ADVERTISEMENT

സിനിമ ഷൂട്ട് ചെയ്യാൻ ഫിലിംസ്കൂളിൽ പഠിക്കേണ്ടതുണ്ടോ? വേണ്ടെന്നാണ് ആപ്പിൾ പറയുന്നത്. കാരണം ഐഫോണുകൾ ഫിലിംസ്കൂളിൽ പോയിട്ടുണ്ട് എന്നാണ് കമ്പനിയുടെ ഒരു ക്യാപ്ഷനുകളിലൊന്ന്. സാങ്കേതിക കാര്യങ്ങൾ പഠിച്ചു സമയം കളയേണ്ടതില്ല, അതിന് ഐഫോണുകൾ മതി എന്നാണ് അർഥം. ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന വിശാൽ ഭരദ്വാജിന്റെ ഫർസാത് എന്ന ചെറു ഫിലിം ഐഫോൺ 14 പ്രോയിൽ ഷൂട്ട് ചെയ്തതാണ്. ഒരു ഫിലിം ഷൂട്ട് ചെയ്യാൻ ഐഫോണിനുള്ള മേൻമകൾ എന്തൊക്കെ? നിങ്ങൾക്കും ഇതേ ഫോണിൽ സിനിമ ചെയ്യാൻ കഴിയില്ലേ? 

∙ സിനിമാറ്റിക് മോഡ്

സിനിമാറ്റോഗ്രഫറുടെ സന്തത സഹചാരിയാണു ഫോക്കസ് പുള്ളർ. ഇദ്ദേഹത്തിന്റെ കൈകളുടെ വൈദഗ്ധ്യമാണ് ഫ്രെയിമിന്റെ ഫോക്കസ് നിർണയിക്കുക. ഐ ഡിറ്റക്ഷൻ സാങ്കേതികത വന്നതോടെ മിക്ക ക്യാമറകളിലും ഫ്രെയിമിലെ ആൾക്കാർ ഓട്ടമാറ്റിക് ആയി ഫോക്കസ് പോയിന്റിലാകും. എന്നാൽ ഒന്നിലധികം പേർ ഒരു ഫ്രെയിമിലുണ്ടെങ്കിൽ അവരുടെ പ്രാധാന്യം അനുസരിച്ച് ഫോക്കസ് കൈകാര്യം ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനാണ് ഐഫോണിലെ സിനിമാറ്റിക് മോഡ്.

A, B എന്നീ രണ്ടുപേർ വ്യത്യസ്ത ദൂരത്തു നിന്ന് ഒരേ ഫ്രെയിമിൽ സംസാരിക്കുകയാണെന്നു കരുതുക. ആദ്യം മുന്നിലുള്ള A ഫോക്കസിലാകും.  A തലതിരിച്ച് B യെ നോക്കുകയാണെങ്കിൽ അന്നേരം B ഫോക്കസിലാകും. തിരിച്ചും ഫോക്കസ് മാറും. ഇത് ക്ഷണനേരം കൊണ്ടു സാധിക്കും. ഇതിനാൽ ഫോക്കസ് ഷിഫ്റ്റിങ്ങിലെ ജെർക്ക് നമുക്കു ഫീൽ ചെയ്യുകയില്ല. ഇത് സിനിമാ രംഗങ്ങളിൽ വലിയ ഉപകാരം ചെയ്യുന്ന ഫീച്ചർ ആണ്.  

സിനിമാറ്റിക് മോഡിൽ ഫ്രെയിം പെർ സെക്കൻഡ് കുറയും.

 

ഐഫോൺ 13 - ഫുൾഎച്ച്ഡി(1080p) 30 ഫ്രെയിം പെർ സെക്കൻഡ് (fps).

fursat-1

ഐഫോൺ 14 പ്രോ- 4 കെ 30 ഫ്രെയിം പെർ സെക്കൻഡ് 

 

∙ സ്റ്റബിലൈസേഷൻ കിടു

 

ഐഫോൺ വിഡിയോകൾ നല്ല സ്റ്റബിലൈസേഷൻ വിഡിയോ ഔട്ട് ആണു നൽകുക. മുൻമോഡലുകളിൽ ക്യാമറയുടെ ലെൻസ് ഷിഫ്റ്റ്  ചെയ്യുന്നതിലൂടെയാണ് ദൃശ്യങ്ങളിലെ ഇളക്കം മാറ്റിയിരുന്നത് (ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ). എന്നാൽ ഐഫോൺ 13 മുതൽ സെൻസർ ഷിഫ്റ്റ് ചെയ്യുന്ന നൂതനരീതിയാണ്. ഐഫോൺ 14 പ്രോയിൽ സെൻസർ ഷിഫ്റ്റ് സ്റ്റബിലൈസേഷന്റെ രണ്ടാം തലമുറ വിദ്യയാണ്.  ക്യാമറ കൊണ്ടോടിയാലും കുലുക്കമില്ലാത്ത വിഷ്വൽ കിട്ടും. ഫർസാത് മൂവിയിൽ ഇങ്ങനെ ക്യാമറ കയ്യിൽ പിടിച്ചാണ് വിഡിയോഗ്രഫർ ഓടുന്നത്. ഷെയ്ക്ക് ഇല്ലാത്ത വിഡിയോ മികച്ച രീതിയിൽ ലഭിക്കും. ഒരു മൊബൈൽ ഗിംബൽ ഉണ്ടെങ്കിൽ അതിലും സുന്ദരമായ, സ്റ്റബിലൈസ്ഡ് ദൃശ്യങ്ങൾ പകർത്താം. വൻ ഷൂട്ടിങ് പ്രൊജക്ടുകളിൽ ഒരു വലിയ പട തന്നെയുണ്ടാകും ക്യാമറയുടെ ഇത്തരം പ്രവർത്തികൾക്കു പിന്നിൽ. ഐഫോണിന് ഇതൊന്നും വേണ്ട. 

