ADVERTISEMENT

അധികം സങ്കീര്‍ണതകളില്ലാതെ വിഡിയോ റെക്കോഡ് ചെയ്യാനാഗ്രഹിക്കുന്ന വ്‌ളോഗര്‍മാര്‍ക്കായി ക്യമറകള്‍ ഇറക്കുന്നതില്‍ കമ്പനികള്‍ തമ്മിൽ മത്സരിക്കുകയാണ്. സോണിയുടെ സെഡ്‌വി-1 മാര്‍ക് 2 ആണ് വ്‌ളോഗർമാർക്കുള്ള പുതിയ ക്യാമറ. സോണിയുടെ സെഡ്‌വി-1 ക്യാമറയുടെ അടുത്ത വേരിയന്റാണ് ഇതെങ്കിലും എടുത്തു പറയത്തക്ക പുതുമകളും ഫീച്ചറുകളും ഇതിനുണ്ടോ? പരിശോധിക്കാം:

∙ വില

 

ജൂണ്‍ മധ്യത്തില്‍ വില്‍പനയ്‌ക്കെത്തുമെന്നു കരുതുന്ന സെഡ്‌വി-1 മാര്‍ക് 2 ക്യാമറയ്ക്ക് 899.99 ഡോളറാണ് വിലയിട്ടിരിക്കുന്നത്. സോണിയുടെ ഷൂട്ടിങ് ഗ്രിപ്പും ഒപ്പം വാങ്ങുന്നുണ്ടെങ്കില്‍ 139.99 ഡോളര്‍ അധികമായി നല്‍കണം. അതേസമയം, അധികം പരുക്കില്ലാത്ത സെഡ്‌വി-1 മോഡല്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്ന് വില കുറച്ച് ലഭിക്കുമെങ്കില്‍ അതും നല്ല ഓപ്ഷനായി കാണാമെന്ന് വാദമുണ്ട്. സെഡ്‌വി-1നെ അപേക്ഷിച്ച് സെഡ്‌വി-1 മാര്‍ക് 2ന് എടുത്തുപറയത്തക്ക മികവ് ഓട്ടോഫോക്കസിങ്ങിലാണ്.

 

∙ 20 എംപി സെന്‍സര്‍, 18-50 എംഎം സൂം ലെന്‍സ്

 

സെഡ്‌വി-1 മാര്‍ക് 2ന് ഒരു 20 എംപി ടൈപ്-1 സ്റ്റാക്ട് സീമോസ് സെന്‍സറും 18-50 എംഎം, എഫ്എ1.8-4.0 സൂം ലെന്‍സുമാണ് ഉള്ളത്. സ്റ്റാക്ട് സീമോസ് സെന്‍സര്‍ ആയതിനാല്‍ മികച്ച റീഡ്ഔട്ട് സ്പീഡ് ഉണ്ട്. റോളിങ് ഷട്ടര്‍ എഫക്ട് താരമ്യേന കുറവാണ്. ആദ്യതലമുറ ക്യാമറയുടെ ലെന്‍സിന് 24-70 സൂം റേഞ്ചാണ് ഉള്ളത്. ഇതിന് ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. എന്നാല്‍, മാര്‍ക് 2 വേര്‍ഷന് 18 എംഎം വൈഡ് ലഭിക്കും. ഇത് വ്‌ളോഗര്‍മാര്‍ക്കും മറ്റും കൂടുതല്‍ വിശാലമായ ദൃശ്യങ്ങള്‍ കാണിക്കാന്‍ അനുവദിക്കും. പക്ഷേ, ഒരു കുഴപ്പമുണ്ട്. പുതിയ ക്യാമറയ്ക്ക് ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഇല്ല. അതേസമയം, ഡിജിറ്റല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാല്‍ ഫോക്കല്‍ ലെങ്ത് 22എംഎം പോലെയാകും. അതായത് മാര്‍ക് 1നേക്കാള്‍ പറയത്തക്ക വൈഡ് വ്യൂ കിട്ടില്ല. അതേസമയം, ആദ്യ വേര്‍ഷന്റെ 70എംഎം റീച്ചും കിട്ടില്ല. എന്നാല്‍, ഡിജിറ്റല്‍ സ്റ്റബിലൈസേഷന്‍ ഉപയോഗിക്കാതെ ഗിംബളും ട്രൈപ്പോഡും ഒക്കെ ഉപയോഗിച്ചു ഷൂട്ടു ചെയ്യുന്നവരാണെങ്കില്‍ പുതിയ ക്യാമറ ഉപയോഗിച്ച് കൂടുതല്‍ വിശാലമായ ദൃശ്യങ്ങള്‍ പിടിച്ചെടുക്കാം.

