ADVERTISEMENT

ലോകത്തെമ്പാടുമുള്ള ക്യാമറ, ഫൊട്ടോഗ്രഫി പ്രേമികള്‍ക്ക് പതിറ്റാണ്ടുകളായി ആശയങ്ങളും പിന്തുണയും നല്‍കിയിരുന്ന ഡിപിറിവ്യൂ.കോം നിർത്തുന്നു. ഓണ്‍ലൈന്‍ വ്യവസായ ഭീമന്‍ ആമസോണ്‍ ഏറ്റെടുത്തു നടത്തിവന്നിരുന്ന, ഡിപിആര്‍ എന്നും അറിയപ്പെട്ടിരുന്ന ഈ വെബ്‌സൈറ്റായിരുന്നു ഫൊട്ടോഗ്രഫി സംബന്ധമായ വിഷയങ്ങള്‍ക്ക് ഏറ്റവും ആധികാരികവും സമ്പൂര്‍ണവുമായ വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നത്. ഈ വെബ്‌സൈറ്റിനു പകരം വയ്ക്കാൻ മറ്റൊന്നില്ലെന്നതാണ് ലോകമെമ്പാടുമുള്ള ഫൊട്ടോഗ്രഫി പ്രേമികളെ നിരാശരാക്കുന്നത്.

∙ ഏപ്രില്‍ ഫൂളോ?

'ഡിപിറിവ്യൂ.കോം ടു ക്ലോസ്' എന്ന അറിയിപ്പു വന്നതോടെ ഇത് ഏപ്രില്‍ ഫൂളല്ല എന്നുറപ്പുവരുത്താനായിരുന്നു പലര്‍ക്കും തിടുക്കം. എന്നാല്‍, ആ കുറിപ്പിന്റെ ഉള്ളടക്കത്തില്‍ പറയുന്നതുപോലെ ഏപ്രില്‍ 10 മുതല്‍ വെബ്‌സൈറ്റ് സജീവമായി നിലനിർത്തുന്നില്ല എന്ന പ്രഖ്യാപനം അത്തരം സാധ്യതകളെ ഇല്ലാതാക്കി. ഏപ്രില്‍ 10 വരെ ഡിപിറിവ്യൂവിന്റെ എഡിറ്റോറിയല്‍ ടീം കണ്ടെന്റ് നൽകും. അപ്രതീക്ഷിത തീരുമാനത്തില്‍ ഞെട്ടിയ ടീമംഗങ്ങളും വൈകാരികമായ പ്രതികരണങ്ങളാണ് നടത്തുന്നത്. ഡിപിറിവ്യൂവില്‍ ഇന്നുള്ള ഓരോ ജോലിക്കാരനും ഇവിടെ ജോലിക്കു ചേരുന്നതിനു മുൻപ് ഈ വെബ്‌സൈറ്റിന്റെ വായനക്കാരനോ വായനക്കാരിയോ ആയിരുന്നു എന്നും അവര്‍ പറയുന്നു. തങ്ങള്‍ക്കു നല്‍കിയ എല്ലാ പിന്തുണയ്ക്കും അവര്‍ വായനക്കാര്‍ക്കും നന്ദി അറിയിക്കുന്നു. 2023 ഏപ്രില്‍ 10 മുതല്‍ പുതിയ അപ്‌ഡേറ്റ് ഉണ്ടാവില്ലെങ്കിലും കുറച്ചുകാലത്തേക്ക് വെബ്‌സൈറ്റ് വായിക്കാനായി മാത്രം നിലനിര്‍ത്തുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. ഡിപിറിവ്യൂവില്‍ ടെക്‌സ്റ്റ്, ഫോട്ടോ, വിഡിയോ കണ്ടെന്റുകൾ അപ്‌ലോഡ് ചെയ്തരിക്കുന്ന ആയിരക്കണക്കിന് ആളുകളുണ്ട്. അവരോട് ഇത് ഏപ്രില്‍ 6ന് മുൻപായി ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇതിനായുള്ള ലിങ്ക് ഇതാ: https://bit.ly/3FG0mGU

