു. കാണാൻ പോകുമ്പോൾ നൽകാനായി അദ്ദേഹത്തിന്റെ പേര് കൊണ്ട് വരച്ച് ചിത്രമാണ് നേഹ ഒരുക്കിയത്. അക്ഷരച്ചിത്രം (word Art) വിഭാഗത്തിൽ ഉള്‍പ്പെടുന്ന ഈ കലാസൃഷ്ടി രണ്ടര മണിക്കൂർ കൊണ്ടാണ് ‌പൂർത്തിയാക്കിയത്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്, വജ്ര വേൾഡ് റെക്കോർഡ് എന്നീ 5 റെക്കോർഡുകൾ ഈ ചിത്രത്തിലൂടെ നേടാനും നേഹയ്ക്ക് സാധിച്ചു. കമൽഹാസന്റെ തിരക്കുകൾ കാരണം ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ചിത്രം കൈമാറിയത്. അദ്ദേഹത്തിന്റെ 49 കഥാപാത്രങ്ങളുടെ രൂപം ലീഫ് ആർട്ടിലൂടെ ഒരുക്കിയിരുന്നു. അത് ജന്മദിന സമ്മാനമായി അയച്ചു നൽകി. 

neha-fathima-15

∙ മോഹൻലാൽ

നേഹയുടെ പ്രിയനടനാണ് മോഹന്‍ലാൽ. അദ്ദേഹത്തിനായി വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന മോഹം കലശലായി. അതൊടുവിൽ പൊന്നാടയിൽ അദ്ദേഹത്തിന്റെ മുഖത്തിന്റെ എംബ്രോയ്ഡറി വർക്ക് ആയി മാറി. പക്ഷേ മോഹൻലാലിനെ എങ്ങനെ കാണുമെന്നോ സമ്മാനം കൈമാറാനാകുമോ എന്നോ അറിയില്ലായിരുന്നു. പലരീതിയിലും ശ്രമിച്ചു. ഒടുവിൽ മോഹൻലാലിന്റെ ഒരു സുഹൃത്തിന് സമൂഹമാധ്യമത്തിൽ സന്ദേശം അയച്ചു. അദ്ദേഹം കാണുമെന്നോ മറുപടി ലഭിക്കുമെന്നോ യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാൽ നേഹയെ അദ്ഭുതപ്പെടുത്തി കൊണ്ട് മറുപടി വന്നു. നേരിട്ട് കാണാനും സമ്മാനം നൽകാനും അവസരം ഒരുക്കാമെന്ന് അദ്ദേഹം അറിയിച്ചു. അതോടെ മോഹൻലാലിന്റെ ഒരു അക്ഷരച്ചിത്രവും നേഹ ഒരുക്കി. അവ നേരിട്ട് കൈമാറുകയും ചെയ്തു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തം എന്നാണ് നേഹ അതിനെ വിശേഷിപ്പിക്കുക.

neha-fathima-11

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷിദ് അൽ മക്തൂമിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ഒരു സമ്മാനം നൽകണമെന്ന ആഗ്രഹം നേഹയ്ക്ക് ഉണ്ട്. ദുബായിൽ പോയി ആ വർക് ചെയ്യനാണ് പദ്ധതി.  എല്ലാം വിചാരിച്ചതു പോലെ നടന്നാൽ നേഹയുടെ ആഗ്രഹം സഫലമാകും. ജൂലൈ 15ന് ആണ് ഷെയ്ഖ് മുഹമ്മദിന്റെ ജന്മദിനം.

neha-fathima-12

∙ സ്വപ്നം

ഫുട്ബോൾ താരം മെസി, നടന്മാരായ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ജയസൂര്യ എന്നിവരുടെ ചിത്രങ്ങളും ഇക്കാലയളവിനിടയിൽ നേഹ ചെയ്തു. ഇന്ത്യ സ്റ്റാർ ഐക്കൺ അവാർ‍‍ഡ് 2021, ഇന്റർനാഷനൽ വുമൺ ഇൻസ്പൈറിങ് അവാർഡ് 2021 എന്നിവ തേടിയെത്തി. കലാകാരി എന്ന നിലയിൽ നേഹയ്ക്ക് ഈ കോവിഡ് കാലം വളർച്ചയുടെയും നേട്ടങ്ങളുടേതുമായിരുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ് നേടണമെന്ന സ്വപ്നം ബാക്കിയുണ്ട്. എന്നെങ്കിലും ഒരിക്കൽ അത് സാധിക്കുമെന്ന് നേഹ വിശ്വസിക്കുന്നു. എല്ലാത്തിനും പിന്തുണയുമായി ബാപ്പ സമദും ഉമ്മ സുഹൈറയും സഹോദരൻ വാഹിദും ഒപ്പമുണ്ട്. നേഹ സിഎയ്ക്ക് പഠിക്കുകയാണ്. 

neha-fathima-14
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com