ADVERTISEMENT

യുക്രെയ്‌നിലെ ഏറ്റവും  മാരക സായുധ യൂണിറ്റാണ് ദി ഗോസ്റ്റ്‌സ് ഓഫ് ബഖ്മുത്. റഷ്യയുടെ ഒരു സൈനികനെ സ്നൈപ്പർ റൈഫിൾ ഉപയോഗിച്ച്  3.8 കിലോമീറ്റർ അകലെനിന്നു വെടിവച്ചതോടെ അതിന്റെ സ്നൈപ്പർ വി​ഭാഗം വീണ്ടും വാർത്തകളിൽ വരുന്നത്. 20 ഓളം സൈനികരടങ്ങുന്ന സംഘമാണ് ഗോസ്റ്റ്സ്. യുക്രെയ്നിൽ നിന്നു നിർമിക്കുന്ന ലോർഡ് ഓഫ് ദ ഹൊറൈസൻ എന്ന റൈഫിളുപയോഗിച്ചാണ് വെടിവച്ചത്.ലോകത്തെ സ്നൈപ്പറുകൾക്കിടയിൽ ഇതിഹാസതുല്യമായ സ്ഥാനം വഹിക്കുന്ന വാലി എന്ന സൈനികന്റെ റെക്കോർഡാണ് തകർന്നത്.

ഏറ്റവും മാരകമായ സ്നൈപ്പിങ് സ്കില്ലുകളുള്ള വാലി 

ഇറാഖിലെ മൊസൂളിൽ മക്മിലൻ ടാക്–50 സ്നൈപ്പർ റൈഫിൾ ഉപയോഗിച്ച് മൂന്നരക്കിലോമീറ്റർ അകലെ നിന്ന ഒരു ഐഎസ് ഭീകരനെ വാലി വധിച്ചിട്ടുണ്ട്. ലോകത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ദൂരമേറിയ സ്നെപ്പർ കൊലയായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും മുൻനിര സ്നൈപ്പർമാരിലൊരാളായ വാലി കാനഡ സൈന്യത്തിലെ മുൻ അംഗമായിരുന്നു.

ഇദ്ദേഹം യുക്രെയ്നിൽ പോരാടാനായി ഇടക്കാലത്തെത്തിയിരുന്നു.ഫോട്ടോഗ്രാഫുകളും വിഡിയോകളുമൊക്കെ ധാരാളം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഈ നാൽപതുകാരന്റെ യഥാർഥ പേര് അജ്ഞ​ാതം. റോയൽ കനേഡിയൻ 22ാം റെജിമെന്റിന്റെ ഭാഗമായി ഇറാഖിലും അഫ്ഗാനിസ്ഥാനിലും വാലി യുദ്ധം ചെയ്തിട്ടുണ്ട്. 2009–2011 കാലയളവിൽ കാണ്ഡഹാറിൽ ദൗത്യത്തിനുണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനിൽ വച്ച് അവിടത്തെ തദ്ദേശീയരാണു വാലി എന്ന പേര് ഇദ്ദേഹത്തിനു നൽകിയത്. പിന്നീടതായി വിളിപ്പേര്. സംരക്ഷകൻ എന്നാണത്രേ ഈ വാക്കിന് അർഥം.നാൽപതു വയസ്സുള്ള വാലി ഇപ്പോൾ വിവാഹിതനും ഒരു വയസ്സുള്ള കുട്ടിയുടെ പിതാവുമാണ്. കംപ്യൂട്ടർ വിദഗ്ധൻ കൂടിയായ ഇദ്ദേഹം സൈനികസേവനത്തിൽ നിന്നു വിരമിച്ച ശേഷം കംപ്യൂട്ടർ പ്രോഗ്രാമിങ് തൊഴിലാക്കി.

sniper - 1
Artem Zakharov/Istock

ദിവസത്തിൽ അഞ്ച് ലക്ഷ്യം, പക്ഷേ..

ലോകത്തിലെ ഏറ്റവും മാരകമായ സ്നൈപ്പിങ് സ്കില്ലുകളുള്ളയാളാണു വാലിയെന്നായിരുന്നു യുദ്ധവിഗ്ധരുടെ അഭിപ്രായം.ഒറ്റ ദിവസം തന്നെ നാൽപതോളം ശത്രുക്കളെ തന്റെ റൈഫിളിനിരയാക്കാൻ വാലിക്കു കഴിയുമത്രേ. ദിവസത്തിൽ അഞ്ച് ലക്ഷ്യം പൂർത്തീകരിക്കുന്നവർ നല്ല സ്നൈപ്പർമാരായും, 7–10 വരെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നവർ മികവുറ്റ സ്നൈപ്പർമാരായും കണക്കാക്കപ്പെടുന്നു. 

ഈ മാനദണ്ഡങ്ങൾ വച്ചുനോക്കുമ്പോഴാണു വാലി ലോകത്തിലെ തന്നെ ഏറ്റവും മാരകശേഷിയുള്ള സ്നൈപ്പറായി പരിഗണിക്കപ്പെട്ടത്. റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ സ്നൈപ്പർമാർ ശ്രദ്ധേയമായിരുന്നു. വനിതാ സ്നൈപ്പർമാരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. യുക്രെയ്നിൽ നിന്നുള്ള ചാർക്കോൾ എന്ന വനിതാ സ്നൈപ്പറും റഷ്യൻ നിരയിലെ ബാഗിറയും പ്രശസ്തരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT