ADVERTISEMENT

ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടുന്നതു പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഒരു ഫൊട്ടോഗ്രാഫറെ സംബന്ധിച്ച് ഗെയിംസില്‍ നിന്ന് ലോകം എക്കാലവും ഓര്‍ക്കുന്ന ഒരു ചിത്രം പകര്‍ത്തുക എന്നത്. അത്തരത്തില്‍ ചിലത് ഭാഗ്യം കൊണ്ടു ലഭിക്കാം. എന്നാല്‍ ഏറിയ കൂറും വിശദമായ പ്ലാനിങ്ങിന്റെ ഫലമായി തന്നെയാണ് എടുക്കുന്നത്.

 

രാജ്യാന്തര കായിക മാമാങ്കങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഒളിംപിക്‌സ്. ഒളിംപിക്‌സിലെ ആ ഒറ്റ ഷോട്ട് എടുക്കാനായി ഷട്ടര്‍ സജ്ജമാക്കി കാത്തിരിക്കുന്ന ഫൊട്ടോഗ്രാഫര്‍മാരുടെ പടയുടെ മനസ്സില്‍ എന്താകും? ഒരു സെക്കന്‍ഡിന്റെ ചെറിയൊരംശത്തിലാണ് ആ സുവര്‍ണ ചിത്രമിരിക്കുന്നത്. സെക്കന്‍ഡില്‍ 12 ഉം 14ഉം ഫ്രെയിമൊക്കെ എടുക്കുന്ന ക്യാമറകള്‍ അണിനിരത്തി കാത്തിരിക്കുകയാണ് ഈ ഫൊട്ടോഗ്രാഫര്‍മാര്‍- ഒരോ മത്സരത്തിലെയും ആ ഒറ്റച്ചിത്രം പകര്‍ത്താന്‍. അതേക്കുറിച്ച് ഇന്നേവരെ ഇറങ്ങിയിരിക്കുന്നതില്‍ വച്ച് ഏറ്റവും സമഗ്രവും സുന്ദരവുമായ ഡോക്യുമെന്ററിയാണ് വണ്‍ ഷോട്ട്. കേവലം 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററിയില്‍ ഫൊട്ടോഗ്രാഫര്‍മാര്‍ സെക്കന്‍ഡിന്റെ ഒരംശത്തില്‍ മിന്നിമറയുന്ന ചരിത്ര നിമിഷങ്ങള്‍ പകര്‍ത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒളിംപിക് ഗെയിംസ് നോളജ് മാനേജ്‌മെന്റ് ആണ് ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്.

 

'വണ്‍ ഷോട്ട്: ഫൊട്ടോഗ്രാഫിങ് ദി ഒളിംപിക് ഗെയിംസ്' എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയ്ക്കു വിവരണം നല്‍കുന്നത് ഒളിംപിക് ചാമ്പ്യനായ ജോനതന്‍ എഡ്വേഡ്‌സ് ആണ്. അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുള്ള പല ഫൊട്ടോഗ്രാഫര്‍മാരും ഇതില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ലൂസി നിക്കൊള്‍സണ്‍, ഡെയ്‌വ് ബ്രൂനറ്റ്, ബോബ് മാര്‍ട്ടിന്‍ ടിം ഡെ വാലെ തുടങ്ങിയവര്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ പകര്‍ത്തിയ 146 ഒളിംപിക്സ് ഫോട്ടോകളും കാണിക്കുന്നു. ഇത് 2016ലെ റിയോ ഡി ജനീറോ ഒളിംപിക്‌സ് നടക്കുന്ന സമയത്ത് ഷൂട്ടു ചെയ്തതാണ്.

 

ഒളിംപ്യന്മാരെ സെക്കന്‍ഡിന്റെ ഒരംശത്തില്‍ മരവിപ്പിച്ചു നിർത്തുന്ന വിസ്മയകമായ പ്രവര്‍ത്തനമാണ് ഫൊട്ടോഗ്രാഫര്‍മാര്‍ നിര്‍വഹിക്കുന്നത്. ഒളിംപിക്‌സിന്റെ മുഴുവവന്‍ വികാരങ്ങളും സ്റ്റില്‍ ഫ്രെയിമുകളില്‍ ഒപ്പിയെടുക്കാനുള്ള ആഗ്രഹവുമായാണ് ഈ ഫൊട്ടോഗ്രാഫര്‍മാര്‍ തമ്പടിക്കുന്നത്. ഇവരെടുക്കുന്ന ആ ഒറ്റച്ചിത്രമായിരിക്കാം ഒരു ഒളിംപിക്‌സിന്റെ മുഴുവന്‍ പ്രതിനിധിയാകുന്നത്. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന തികഞ്ഞ ബോധ്യത്തോടെയാണ് ഫൊട്ടോഗ്രാഫര്‍മാരുടെ പട സ്റ്റേഡിയം വളയുന്നത്. ക്യാമറകളെ പ്രേമിക്കുന്നവര്‍ക്കും ഇതൊരു നയനാനന്ദകരമായ ഡോക്യുമെന്ററിയാണ്.