 

∙ 4കെ 30പി, 1080 120പി

 

സെഡ്‌വി-1 മാര്‍ക് 2ന് 4കെ 30പി വരെയും 1080 120പി വരെയും വിഡിയോ ഷൂട്ടു ചെയ്യാനുള്ള ശേഷിയുണ്ട്. സ്റ്റില്‍ ചിത്രങ്ങള്‍ സെക്കന്‍ഡില്‍ 24 ഫ്രെയിം വരെ ഷൂട്ടു ചെയ്യാം. റോ, ജെയ്‌പെഗ് ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ടു ചെയ്യുന്നു. ഇത്തരത്തില്‍ 800 ജെയ്‌പെഗ് ചിത്രങ്ങള്‍ വരെ ബഫര്‍ ചെയ്യാനുള്ള ശേഷിയും ഈ കൊച്ചു ക്യാമറയ്ക്ക് ഉണ്ട്. പുതിയ മോഡലിന് എസ്-ലോഗ്2, എസ്-ലോഗ്3 പ്രൊഫൈലുകള്‍ ഉണ്ടെങ്കിലും ക്യാമറയ്ക്ക് 8 ബിറ്റ് ഫയലുകൾ നല്‍കാനേ സാധിക്കൂ. ഗ്രേഡിങ്ങും മറ്റും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു കുറവായി തോന്നാം.

 

∙ മൈക് ഉണ്ട്, ഹെഡ്‌ഫോണ്‍ സോക്കറ്റ് ഇല്ല

 

ആദ്യ മോഡലിനെ പോലെ സെഡ്‌വി1 മാര്‍ക് 2ന് മൂന്നു ക്യാപ്‌സ്യൂള്‍ മൈക്കുകളാണ് ഉള്ളത്. ഇരു മോഡലുകള്‍ക്കും ഓഡിയോ മോണിട്ടറിങ്ങിനുള്ള ഹെഡ്‌ഫോണ്‍ സോക്കറ്റ് ഇല്ല. എന്‍ഡി ഫില്‍റ്റര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ വെളിച്ചം അധികമുള്ള സമയങ്ങളില്‍ വൈഡ് അപേര്‍ചര്‍ ഉപയോഗിച്ചു ഷൂട്ടു ചെയ്യാന്‍ സഹായകമായിരിക്കും. എന്നാല്‍, ഷട്ടര്‍ സ്പീഡ് 1/4 വരെയെ കുറയൂ എന്നത് ചില ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കുറവായി തോന്നാം.

 

∙ ഷൂട്ടിങ് എളുപ്പമാക്കാന്‍ പല മോഡുകളും

 

സിനിമാറ്റിക് വ്‌ളോഗ് സെറ്റിങ്, ക്രിയേറ്റിവ് ലുക്, ഫെയ്‌സ് പ്രയോറിറ്റി ഓട്ടോ എക്‌സ്‌പോഷര്‍, സോഫ്റ്റ് സ്‌കിന്‍ എഫക്ട്, ഫാസ്റ്റ് ഹൈബ്രിഡ് ഓട്ടോഫോക്കസ്, പ്രൊഡക്ട് ഷോകെയ്‌സ് സെറ്റിങ് തുടങ്ങി പല ഫീച്ചറുകളും സെഡ്‌വി-1 മാര്‍ക് 2ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

