ADVERTISEMENT

ആപ്പിൾ ബ്രാൻഡ് ആരാധകർ കാത്തിരുന്ന ഐഫോണ്‍ 14 ഒടുവില്‍ വിപണിയിലെത്തി. ആദ്യം ഫോണ്‍ കൈക്കലാക്കാനുള്ള ശ്രമത്തിലാണ് പലരും. ഇതിനിടയിലാണ് വിചിത്രമായ ഒരു പ്രശ്‌നം ആദ്യം ഐഫോണ്‍ 14 സ്വന്തമാക്കിയ ചിലര്‍ നേരിട്ടത്. ഐഫോണിലെ ക്യാമറാ ആപ്പ് അല്ലാതെ തേഡ്പാര്‍ട്ടി ക്യാമറാ ആപ്പുകള്‍ ഉപയോഗിച്ചു പകര്‍ത്തുന്ന ഫൊട്ടോകള്‍ക്കും വിഡിയോയ്ക്കും ഐഫോണ്‍ 14 പ്രോ സീരീസില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, ടിക്‌ടോക് തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ പോലും പ്രശ്‌നങ്ങള്‍ കാണാമെന്നാണ് റിപ്പോര്‍ട്ട്. 

 

ടിക്ടോക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് പോലുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ഐഫോണ്‍ 14ന്റെ പിന്‍ ക്യാമറയ്ക്ക് പ്രശ്നം നേരിടുന്നു എന്നാണ് ആക്ഷേപം. 48 മെഗാപിക്‌സലിന്റെ പ്രധാന ലെന്‍സുമായാണ് ഐഫോണ്‍ 14 പ്രോ ഇറങ്ങിയിരിക്കുന്നത്. ഐഫോണ്‍ 14ന്റെ പ്രധാന അപ്‌ഡേഷനുകളിലൊന്നാണ് ഈ ക്യാമറ. അതുകൊണ്ടു തന്നെ ക്യാമറയിലുണ്ടാവുന്ന പിഴവുകളെ ആപ്പിള്‍ പ്രാധാന്യത്തോടെയാണ് കാണുന്നത്. 

 

റെഡ്ഡിറ്റ്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഐഫോണ്‍ 14 ഉപഭോക്താക്കള്‍ ക്യാമറയുടെ പിഴവ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അവരവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോഴാണ് പലര്‍ക്കും സമാനമായ പ്രശ്‌നം നേരിടേണ്ടി വരുന്നുവെന്ന് തിരിച്ചറിയാനായത്. ഇവരില്‍ പലരും വിഡിയോ സഹിതമാണ് പ്രശ്‌നം പങ്കുവെച്ചിരിക്കുന്നത്. 

 

അതേസമയം, ടിക്ടോക്, ഇന്‍സ്റ്റഗ്രാം പോലുള്ള മറ്റു ആപ്ലിക്കേഷനുകളില്‍ ക്യാമറ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നമുള്ളത്. ഐഫോണിന്റെ ബില്‍റ്റ് ഇന്‍ ക്യാമറ ആപ്ലിക്കേഷനില്‍ ഈ പ്രശ്‌നം കാണാനില്ലെന്നും ഇതേ ഉപഭോക്താക്കള്‍ സമ്മതിക്കുന്നുണ്ട്. ഐഫോണ്‍ 14നും ഐഫോണ്‍ 14 പ്രോ മാക്‌സിനും തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുമ്പോള്‍ ക്യാമറാ പ്രശ്‌നമുണ്ട്. മറ്റു ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുമ്പോള്‍ ഓട്ടോഫോക്കസ് സംവിധാനത്തിന്റെ നിയന്ത്രണം നഷ്ടമായി വലിയതോതില്‍ ഇളകുകയുമാണ് ചെയ്യുന്നത്.

 

ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ആപ്പിള്‍ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് അറിയിച്ചിട്ടുണ്ട്. ഐഫോണിലെ സ്വന്തം ക്യാമറയില്‍ വിഡിയോ എടുക്കുമ്പോള്‍ കുഴപ്പങ്ങളില്ലാത്തതിനാല്‍ ഹാര്‍ഡ്‌വെയറിലല്ല സോഫ്റ്റ്‌വെയറിലാണ് പ്രശ്‌നമുള്ളതെന്നാണ് എൻജിനീയര്‍മാരുടെ നിഗമനം. എന്തായാലും ഈ പ്രശ്‌നം ഒരാഴ്ചക്കുള്ളില്‍ വരുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനിലൂടെ പരിഹരിക്കാനാകുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ.

 

ആപ്പിളിന്റെ ഏറ്റവും പ്രധാന ഉത്പന്നം ഐഫോണ്‍ തന്നെയാണ്. ഇപ്പോഴും കമ്പനിയുടെ വരുമാനത്തില്‍ പകുതിയിലേറെയും ഐഫോണ്‍ വില്‍പന വഴിയാണ് ലഭിക്കുന്നത്. ആപ്പ് സ്റ്റോര്‍, ആപ്പിള്‍ ടിവി+ പോലുള്ള സേവനങ്ങളിലൂടെയും എയര്‍പോഡ്, ആപ്പിള്‍ വാച്ച് തുടങ്ങിയ ഉൽപന്നങ്ങളിലൂടെയുമാണ് ആപ്പിളിന്റെ മറ്റു പ്രധാന വരുമാനം.

 

English Summary: Apple to fix iphone 14 Camera shaking issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com