ADVERTISEMENT

തദ്ദേശീയമായി നിർമിച്ച ഇന്ത്യയുടെ ആകാശ് മിസൈൽ സംവിധാനം ഉപയോഗിച്ചു ഒരേസമയം 4 ലക്ഷ്യങ്ങളെ തകർത്തു വിജയം കൈവരിക്കുന്ന ആദ്യത്തെ രാജ്യമായതോടെ ആയുധ കയറ്റുമതിയിൽ ലോക രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഇന്ത്യൻ പ്രതിരോധ ഗവേഷണ രംഗം.  ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ കയറ്റുമതി ചെയ്യാൻ ഫിലിപ്പീൻസുമായി 2022-ൽ ഇന്ത്യ കരാർ ഉറപ്പിച്ചിരുന്നു. ഇപ്പോഴിതാ അർമേനിയ ഇന്ത്യൻ പ്രതിരോധ മേഖലയിൽനിന്നു ധാരാളം ആയുധങ്ങൾ സ്വന്തമാക്കാനൊരുങ്ങുന്നു. ഇതിൽ ആകാശും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.  

വ്യോമാക്രമണത്തിൽ നിന്ന് ദുർബലമായ പ്രദേശങ്ങളും പോയിന്റുകളും സംരക്ഷിക്കുന്നതിനായി ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎൽ) നിർമിച്ച ഒരു ഹ്രസ്വ-ദൂര സർഫേസ്-ടു-എയർ (എസ്എഎം) സംവിധാനമാണ് ആകാശ്.  ആകാശത്തിലെ 4 ലക്ഷ്യങ്ങളെ ഒരേസമയം തകർത്ത്  മികവു തെളിയിച്ചത് അടുത്തിടെ നടന്ന അസ്ത്രശക്തി 2023 എന്ന വ്യോമ ശക്തി പരീക്ഷണത്തിലാണ്. വ്യോമസേന നടത്തിയ പരീക്ഷണത്തിൽ 25 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളാണു മിസൈലുകൾ തകർത്തത്. 

ആകാശ് ഫയറിങ് യൂണിറ്റ്, ഫയറിങ് ലെവൽ റഡാർ (FLR),ഫയറിങ് കൺട്രോൾ സെന്റർ (FCC), രണ്ട് ആകാശ് എയർഫോഴ്സ് ലോഞ്ചർ (AAFL) എന്നിവയുൾപ്പെടെയുള്ള നൂതന ഘടകങ്ങളാലാണ് വിജയകരമായി ട്രാക്ക് ചെയ്യുകയും ലക്ഷ്യങ്ങൾ തകർക്കുകയും ചെയ്തത്.

സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SIPRI) കണക്കുകൾ പ്രകാരം 1993 മുതൽ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരിലൊന്നാണ് ഇന്ത്യ.  എന്നാൽ സമീപ വർഷങ്ങളിൽ, ഇന്ത്യൻ നിർമിത ആയുധങ്ങളുടെകയറ്റുമതി വർധിപ്പിക്കാൻ  നിരന്തരമായ ശ്രമങ്ങൾ നടത്തിവരികയാണ്.

ഇന്ത്യയിൽ നിന്ന് റോക്കറ്റ് ലോഞ്ചറുകളും മിസൈലുകളും ഇറക്കുമതി ചെയ്ത ശേഷം അർമേനിയ ഇപ്പോൾ ആന്റി ഡ്രോൺ സിസ്റ്റം ഇറക്കുമതി ചെയ്യുകയാണെന്ന് യുറേഷ്യൻ ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സെൻ ടെക്‌നോളജീസ് 41.5 മില്യൺ യുഎസ് ഡോളറിന്റെ ആന്റി ഡ്രോൺ സംവിധാനം അർമേനിയയ്ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ആകാശ് വെപ്പൺ സിസ്റ്റം

ആകാശ് വെപ്പൺ സിസ്റ്റത്തിന് (AWS  ഒരേസമയം ഒന്നിലധികം ടാർഗെറ്റുകൾ ഗ്രൂപ്പ് മോഡിലോ ഓട്ടോണമസ് മോഡിലോ ഇടപഴകാൻ കഴിയും. മുഴുവൻ ആയുധ സംവിധാനവും മൊബൈൽ പ്ലാറ്റ്‌ഫോമുകളിൽ ക്രമീകരിച്ചിരിക്കുന്നു.


ആകാശ് മിസൈൽ (Photo by Ministry of Defence  / AFP)
ആകാശ് മിസൈൽ (Photo by Ministry of Defence / AFP)

ഓപ്പറേഷൻ പരിധി:    4.5 കി.മീ മുതൽ 25 കി.മീ വരെ

ഓപ്പറേഷൻ ഉയരം:  100 മീറ്റർ മുതൽ 20 കിലോമീറ്റർ വരെ

ഭാരം :           710 കിലോ

മാർഗ്ഗനിർദ്ദേശ സംവിധാനം:    കമാൻഡ് ഗൈഡൻസ്

ടാർഗെറ്റ് : ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ, യുഎവികൾ തുടങ്ങിയവ.

മറ്റു സവിശേഷതകൾ

∙ജാമിങിനെതിരെ ഉയർന്ന പ്രതിരോധശേഷി

∙ആശയവിനിമയത്തിന്റെ എന്‍ക്രിപ്ഷന്‍ 

∙ഇൻ-ബിൽറ്റ് പവർ സ്രോതസ്സുകളിലെ സ്വയംപര്യാപ്തത

∙റോഡ്, റെയിൽ മാർഗനുള്ള മൊബിലൈസേഷനും വിന്യാസ ശേഷിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com