 

∙ ഫോട്ടോഷോപ്പില്‍ ജനറേറ്റീവ് എഐ ഫീച്ചറുകള്‍

 

ജനറേറ്റിവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷി ഉള്‍ക്കൊള്ളിച്ച ഓപ്പണ്‍എഐയുടെ ഡാല്‍-ഇ തുടങ്ങി പല പ്രോഗ്രാമുകളും ഉപയോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചു മുന്നേറുകയാണിപ്പോള്‍. ഫോട്ടോ എഡിറ്റിങ്ങിന്റെ അന്തിമ വാക്കായ ഫോട്ടോഷോപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന അഡോബിയും ജനറേറ്റിവ് എഐ തങ്ങളുടെ ആപ്പില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഡാല്‍-ഇയും മറ്റും ടെക്‌സ്റ്റ് ഉപയോഗിച്ചു നല്‍കുന്ന കമാന്‍ഡ് ചിത്രങ്ങളാക്കാനുള്ള അപാരശേഷിയാണ് പ്രകടിപ്പിച്ചിരിക്കുന്നതെങ്കിലും വമ്പന്‍ കമ്പനികള്‍ ഇവ ഉപയോഗിക്കാതിരിക്കാൻ ഒരു കാരണമുണ്ട്. ഇത്തരം ആപ്പുകള്‍ പ്രയോജനപ്പെടുത്തുന്ന ഡേറ്റ നിയമവിധേയമാണോ എന്ന ചോദ്യമാണ് കമ്പനികള്‍ ഉന്നയിക്കുന്നത്. അതോടെ, ഡാല്‍-ഇ പോലെയുള്ള സേവനങ്ങളുടെ വളര്‍ച്ചയെക്കുറിച്ച് ആശങ്കയുണ്ടായി.

 

∙ ഫയര്‍ഫ്‌ളൈ

 

ഈ പ്രശ്‌നത്തിന് ഒരു പരിഹാരവുമായാണ് അഡോബി എത്തിയിരിക്കുന്നത്. പകര്‍പ്പാവകാശവുമായുള്ള ആശങ്കകള്‍ ശമിപ്പിക്കാനായി അവര്‍ ഒരു കോര്‍ ടെക്‌നോളജി സിസ്റ്റമാണ് ഉപയോഗിക്കുന്നത്. അഡോബി ഇതിനെ ഫയര്‍ഫ്‌ളൈ എന്നാണ് വിളിക്കുന്നത്. ഇതിലുള്ള കണ്ടെന്റ് ഉപയോഗിക്കുമ്പോള്‍ നിയമപരമായി പ്രശ്‌നമുണ്ടാവില്ല. അത്തരം ഉള്ളടക്കം മാത്രമാണ് ഫയര്‍ഫ്‌ളൈയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനാല്‍ തന്നെ ഇത് ബിസിനസ് സ്ഥാപനങ്ങള്‍ക്കും പേടിക്കാതെ പ്രയോജനപ്പെടുത്താമെന്ന് അഡോബി പറയുന്നു. കഴിഞ്ഞ ആറാഴ്ചയോളം ഇതിനു മാത്രമായി സൃഷ്ടിച്ച ഒരു വെബ്‌സൈറ്റില്‍ പരീക്ഷിച്ച ശേഷമാണ് ഫീച്ചര്‍ ഫോട്ടോഷോപ്പില്‍ എത്തുന്നത്.

