ADVERTISEMENT

ഇസ്രയേലും ഹമാസുമായി യുദ്ധം തുടങ്ങിയശേഷം ഒരു നാവിക സ്‌ട്രൈക് ഫോഴ്‌സിനെ ഇസ്രയേലിനെ പിന്തുണയ്ക്കാനായി കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലേക്ക് അയയ്ക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡാണ് ദൗത്യത്തിന്‌റെ ഭാഗമായി മെഡിറ്ററേനിയനിലേക്ക് എത്തിയിരിക്കുന്നു. യുഎസ് സെൻട്രൽ കമാൻഡ് (സെന്‌റ്‌കോം) ആണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.

ഈ വിമാനവാഹിനിക്കപ്പലിനൊപ്പം മിസൈൽ ക്രൂസറായ യുഎസ്എസ് നോർമൻഡി, ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറുകളായ യുഎസ്എസ് തോമസ് ഹഡ്‌നർ, യുഎസ്എസ് റാമേജ്, യുഎസ്എസ് കാർനി, യുഎസ്എസ് റൂസ് വെൽറ്റ് എന്നിവയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലും അമേരിക്കയുടെ സാങ്കേതികമായി ഏറ്റവും നവീനമായുള്ള വിമാനവാഹിനിയുമാണ് ജെറാൾഡ് ആർ. ഫോർഡ്. 333 മീറ്റർ നീളവും 78 മീറ്റർ വീതിയും 76 മീറ്റർ പൊക്കവും ഇതിനുണ്ട്.ജൂൺ മുതൽ ഈ കപ്പലും സംഘവും മെഡിറ്ററേനിയൻ കടലിലുണ്ട്. 

5000 നാവികരും അനേകം യുദ്ധവിമാനങ്ങളും ഈ കപ്പലിലുണ്ട്. മെഡിറ്ററേനിയൻ മേഖലയിലെ നിരീക്ഷണം, ഗാസയിലേക്ക് ആയുധങ്ങളെത്തുന്നത് തടയുക തുടങ്ങിയ ലക്ഷ്യങ്ങൾ ജെറാൾഡ് ഫോർഡിനുണ്ട്. യുഎസിന്റെ 38ാം പ്രസിഡന്റായിരുന്ന ജെറാൾഡ് ആർ. ഫോർഡിന്റെ പേരാണ് കപ്പലിനു നൽകിയിരിക്കുന്നത്. 2005ൽ നിർമാണം തുടങ്ങിയ ഈ കപ്പൽ 2017ലാണു യുഎസ് നേവിക്കു നൽകിയത്. ആണവ എൻജിനുകളിലാണ് കപ്പൽ പ്രവർത്തിക്കുന്നത്.

1290 കോടി യുഎസ് ഡോളർ ചെലവിലാണ് ഈ വമ്പൻ കപ്പൽ നിർമിച്ചത്. യുഎസിന്റെ കൈവശമുള്ള മറ്റ് വിമാനവാഹിനികളെ അപേക്ഷിച്ച് കൂടുതലായി ഓട്ടമേഷൻ സാങ്കേതികവിദ്യകൾ ഈ കപ്പലിൽ ഉപയോഗിച്ചിട്ടുണ്ട്. അയ്യായിരത്തിലധികം ആളുകൾ ഈ കപ്പലിന്റെ നിർമാണത്തിൽ പങ്കെടുത്തിട്ടുണ്ട്. രണ്ടു ലക്ഷത്തോളം ഗാലൺ പെയിന്റ് ഈ കപ്പലിനെ പെയിന്റ് ചെയ്യാനായി ഉപയോഗിച്ചിട്ടുണ്ടെന്നാണു കണക്ക്. അമേരിക്കൻ പ്രസിഡ‍ന്റിന്റെ ആസ്ഥാനമായ വൈറ്റ്ഹൗസ് 350 തവണ പെയിന്റ് ചെയ്യാനുള്ള അളവുണ്ടത്രെ ഇത്.

ഹമാസിന്റെ ആക്രമണത്തിൽ 14 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഹമാസ് ബന്ദികളാക്കയിവരിൽ യുഎസ് പൗരന്മാരുമുണ്ടെന്നും ബൈഡൻ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com