 

വിജയിയുടെ വിസ്മയകരമായ ആ ഒറ്റച്ചിത്രം എടുക്കാന്‍ വര്‍ഷങ്ങളുടെ പ്ലാനിങ് വേണം. എടുക്കുന്ന ആ ചിത്രം ഒരു മിനിറ്റിനുള്ളില്‍ ലോകത്തെ വിവിധ വാര്‍ത്താ മാധ്യമങ്ങള്‍ക്കു ലഭ്യമാക്കണം. ഒളിംപിക്‌സ് 2016ല്‍ ഉപയോഗിച്ചിരിക്കുന്ന ടെക്‌നോളജി അവിശ്വസനീയമാണ്. റോയിട്ടേഴ്‌സിന്റെ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ മത്സരം ജയിക്കുന്നതിന്റെ ആദ്യ ഫോട്ടോ എത്തുന്നത് വെറും 58 സെക്കന്‍ഡിലാണ് എന്നു പറഞ്ഞാല്‍ മതി അവരുടെ ടീമിന്റെ പ്രവര്‍ത്തന മികവ് മനസ്സിലാക്കാന്‍. ഈ വര്‍ഷം നടക്കാനിരുന്ന ഒളിംപിക്‌സില്‍ അതിലേറെ മികച്ച ടെക്‌നോളജി ആയിരുന്നിരിക്കണം ഉപയോഗിക്കാനിരുന്നത്. അത് അടുത്ത വര്‍ഷത്തേക്കു മറ്റിവച്ചിരിക്കുകയാണല്ലോ. അടുത്ത വര്‍ഷം ടോക്കിയോ ഒളിംപിക്‌സ് നടന്നാല്‍ അത് കൂടുതല്‍ പുരോഗമിച്ച സാങ്കേതികവിദ്യകള്‍ക്ക് സാക്ഷ്യംവഹിച്ചേക്കും.

 

ഒളിംപിക്‌സ് പോലത്തെ കായിക മേളകള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ മികവും ഓരോ ഗെയിസ് കഴിയുമ്പോഴും വര്‍ധിക്കുന്നു. ലൈവ് ടെലികാസ്റ്റും മറ്റുമുണ്ടെങ്കിലും ഫൊട്ടോഗ്രാഫിയുടെ പ്രാധാന്യം ഇതുവരെ കുറഞ്ഞിട്ടുമില്ല. ഫൊട്ടോഗ്രാഫി എന്നു പറഞ്ഞാല്‍ വെറുതെ ക്യാമറ ചൂണ്ടി ക്ലിക്കു ചെയ്യലല്ല അതിനു പിന്നില്‍ ചിട്ടയായ മുന്നൊരുക്കമുണ്ടെന്നു വ്യക്തമാക്കിത്തരുന്ന ഡോക്യുമെന്ററി കൂടെയാണിത്. മഹത്തായ ഒരു ചിത്രം പിറക്കുന്നത് എന്താണ് ഒരു ഉജ്ജ്വല ചിത്രമാകാന്‍ പോകുന്നതെന്ന് ഫൊട്ടോഗ്രാഫര്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ധാരണയില്‍ നിന്നു കൂടിയാണ്.

 

കഴിഞ്ഞ ഒളിംപിക്‌സില്‍ ക്യാനന്‍, നിക്കോണ്‍ കമ്പനകിളുടെ ക്യാമറകളാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അടുത്ത വര്‍ഷം സോണിക്കും കൂടുല്‍ സാന്നിധ്യമുണ്ടായിരിക്കും. അസേസിയേറ്റഡ് പ്രസ് (എപി) തങ്ങളുടെ ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് സോണി ക്യാമറകള്‍ നല്‍കി തുടങ്ങിയിരിക്കുകയാണ്.

 

English Summary: Documentary ‘One Shot’ Details How Olympics Photographers Capture Iconic Moments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com