∙ കാല്‍ നൂറ്റാണ്ടിലെ നിസ്തുലമായ സേവനം

ഫില്‍ ആസ്‌കി എന്ന വ്യക്തി 1998ല്‍ തുടങ്ങിയതാണ് ഡിപിറിവ്യൂ വെബ്‌സൈറ്റ്. അദ്ദേഹത്തിന്റെ സിംഗപ്പൂരുള്ള വസതിയായിരുന്നു ആദ്യകാലത്ത് വെബ്‌സൈറ്റിന്റെ ഓഫിസും. തുടര്‍ന്ന് 2000 ത്തിന്റെ തുടക്കത്തില്‍ ലണ്ടനില്‍ ഒരു സ്ഥിരം ഓഫിസ് തുടങ്ങി. ഈ വെബ്‌സൈറ്റ് ആമസോണ്‍ ഏറ്റെടുക്കുന്നത് 2007ല്‍ ആണ്. തങ്ങള്‍ ഒരു ഓണ്‍ലൈന്‍ വില്‍പനാ സ്ഥാപനം നടത്തുന്നുണ്ടെങ്കിലും ഡിപിറിവ്യൂവിലെ കണ്ടെന്റ് പക്ഷപാതമില്ലാത്തത് ആയിരിക്കുമെന്ന് ആമസോണ്‍ ഫില്ലിന് ഉറപ്പു നല്‍കിയിരുന്നു. അത് ഇന്നുവരെ പാലിക്കപ്പെട്ടെന്നും പറയാം. ഇപ്പോള്‍ 11 പേരാണ് വെബ്‌സൈറ്റിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിലുള്ളത്.

∙ ഉള്ളടക്കത്തില്‍ മയങ്ങി ഫൊട്ടോഗ്രഫി പ്രേമികള്‍

ക്യാമറകളെയും ഫൊട്ടോഗ്രഫിയെയും സ്‌നേഹിക്കുന്നവര്‍ ഒരിക്കല്‍ ഡിപിറിവ്യൂ സന്ദര്‍ശിച്ചാല്‍ അവര്‍ക്ക് പിന്നെയും അവിടേക്ക് മടങ്ങി വരാതിരിക്കാനാവില്ല. ഈ ലേഖകന്‍ 2005ല്‍ ആണ് ആദ്യമായി ഡിപിആര്‍ സന്ദര്‍ശിക്കുന്നത്. പിന്നീടൊരു നിത്യസന്ദര്‍ശകന്‍ തന്നെ ആയിരുന്നു. തെറ്റില്ലാത്ത, ഗുണമേന്മയുള്ള കണ്ടെന്റ് ആയിരുന്നു ആകര്‍ഷണീയത. ഡിജിറ്റല്‍ ഫൊട്ടോഗ്രഫിയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലു തന്നെയായിരുന്നു ഡിപിറിവ്യൂ. ഓരോ മാസവും ഏകദേശം 70 ലക്ഷം യൂണീക് വിസിറ്റര്‍മാരാണ് വെബ്‌സൈറ്റിന് ഉണ്ടായിരുന്നത് എന്നതു തന്നെ അതിന്റെ മാഹാത്മ്യം വിളിച്ചറിയിക്കുന്നു.

∙ നഷ്ടപ്പെടുന്നത് ആധികാരികത

ഫൊട്ടോഗ്രഫി സംബന്ധമായ കാര്യങ്ങള്‍ക്ക് അന്തിമ വാക്കായിരുന്നു ഡിപിറിവ്യൂ. പുതിയ ക്യാമറകളെയും ലെന്‍സുകളെയും സോഫ്റ്റ്‌വെയറിനെയും കുറിച്ച് വിശ്വസിക്കാവുന്നതും തെറ്റില്ലാത്തതുമായ (സാങ്കേതികത്വത്തിന്റെ കാര്യത്തിലും ഭാഷയുടെ കാര്യത്തിലും) എഴുത്തും ഡിപിറിവ്യൂവിനെ വേറിട്ട അനുഭവമാക്കി. പുതിയ ക്യാമറകളും ലെന്‍സുകളുമൊക്കെ ഇറക്കുന്നതിനു മുൻപ് തന്നെ ഡിപിറിവ്യൂ എഡിറ്റര്‍മാര്‍ക്കു നല്‍കുമായിരുന്നു. പുറത്തിറക്കുന്ന അന്നു തന്നെ ഫസ്റ്റ് ഇംപ്രഷന്‍ റിവ്യൂകളും വെബ്‌സൈറ്റില്‍ വന്നിരുന്നു. ഡെയ്ല്‍ ബാസ്‌കിന്‍ ആണ് ഇപ്പോള്‍ ഡിപിആറിന്റെ എഡിറ്റര്‍.

∙ ഡിപിആറിലും ഒരു ഇന്ത്യക്കാരന്‍ - റിഷി സന്യാല്‍

ക്യാമറാ സാങ്കേതികവിദ്യ ശാസ്ത്രീയമായി അപഗ്രഥിക്കാനും കഴിവുള്ളതായിരുന്നു ഡിപിആര്‍. ഡിപിആറിന്റെ സയന്‍സ് എഡിറ്ററാണ് റിഷി സന്യാല്‍. അടുത്തിടെ ബയോഫിസിക്‌സില്‍ പിഎച്ഡി നേടിയ റിഷിയുടെ ഏറ്റവും വലിയ താത്പര്യം ഫൊട്ടോഗ്രഫി തന്നെയായിരുന്നു. ഈ മേഖലയിലെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് പഠിച്ചെഴുതുക എന്നതായിരുന്നു റിഷിയുടെ ജോലി. ഷമിന്ദര്‍ ദുളൈയും ഡിപിറിവ്യു സ്റ്റാഫ് ആണ്.

