ക്യാനന്‍ ആര്‍5, ആര്‍6 ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകള്‍ ഉടന്‍
Mail This Article
ഇഒഎസ് ആര്‍5, ആര്‍6, 1ഡിഎക്‌സ് മാര്‍ക്3 എന്നീ ക്യാമറാ ബോഡികള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കുമെന്ന് ക്യാനന്‍ യുകെ അറിയിച്ചു. ഒരുകൂട്ടം പുതിയ ഫീച്ചറുകള്‍ കൂടി ഈ ബോഡികള്‍ ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കും.
∙ ആര്‍5, ആര്‍6 ബോഡികള്‍ക്കു വരുന്ന മാറ്റം
കൂടുതല്‍ മികച്ച സബ്ജക്ട് റെക്കഗ്നിഷന്‍, കാറുകളും ബൈക്കുകളും ട്രാക്കു ചെയ്യാനുള്ള ശേഷി, ആളുകളെ ട്രാക്കു ചെയ്യാനുള്ള ശേഷി വര്‍ധിപ്പിക്കും. മാസ്‌ക് ധരിക്കുമ്പോള്‍ പോലും ഐഡിറ്റക്ഷനും മുഖം തിരിച്ചറിയലും കൂടുതല്‍ മികവുറ്റതാക്കും. ശരീരം തിരിച്ചറിയല്‍ അല്ലെങ്കില്‍ ബോഡി ഡിറ്റക്ഷനുള്ള ശേഷിയും വർധിപ്പിച്ചേക്കും. ലൈവ് വ്യൂവില്‍ കസ്റ്റം വൈറ്റ് ബാലന്‍സിനുള്ള ശേഷി തുടങ്ങിയവയാണ് വരിക. ഇഒഎസ് ആര്‍5, ആര്‍6 ബോഡികള്‍ക്ക് സോഫ്റ്റ്‌വെയര്‍ 1.50 വേര്‍ഷനിലാണ് ഇവയടക്കമുള്ള ഫീച്ചറുകള്‍ ലഭിക്കുക.
∙ 1ഡി എക്‌സ് മാര്‍ക്ക് 3
സ്‌പോര്‍ട്‌സ് ഫൊട്ടോഗ്രഫര്‍മാര്‍ക്ക് ഇഷ്ടപ്പെട്ട ഈ ബോഡിയില്‍ കൂടുതല്‍ മികച്ച രീതിയില്‍ തല തിരിച്ചറിയാന്‍ സാധിക്കും. വിന്റര്‍ ഒളിംപിക്‌സിലും മറ്റും ഹെല്‍മെറ്റുകളും ഗോഗിളുകളും ധിരിക്കുമ്പോള്‍ പോലും ഇവ ഗുണകരമാകും. ഒരു ബട്ടണ്‍ ഉപയോഗിച്ച് ഒരേസമയത്ത് വോയിസ് മെമ്മോ അയയ്ക്കാനും, ഇമേജ് റെയ്റ്റിങ് നടത്താനും സാധിക്കും. ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ ഉപയോഗിക്കുമ്പോള്‍ മള്‍ട്ടി കണ്ട്രോളര്‍ ഡിസേബിൾ ചെയ്യാന്‍ സാധിക്കും. 1 ഡി എക്‌സ് മാര്‍ക് 3യുടെ സോഫ്റ്റ്‌വെയര്‍ വേര്‍ഷന്‍ 1.60 ലായിരിക്കും ഇത് വരിക. ക്യാനന്‍ അടുത്തിടെ പരിചയപ്പെടുത്തിയ ആര്‍3 മോഡല്‍ ഉപയോഗിച്ചവരുടെ അഭിപ്രായം കേട്ട ശേഷമാണ് പുതിയ ഈ ഫീച്ചറുകള്‍ പഴയ ക്യാമറകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതെന്നു പറയുന്നു. ഈ ഫീച്ചറുകള്‍ യുകെയില്‍ ഡിസംബര്‍ 2ന് നല്‍കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അന്നുതന്നെ ഇന്ത്യ അടക്കം മറ്റു രാജ്യങ്ങളിലും ലഭിക്കാനാണ് വഴി.
∙ ക്യാനനെയും നിക്കോണിനെയും ഞെട്ടിച്ച് സോണി
പ്രൊഫഷണല്‍ ഫുള്‍ ഫ്രെയിം ഫീല്‍ഡ് ക്യാമറ എന്നു പറഞ്ഞാല്‍ ക്യാനനും നിക്കോണിനും അപ്പുറത്തേക്ക് ആരും ചിന്തിക്കില്ലെന്ന ധാരണ മാറ്റി എഴുതപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അമേരിക്കയിലെ ഫൊട്ടോജേണലിസം മേഖലയിലെ വമ്പന്‍ കമ്പനിയായ ഗ്യാനറ്റുമായി (Gannett) പുതിയ സഖ്യത്തിലായിരിക്കുകയാണ് സോണി. അമേരിക്കയിലെ യുഎസ്എ ടുഡേ അടക്കമുള്ള 250 ദേശീയ, പ്രാദേശിക മാധ്യമ കേന്ദ്രങ്ങള്‍ക്കായി ക്യാമറാ ഉപകരണങ്ങള്‍ ഇനി സോണി നല്‍കും. ലെന്‍സുകളും, ഓഡിയോ ഉപകരണങ്ങളും, അക്‌സസറികളും ഇതില്‍ ഉള്‍പ്പെടും. ഇതിന്റെ ഗുണം നൂറുകണക്കിന് മള്‍ട്ടിമീഡിയ ജേണലിസ്റ്റുകള്‍ക്ക് ലഭിക്കും. ഒരു വര്‍ഷം 10,000 ലേറെ ഇവന്റുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നവരാണ് ഇവര്‍. ഏകദേശം 1.5 വര്‍ഷം മുൻപ് അസോസിയേറ്റഡ് പ്രസുമായും സോണി ധാരണയിലെത്തിയിരുന്നു.