 

∙ ജനറേറ്റീവ് ഫില്‍

 

ഏറ്റവും ആകര്‍ഷകമായ പുതിയ ഫീച്ചറുകളിലൊന്ന് ജനറേറ്റീവ് ഫില്‍ എന്നാണ് അറിയപ്പെടുന്നത്. അധികമായി ക്രോപ്പു ചെയ്യപ്പെട്ട ഒരു ഫോട്ടോ, കംപ്യൂട്ടര്‍ ജനറേറ്റഡ് കണ്ടെന്റ് ഉപയോഗിച്ച് വലുതാക്കാന്‍ ഇനി സാധിക്കുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഇതിനൊപ്പം ടെക്സ്റ്റ് കമാന്‍ഡ് ഉപയോഗിച്ചു നല്‍കുന്ന നിര്‍ദേശമനുസരിച്ചുളള മാറ്റങ്ങള്‍ കൊണ്ടുവരാനും ഇതിനു സാധിക്കും.

 

∙ ഒരു പൂവിന്റെ ചിത്രം പൂന്തോട്ടമാക്കി മാറ്റാനാകുന്നത് ഇങ്ങനെ

 

ഒരു പൂവിന്റെ മാത്രം ഫോട്ടോയാണ് എടുത്തതെന്നു കരുതുക. ഇത് ഒരു പൂന്തോട്ടമായി വികസിപ്പിക്കാം. ഇനി ആ പൂന്തോട്ടത്തിനു പിന്നില്‍ ഒരു മലനിര കൂടി വന്നോട്ടെ എന്ന് വാക്കാല്‍ കമാന്‍ഡ് നല്‍കിയാല്‍ അതും സൃഷ്ടിക്കാന്‍ ഇനി ഫോട്ടോഷോപ്പിന് സാധിക്കും. ഡാല്‍-ഇ പോലെയുള്ള സേവനങ്ങള്‍ക്കും ഇത് നിഷ്പ്രയാസം സാധിക്കും. എന്നാല്‍, ഡാല്‍-ഇ എവിടെ നിന്നാണ് ഇങ്ങനെ ഫില്‍ ചെയ്യാനുള്ള കണ്ടെന്റ് എടുത്തതെന്ന് വ്യക്തമല്ലാത്തതിനാല്‍ നിയമനടപടികള്‍ പേടിക്കുന്ന ബിസിനസ് സ്ഥാപനങ്ങളും മറ്റും അത് ഉപയോഗിക്കാന്‍ അധികം താത്പര്യം കാണിക്കുന്നില്ല.

 

∙ ഗ്രാഫിക് ആര്‍ട്ടിസ്റ്റുകളുടെ ജോലി പോകുമോ?

 

പുതിയ മാറ്റം വരുന്നതോടെ ഗ്രാഫിക് ആര്‍ട്ടിസ്റ്റുകള്‍ക്കും മറ്റും ജോലി പോകുമോ എന്ന പേടിയും ഉയരുന്നു. അതേസമയം, അഡോബിയുടെ ചീഫ് ടെക്‌നോളജി ഓഫിസര്‍ ഫോര്‍ ഡിജിറ്റല്‍ മീഡിയ, എലി (Ely) ഗ്രീന്‍ഫീല്‍ഡ് പറയുന്നത് ഗ്രാഫിക് ആര്‍ട്ടിസ്റ്റുകള്‍ക്ക് ജോലി എളുപ്പമാക്കുമാക്കുമെന്നാണ്. ഇപ്പോൾ ഉചിതമായ ഒരു ഫോട്ടോ കണ്ടുപിടിക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സമയമെടുത്തു സേര്‍ച്ച് ചെയ്യേണ്ടതുണ്ട്. ഇനിയിപ്പോള്‍ വാക്കാലുള്ള കമാന്‍ഡ് നല്‍കിയാല്‍ ഫോട്ടോഷോപ്പിന് ചിത്രങ്ങള്‍ക്ക് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്ന് എലി ചൂണ്ടിക്കാട്ടി. ഗ്രാഫിക്‌സ് വര്‍ക്കുകളും മറ്റും ചെയ്‌തെടുക്കാനുള്ള സമയം നാടകീയമായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അഡോബി അവകാശപ്പെടുന്നത്.

 

English Summary: Sony announces ZV-1 Mark II vlogging compact with 18-50mm equiv zoom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com