∙ റിച്ചഡ് ബട്‌ളര്‍

ആരെങ്കിലുമൊക്കെ ജോലിചെയ്യുന്ന ഇടമല്ല ഡിപിആര്‍ എന്ന് വ്യക്തമാക്കുന്നതാണ് റിച്ചഡ് ബട്‌ളറുടെ പ്രൊഫൈലും. ശാസ്ത്രജ്ഞനായി ഗ്രാജുവേറ്റ് ആയ വ്യക്തിയാണ് റിച്ചഡ്. സയന്‍സ്, എൻജിനീയറിങ് എന്നിവയില്‍ വരുന്ന പുതിയ മാറ്റങ്ങള്‍ സശ്രദ്ധം പഠിക്കുന്ന ആളുമാണ് റിച്ചഡ്. വെബ്‌സൈറ്റിന്റെ ആദ്യ ഉടമ ഫില്‍ തന്നെയാണ് റിച്ചഡിനെ 2007ല്‍ ഡിപിആറില്‍ ജോലിക്കെടുത്തത്.

∙ ക്രിസ് നിക്കൊള്‍സും ജോര്‍ഡന്‍ ഡ്രെയ്കും

ക്യാമറാ സ്‌റ്റോറിനു വേണ്ടി ക്യാമറകളും മറ്റും വിഡിയോ റിവ്യൂ ചെയ്തിരുന്നവരാണ് ക്രിസ് നിക്കൊള്‍സും ജോര്‍ഡന്‍ ഡ്രെയ്കും. അവര്‍ കഴിഞ്ഞ 5 വര്‍ഷമായി ഡിപിആറില്‍ ചേര്‍ന്നിട്ട്. തമാശ അടക്കം ഉള്‍പ്പെടുത്തി, എന്നാല്‍ ഒട്ടും ഗൗരവം ചോര്‍ന്നുപോകാതെ സരസമായ അവരുടെ അവതരണം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. ക്രിസ് ഒരു ക്യാമറയുടെ ഫൊട്ടോഗ്രഫി ശേഷിയെക്കുറിച്ചും ജോര്‍ഡന്‍ അതിന്റെ വിഡിയോ റെക്കോഡിങ് സാധ്യതകളെക്കുറിച്ചുമാണ് സംസാരിക്കുക. ഡിപിറിവ്യൂ ടിവി എന്ന പേരിലായിരുന്നു ഇരുവരും ചേര്‍ന്നു നടത്തുന്ന വിഡിയോറിവ്യുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്.

∙ 'ഡിപിറിവ്യൂ ഈസ് ഡണ്‍'

പൂട്ടാനുള്ള തീരുമാനം അറിയിച്ച് 'ഡിപിറിവ്യൂ ഈസ് ഡണ്‍' എന്ന തലക്കെട്ടുമായി ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ച വിഡിയോ ഇവിടെ കാണാം: https://youtu.be/YLikDUacsC8

ടൈംലൈനില്‍ 4.26 മുതലുള്ള കുറച്ചു സെക്കന്‍ഡുകള്‍ ജോര്‍ഡന്റെ മുഖത്തെ നൈരാശ്യം ലോകമെമ്പാടുമുള്ള ഫൊട്ടോഗ്രഫി പ്രേമികളുടെ മൊത്തം വികാരമായി കാണാം. എഡിറ്റോറിയല്‍ ടീമിലുണ്ടായിരുന്ന ക്യാറി റോസ്, മുന്‍ എഡിറ്റര്‍ ബാര്‍ണി ബ്രിട്ടൻ തുടങ്ങിയവരും ശ്രദ്ധേയരാണ്.