 

fursat

∙ വെതർ പ്രൂഫ് ബോഡി 

 

ഐഫോൺ ക്യാമറ കൊണ്ടു സ്വിമ്മിങ് പൂളിൽ ചാടുന്നവരുണ്ട്. നല്ല ദൃശ്യങ്ങൾ ഏതു സാഹചര്യത്തിലും പകർത്താമെന്നർഥം. പലപ്പോഴും വലിയ സിനിമാ ക്യാമറകൾക്ക് ഇതൊരു വെല്ലുവിളിയാണ്. 6 മീറ്റർ ആഴത്തിൽ മുപ്പതു മിനിറ്റ് വരെ ക്യാമറ വെള്ളത്തിനടിയിൽ വയ്ക്കാമെന്നു കമ്പനി അവകാശപ്പെടുന്നു. 

 

fursat-2

∙ ക്യാമറാ ആംഗിൾ

 

ഒരു വലിയ ക്യാമറ വയ്ക്കേണ്ട സ്ഥലത്ത് സ്ലിം ആയ ഫോൺ മതിയാകുമെന്നത് ഫ്രെയിമിങ്ങിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നു. അസാധ്യ ആംഗിളിലൊക്കെ ഫോൺ വെറുതെ വച്ചാൽ മതി. ഫർസാതിലെ ഒരു സീനിൽ ഓട്ടത്തിനിടയ്ക്ക് നായകൻ ചാടുന്ന രംഗമുണ്ട്. നിലത്തു വെറുതേ വച്ച ഫോണിനു മുകളിലൂടെയാണ് ആ ചാട്ടം. 

 

∙ വിഡിയോ ക്വാളിറ്റി

 

60 ഫ്രെയിം പെർ സെക്കൻഡിൽ 4കെ വിഡിയോ ഷൂട്ട് ചെയ്യാം. എച്ച്ഡിആർ വിഡിയോ റെക്കോർഡിങ് ഡോൾബി വിഷനോടു കൂടിയതാണ്. 

 

∙ നോയ്സ് കുറവ്

 

രാത്രിയിലും ഐഫോൺ ക്യാമറയിലെ ദൃശ്യങ്ങൾ താരതമ്യേന നോയ്സ് കുറഞ്ഞവയാണ്. കൃത്രിമമായ ലൈറ്റിങ് നൽകിയാണ് മികച്ച ക്യാമറ ടീം രാത്രി വിഡിയോ ഷൂട്ട് ചെയ്യുക. എന്നാൽ ചെറിയ ചില ലൈറ്റിങ് പൊടിക്കൈകൾ കൊണ്ടുതന്നെ ഗംഭീര വിഷ്വലുകൾ ഐഫോണുകളിൽ നിന്നു ലഭിക്കും. ഐഎസ്ഒ പെർഫോമൻസിൽ ഐഫോൺ പുലിയാണ്. താരതമ്യനേ മറ്റു പ്രീമിയം ഫോണുകളുടേതിൽ നിന്നു വ്യത്യസ്തമായി നോയ്സ് കുറയുന്നതും കുറഞ്ഞ ലൈറ്റിലും മികവാർന്ന നിറം പകർത്താൻ കഴിയുന്നതും മറ്റു മേൻമകളാണ്.

 

∙ ഐഫോൺ 14 പ്രോയിൽ

 

പ്രോ ക്യാമറ സിസ്റ്റം ആണുള്ളത് - 48 മെഗാപിക്സൽ ശേഷിയുള്ളതാണു ക്യാമറ. അപാര ഡീറ്റയിൽസ് പകർത്താമെന്നതു നേട്ടം. വിഡിയോയിൽ ഒപ്റ്റിക്കൽ സൂം 3x ആണ്. ഫ്രെയിമിലെ മുഖങ്ങളൊക്കെ ക്ലട്ടർ ഇല്ലാതെ പകർത്താം. വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ പ്രോ ക്യാമറാ സിസ്റ്റം മികച്ച വിഷ്വലുകൾ പകർത്തിനൽകും.

 

English Summary: Apple shares Shot on iPhone 14 Pro video directed by Vishal Bhardwaj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com