ഇസ്രയേലിന്റെ യുദ്ധം: പ്രയോജനകരമാകുന്നത് റഷ്യയ്ക്കോ! ശ്രദ്ധേയമായി നിരീക്ഷണം
Mail This Article
ലോകത്തിന്റെ രണ്ടു ഭാഗങ്ങളിൽ ഇപ്പോൾ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്നു. യൂറോപ്പിൽ റഷ്യയും യുക്രെയ്നും തമ്മിൽ. പശ്ചിമേഷ്യയിൽ ഇസ്രയേലും ഹമാസും തമ്മിൽ. ഇസ്രയേൽ ഗാസയിൽ നടത്തുന്ന യുദ്ധം എങ്ങനെയാകും റഷ്യയെ ബാധിക്കുകയെന്ന കണക്കുകൂട്ടലിലാണ് നിരീക്ഷകർ. റഷ്യയ്ക്ക് പ്രയോജനമാണ് ഈ യുദ്ധം വഴിയുണ്ടാകുകയെന്ന് അവർ പറയുന്നു.
റഷ്യ– യുക്രെയ്ൻ യുദ്ധം കഴിഞ്ഞ കുറച്ചുകാലമായി നടമാടുന്നുണ്ട്. പുതിയ യുദ്ധം വന്നതോടെ ഇസ്രയേലിന് ആയുധങ്ങളും മറ്റു സൈനിക സഹായങ്ങളും എത്തിക്കാൻ യുഎസ് ശ്രദ്ധിക്കാൻ തുടങ്ങും. അവരുടെ ശ്രദ്ധ യുക്രെയ്നിൽ നിന്നു തിരിയും. ഉയരുന്ന എണ്ണവിലയും റഷ്യൻ സാമ്പത്തികനിലയ്ക്ക് ഗുണകരമാണ്.
എന്നാൽ യുഎസും നാറ്റോ കക്ഷികളും ഈ വാദത്തിനെ നിരസിച്ചിട്ടുണ്ട്. എല്ലാവർഷവും ശതകോടിക്കണക്കിന് ഡോളർ ഇസ്രയേലിലേക്ക് യുഎസ് സഹായം നൽകാറുണ്ട്. അതിനാൽതന്നെ പുതിയ സംഭവവികാസം യുക്രെയ്നുള്ള സഹായത്തെ ബാധിക്കാനിടയില്ലെന്നാണ് അവരുടെ നിലപാട്.
എന്നാൽ കാറ്റ് റഷ്യയ്ക്ക് അനുകൂലമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. യുക്രെയ്നിലേക്കുള്ള യുഎസ് ആയുധ സഹായം താമസിക്കാൻ തുടങ്ങിയാൽ പുട്ടിന്റെ ലക്ഷ്യങ്ങൾ വേഗത്തിൽ സാധൂകരിക്കപ്പെടുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഇടയ്ക്ക് പറഞ്ഞിരുന്നു.
നിലവിലെ യുദ്ധരീതികൾക്കു പകരം ഇസ്രയേൽ ഗാസയിലേക്കു കരയുദ്ധം തുടങ്ങിയാൽ സ്ഥിതി വ്യത്യസ്തമാകും. ഇതോടെ സൈനിക വസ്തുക്കൾക്കും ആവശ്യം ഉയരും. ഇസ്രയേൽ, യുക്രെയ്ൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങളെ പരിഗണിക്കേണ്ടി വന്നാൽ യുഎസ് തീർച്ചയായും തങ്ങളുടെ പ്രിയരാഷ്ട്രമായ ഇസ്രയേലിനാകും ഏറ്റവും വലിയ പരിഗണന കൊടുക്കുകയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് യുക്രെയ്നെ സാരമായി ബാധിക്കും.
റഷ്യയിലെ സോച്ചിയിൽ ഒക്ടോബർ ആദ്യവാരം നടന്ന ഒരു പരിപാടിയിൽ വ്ലാദിമിർ പുടിൻ ഒരു കാര്യം പറഞ്ഞിരുന്നു. യുഎസ്,യൂറോപ്പ് ആയുധസഹായമില്ലെങ്കിൽ യുക്രെയ്ൻ ഒരാഴ്ചയ്ക്കകം വീഴുമെന്നതായിരുന്നു അത്.