Photo: Fujifilm
Photo: Fujifilm

∙ ലേഖനങ്ങള്‍ക്കും റിവ്യുകള്‍ക്കും അപ്പുറത്തും ഡിപിആറിന് പ്രസക്തി

ഡിപിആറില്‍ മിക്കവാറും എല്ലാ ക്യാമറകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പോസ്റ്റു ചെയ്യാനുളള ഇടം കൂടിയാണ്. സംശയങ്ങളും മറ്റും ഇട്ടാല്‍ ഉടന്‍ അവയ്ക്ക് മറുപടികളുമായി ധാരാളം പേര്‍ എത്തും. ഈ ലേഖകന്റെ ക്യാമറയില്‍ എടുത്ത ചിത്രങ്ങളില്‍ പതിഞ്ഞ 'എട്ടുകാലിവല'യുടെ ചിത്രങ്ങള്‍ അടക്കം ഡിപിആര്‍ ഫോറത്തില്‍ അപ്‌ലോഡ് ചെയ്തിരുന്നു. അത് സെന്‍സര്‍ ഫംഗസ് ആണെന്നും എത്രയും വേഗം ക്ലീന്‍ ചെയ്യിക്കണമെന്നും ഫോട്ടോ എടുത്തിരിക്കുന്നത് എഫ്5.6ല്‍ ആണ്, എഫ്16 അല്ലെങ്കില്‍ എഫ്22 ഉപയോഗിച്ച് ചിത്രമെടുത്താല്‍ ഇത് വ്യക്തമായി കാണാമെന്നുമെല്ലാം ധാരാളം ഉപദേശങ്ങള്‍ ലഭിച്ചത് ഓര്‍ക്കാതെ വയ്യ. ഉപദേശം നല്‍കിയത് ഡിപിആര്‍ സ്റ്റാഫല്ല. മറിച്ച് ഫോറത്തിലുള്ള മെമ്പര്‍മാരാണ്. ഇങ്ങനെ സഹായിക്കുന്നതിലും ഫൊട്ടോഗ്രഫി സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലും ഇതിലെ അംഗങ്ങള്‍ ആനന്ദം കണ്ടെത്തിയിരുന്നു. ഇങ്ങനെ ലോകമെമ്പാടു നിന്നുമുള്ളവർ ചോദിച്ച ചോദ്യങ്ങളും അവയ്ക്കു ലഭിച്ച ഉത്തരങ്ങളും ക്യാമറാ-ഫൊട്ടോഗ്രഫി പ്രേമികള്‍ക്ക് അമൂല്യമായ വിഭവസമ്പത്താണ്. അതെല്ലാം, കുറച്ചു കാലത്തേക്കു കൂടി നിലനിര്‍ത്തിയ ശേഷം ലഭ്യമല്ലാതാക്കും എന്നാണ് ആമസോണ്‍ പറഞ്ഞിരിക്കുന്നത്.

∙ എന്തിനാണ് ഡിപിആര്‍ പുട്ടുന്നത്?

ആമസോണില്‍ ജോലിക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായിട്ടാണ് ഡിപിആര്‍ പൂട്ടുന്നത്. കമ്പനി മേധാവി ജെഫ് ബേസോസിന് 12400 കോടി ഡോളര്‍ ആസ്തിയുണ്ട്. ഡിപിറിവ്യൂ ടീമിലെ ഏതാനും പേര്‍ക്ക് ശമ്പളം നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കില്ലേ എന്നൊക്കെ രോഷാകുലാരായ ഫൊട്ടോഗ്രഫി പ്രേമികള്‍ തങ്ങളുടെ അഭിപ്രായം കുറിക്കുന്നു. അതേസമയം, കോര്‍പറേറ്റ് കമ്പനിയുടെ അധീനതയിലാകേണ്ടിവന്ന ഒരു വെബ്‌സൈറ്റിന് ഈ ഗതി വന്നതില്‍ അദ്ഭുതപ്പെടേണ്ടെന്നും കമന്റുകള്‍ പറയുന്നു.

nikon-z9-

∙ ആരെങ്കിലും ഏറ്റെടുക്കുമോ?

ഇലോണ്‍ മസ്‌ക്, കടന്നുവരൂ. ഞങ്ങളെ രക്ഷിക്കൂ എന്നൊരു കമന്റ് വന്നിരുന്നു. എന്നാല്‍, മസ്‌കിനെ പോലെയൊരാളെ ഡിപിആറിന്റെ ശ്രേഷ്ഠരായ സ്റ്റാഫിനെ പിച്ചിച്ചീന്താന്‍ വിളിച്ചുകൊണ്ടു വരരുത് എന്നായിരുന്നു കമന്റിനു ലഭിച്ച മറുപടി. മസ്‌ക് ട്വിറ്ററില്‍ നടത്തിയ പിരിച്ചുവിടല്‍ കണ്ടായിരിക്കാം മറുപടി. അതുപോലെ, സോണിയും ക്യാനനും നിക്കോണുമൊക്കെ ചേര്‍ന്ന് ഡിപിറിവ്യൂ.കോം ഏറ്റെടുത്ത് നിലനിര്‍ത്തണം തുടങ്ങിയ അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഡിപിആര്‍ യുഗം അവസാനിക്കാന്‍ തന്നെയുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്.

English Summary: Amazon layoffs will shut down camera review site DPReview.com after 25 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com