ക്യാമറാ ഉപകരണങ്ങള്‍ നല്‍കുന്നതിനു പുറമെ അവയ്ക്ക് അറ്റകുറ്റപ്പണി വേണ്ടിവന്നാല്‍ അതും സോണി തന്നെ ചെയ്തുകൊടുക്കുമെന്നു കരാറിലുണ്ടെന്ന് ഇരു കമ്പനികളും സംയുക്തമായി ഇറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നു. മിറര്‍ലെസ് ക്യാമറാ നിര്‍മാണ മേഖലയിലേക്ക് ക്യാനനേയും നിക്കോണിനേക്കാളും നേരത്തെ ഇറങ്ങിയതിന്റെ ഗുണം അനുഭവിക്കുകയാണ് സോണിയിപ്പോള്‍. കമ്പനിക്ക് കീഴിൽ ജോലിചെയ്യുന്നവര്‍ക്ക് കുറഞ്ഞത് രണ്ടു സോണി ക്യാമറകളും മൂന്ന് സൂം ലെന്‍സുകളും എങ്കിലും വാങ്ങി നല്‍കാനാണ് ഉദ്ദേശമെന്ന് ഗ്യാനെറ്റ് പറയുന്നു. പതിറ്റാണ്ടുകളോളം ക്യാനനും നിക്കോണും കയ്യടക്കി വച്ചിരുന്ന മേഖലയാണ് ഇപ്പോള്‍ സോണി വെട്ടിപ്പിടിച്ചിരിക്കുന്നത്. എപി 2020 ജൂലൈയിലാണ് സോണിയുമായി ധാരണയിലെത്തിയത്. എപിക്ക് ഇപ്പോള്‍ ഔദ്യോഗികമായി ക്യാമറ നല്‍കുന്ന ഏക കമ്പനിയായി സോണി പ്രവര്‍ത്തിക്കുകയാണ്.
∙ സോണി വെനിസ് 2 സിനിമാ ക്യാമറ പുറത്തിറക്കി
ഏറ്റവും മികച്ച സിനിമാ ക്യാമറ ശ്രേണിയിലെ പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് സോണി. വെനിസ് 2 എന്നു പേരിട്ടിരിക്കുന്ന ക്യാമറയ്ക്ക് 8.6കെ ഫുള്‍ ഫ്രെയിം വിഡിയോ റോ ഫുട്ടേജ് ക്യാമറയ്ക്കുള്ളില്‍ തന്നെ റെക്കോഡു ചെയ്യാനുളള ശേഷിയുണ്ട്. രണ്ടു സെന്‍സറുകളാണ് ഉള്ളത്. പുതിയ 50 എംപി ഫുള്‍ ഫ്രെയിം 8.6കെ സെന്‍സര്‍, അല്ലെങ്കില്‍ പഴയ മോഡലിന് ഉണ്ടായിരുന്ന 24.8 എംപി 3:2 സെന്‍സര്‍. ഇതിന് 6കെ വിഡിയോ റെക്കോഡു ചെയ്യാനാകും. പുതിയ സെന്‍സറിന് 16 സ്റ്റോപ്പ് ഡൈനാമിക് റെയ്ഞ്ച് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഇരട്ട ഐഎസ്ഒ രണ്ടു സെന്‍സറുകള്‍ക്കും ഉണ്ട്. പുതിയ ക്യാമറയില്‍ രണ്ടു സെന്‍സറുകളും മാറി മാറി വയ്ക്കാമെന്ന സവിശേഷതയും ഉണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിപണിയിലെത്തുന്ന ക്യാമറയുടെ വില പുറത്തുവിട്ടിട്ടില്ല.
