പാകിസ്ഥാന്റെ കൈവശം 170 ആണവായുധങ്ങൾ, നിർമാണം ഭൂമിക്കടിയിലെ ബങ്കറുകളില്‍; ന്യൂക്ലിയര്‍ നോട്ട്ബുക് റിപ്പോർട്ട് ഇങ്ങനെ
Mail This Article
പാകിസ്ഥാന്റെ കൈവശം 170 ആണവായുധങ്ങളുണ്ടാകുമെന്നും ഇത് 2025 ആകുമ്പോഴേക്കും 200 ആയി ഉയരുമെന്നും അമേരിക്കന്‍ ആണവശാസ്ത്രജ്ഞര്‍. സെപ്തംബര്‍ 11ന് പ്രസിദ്ധീകരിച്ച അമേരിക്കന്‍ ആണവശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ ന്യൂക്ലിയര്‍ നോട്ട്ബുക്ക് കോളത്തിലാണ് ഇക്കാര്യമുള്ളത്. അവരുടെ ആയുധങ്ങളുടെ രഹസ്യവും പരസ്യവുമായ വിവരങ്ങളും പാകിസ്ഥാന്റെ വിദേശ നയവും തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടാണ് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റുകള്‍ ആണവായുധങ്ങളുടെ കണക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉയർന്ന ഇന്ധനവിലയിലും വൈദ്യുതി മുടക്കത്തിലുമൊക്കെ ജനങ്ങളുടെ വൻപ്രതിഷേധമുയർന്ന പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ ആകെ ദുരിതത്തിലാണ്. ഇതൊക്കെയാണെങ്കിലും,പാകിസ്ഥാൻ ഇപ്പോഴും തങ്ങളുടെ ആണവായുധ ശേഖരം വർധിപ്പിക്കുകയാണത്രെ.
പാകിസ്ഥാന്‍ മാത്രമല്ല ഒരു ആണവായുധ ശേഷിയുള്ള രാഷ്ട്രവും അവരുടെ പക്കലുള്ള ആണവായുധ ശേഖരത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാവാറില്ല. അതുകൊണ്ടുതന്നെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനത്തിലാണ് ഈ കണക്കുകൂട്ടല്‍ നടത്തിയിരിക്കുന്നത്. സൈനിക പരേഡുകള്‍, സര്‍ക്കാര്‍ പ്രസ്താവനകള്‍, രഹസ്യ വിവരങ്ങള്‍, ബജറ്റ് രേഖകള്‍, രാജ്യങ്ങളുമായുള്ള ഉടമ്പടികള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍, പ്രതിരോധ ഗവേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം ഈ ആണവായുധങ്ങളുടെ കണക്കുകൂട്ടലിനു സഹായിച്ചിട്ടുണ്ട്.
'ഓരോ ഉറവിടങ്ങളില്‍ നിന്നും പരിമിതമായ വിവരങ്ങള്‍ മാത്രമാണ് ലഭിക്കുക. വ്യത്യസ്ത ഉറവിടങ്ങളുമായി വിവരങ്ങള്‍ താരതമ്യം ചെയ്താണ് വിശ്വാസ്യത ഉറപ്പിക്കുന്നത്' ന്യൂക്ലിയര്‍ നോട്ട്ബുക്ക് തയ്യാറാക്കിയവരില്‍ പ്രധാനികളായ ഹാന്‍സ് എം ക്രിസ്റ്റന്‍സനും മാറ്റ് കൊറോഡയും എലിയാന ജോണ്‍സും ചൂണ്ടിക്കാണിക്കുന്നു. 1987 മുതല്‍ ആണവശാസ്ത്രജ്ഞരുടെ കൂട്ടായ്മ ആണവശാസ്ത്രജ്ഞരുടെ ബുള്ളറ്റിനില്‍ ന്യൂക്ലിയര്‍ നോട്ട്ബുക്ക് കോളം പ്രസിദ്ധീകരിക്കുന്നുണ്ട്.
നാല് പ്ലൂട്ടോണിയം നിര്‍മാണ റിയാക്ടറുകള്‍, യുറേനിയം സംപുഷ്ടീകരണ സൗകര്യങ്ങള്‍ എന്നിവയടക്കം പാകിസ്ഥാന്റെ ആണവായുധ നിര്‍മാണത്തിനുള്ള സൗകര്യങ്ങള്‍ വികസിക്കുകയാണെന്നും ഈ കോളം പറയുന്നുണ്ട്. 'പാകിസ്ഥാന്റെ ആണവായുധങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് പല ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. എത്ര ആണവായുധ ശേഷിയുള്ള ലോഞ്ചറുകള്‍ പാകിസ്ഥാന്‍ നിര്‍മിക്കും, അവരുടെ ആണവ നയം നിര്‍മിക്കപ്പെടുന്നു, ഇന്ത്യയുടെ ആണവായുധ ശേഖരത്തിലെ വര്‍ധനവ് എന്നിവയാണ് ഈ ഘടകങ്ങളില്‍ ചിലത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 2025 ആകുമ്പോഴേക്കും പാകിസ്ഥാന്റെ ആണവായുധ ശേഖരം 200ലെത്തുമെന്ന് കണക്കുകൂട്ടുന്നത്' കോളം പറയുന്നു.
പ്രതിവര്‍ഷം 14 മുതല്‍ 27 വരെ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ പാകിസ്ഥാന് ശേഷിയുണ്ടെന്നാണ് കരുതപ്പെടുന്നത്. എങ്കിലും പ്രായോഗികമായി അഞ്ചു മുതല്‍ 10 വരെ ആണവായുധങ്ങള്‍ പാകിസ്ഥാന്‍ നിര്‍മിക്കുന്നുണ്ടെന്നാണ് കോളം കണക്കുകൂട്ടുന്നത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള 36 മിറാഷ് III/IV പോര്‍വിമാനങ്ങളും ജെഎഫ് 17 പോര്‍വിമാനങ്ങളുമുണ്ടെന്നാണ് കരുതപ്പെടുന്നത്. കരയില്‍ നിന്നും തൊടുക്കാവുന്ന ആറ് വിഭാഗം ബാലിസ്റ്റിക് മിസൈലുകള്‍ പാകിസ്ഥാന്റെ ശേഖരത്തിലുണ്ട്. കരയില്‍ നിന്നും കടലില്‍ നിന്നുംതൊടുക്കാവുന്ന ആറ് വിഭാഗം ആണവമിസൈലുകളും പാകിസ്ഥാനുണ്ടെന്നും ഈ കോളം പറയുന്നുണ്ട്.
അതീവ രഹസ്യമായാണ് പാകിസ്ഥാന്‍ അടക്കമുള്ള എല്ലാ രാജ്യങ്ങളും ആണവായുധങ്ങള്‍ നിര്‍മിക്കുന്നത്. ഇസ്‌ളാമാബാദിന് വടക്കു കിഴക്കുള്ള വാഹിലുള്ള ആയുധ നിര്‍മാണ ഫാക്ടറികള്‍ ഇതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടാവുമെന്നും ഈ കോളത്തില്‍ സൂചന നല്‍കുന്നുണ്ട്. ഭൂമിക്കടിയിലെ ആറ് ബങ്കറുകളില്‍ ആണവായുധ നിര്‍മാണം നടക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ ആണവശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ കോളം പറയുന്നത്.
English Summary: Where and how Pakistan is keeping its nuclear weapon