∙ ലൈറ്റിങ് ഉപകരണ നിര്‍മാണത്തിന് നിസിനും പ്രോഫോട്ടോയുമായി നിക്കോണ്‍ ധാരണയിലെത്തി
നിസിന്‍, പ്രോഫോട്ടോ തുടങ്ങി കമ്പനികള്‍ ഇനി നിക്കോണിനായി ക്യാമറാ ഫ്‌ളാഷുകള്‍ ( നിക്കോണിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സ്പീഡ് ലൈറ്റുകള്‍) നിര്‍മിക്കും. നിക്കോണ്‍ ക്യാമറയ്ക്ക് ചേരുന്ന തരത്തിലുള്ള ഫ്‌ളാഷ് ഉപകരണങ്ങളായിരിക്കും ഇരു കമ്പനികളും നിര്‍മിക്കുക. നിസിന് കമ്പനിക്ക് ഫ്‌ളാഷ് നിര്‍മാണത്തില്‍ 60 വര്‍ഷത്തിലേറെ ചരിത്രമുണ്ടെന്ന് നിക്കോണ്‍ പറയുന്നു. അതേസമയം, പ്രോഫോട്ടോ എബി ലോകത്തെ ഏറ്റവും മികച്ച പ്രൊഫഷണല്‍ ലൈറ്റിങ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണെന്നും നിക്കോണ്‍ നിരീക്ഷിക്കുന്നു. നിക്കോണിനു ചേരുന്നതരത്തിലുള്ള ഉപകരണങ്ങള്‍ ഇരു കമ്പനികളും മുൻപും നിർമിച്ചു വിറ്റിട്ടുണ്ട്. എന്നാല്‍, ഇതാദ്യമായിട്ടായിരിക്കും നിക്കോണ്‍ ഇരു കമ്പനികളെയും ഔദ്യോകികമായി അംഗീകരിക്കുന്നത്. ഈ വിവരം പുറത്തുവിട്ടിരിക്കുന്നത് നിക്കോണ്‍ ഓസ്‌ട്രേലിയ ആണ്.
അതേസമയം, ഒരു പക്ഷേ നിക്കോണ്‍ സ്പീഡ്‌ലൈറ്റ് നിര്‍മാണം ഈ കമ്പനികളെയും ഏല്‍പ്പിച്ചു പിന്മാറാനുള്ള ശ്രമമായിരിക്കാം നടത്തുന്നതെന്ന് പറയുന്നവരും ഉണ്ട്. നിക്കോണ്‍ ബോഡികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന വില കൂടിയ ഫ്‌ളാഷുകള്‍ വേണ്ടവര്‍ക്ക് പ്രോഫോട്ടോ ഇറക്കുന്ന ഉപകരണങ്ങള്‍ വാങ്ങാം. അത്ര വില കൂടിയവ വേണ്ടാത്തവര്‍ക്കായി നിസിനും ഫ്‌ളാഷുകള്‍ ഇറക്കും. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നു പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും നിക്കോണ്‍ കരുത്തുറ്റ ഒരു തിരിച്ചുവരവു നടത്തുന്നതു കാണാന്‍ ആഗ്രഹിക്കുകയാണ് ലോകമെമ്പാടുമുള്ള ഫൊട്ടോഗ്രഫി പ്രേമികള്‍.
∙ നിക്കോര്‍ സെഡ് 24-120എംഎം എഫ്4 സൂം അവതരിപ്പിച്ചു
നിക്കോണിന്റെ സെഡ് മൗണ്ട് സിസ്റ്റം ക്യാമറകള്‍ക്കായി അവതരിപ്പിച്ച മിഡ് റേഞ്ച് സൂമാണ് നിക്കോര്‍ സെഡ് 24-120എംഎം എഫ്4 എസ്. ഇരട്ട സ്റ്റൈപ്പിങ് മോട്ടറുകളാണ് ലെന്‍സിലുള്ളത്. വെതര്‍ സീലിങ്ങുള്ള ലെന്‍സിന് വിലയിട്ടിരിക്കുന്നത് 1099.95 ഡോളറാണ്.
∙ സെഡ് 100-400 എഫ്4.5-5.6 വിആര്‍ എസ് ടെലിഫോട്ടോ
നിക്കോര്‍ സെഡ് 100-400 എഫ്4.5-5.6 വിആര്‍ എസ് ടെലിഫോട്ടോ ലെന്‍സാണ് നിക്കോണ്‍ പുറത്തിറക്കിയ മറ്റൊരു ലെന്‍സ്. ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ 5.5 സ്റ്റോപ്പ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ട്രൈപ്പോഡ് കോളര്‍ ഇല്ലാതെ 1355 ഗ്രാം ഭാരമുള്ള ലെന്‍സിന് വിലയിട്ടിരിക്കുന്നത് 2699.95 ഡോളറാണ്.
∙ പുതിയ എഫ്ടിസെഡ് II അഡാപ്റ്റര്‍
നിക്കോണ്‍ എഫ്ടിസെഡ് അഡാപ്റ്ററും പുറത്തിറക്കി. പഴയ വേര്‍ഷനുമായി കാര്യമായ വ്യത്യാസങ്ങളില്ല. ട്രൈപ്പോഡ് മൗണ്ട് ഇല്ല എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. നിക്കോണ്‍ എഫ് മൗണ്ട് ലെന്‍സുകള്‍ സെഡ് സിസ്റ്റത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇത്. വില 249.99 ഡോളറായിരിക്കും.
English Summary: New Canon firmware adds R3 features to EOS R5, R6, EOS-1D X Mark III