വിഷബാധിതനായി ദാവൂദ് ഇബ്രാഹിം; പിന്നിൽ 'അജ്ഞാത' വിളയാട്ടം, സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി 'അൺനോൺ മാൻ'
Mail This Article
ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിലുള്ള ഭീകരർ അജ്ഞാതരാൽ വിദേശങ്ങളിൽ കൊല്ലപ്പെടുന്നുവെന്ന വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപിൽ 2018 ൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഖാജ ഷാഹിദിനെ (മിയാൻ മുജാഹിദ്) കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതു പോലെയുള്ള നിരവധി സംഭവങ്ങൾ. കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന റിപ്പോർട്ടുകൾ പ്രചരിച്ചതോടെ എക്സ്(ട്വിറ്റർ) പോലെയുള്ള മാധ്യമങ്ങളിൽ 'അജ്ഞാതർക്കു' നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റുകളുടെ കുത്തൊഴുക്കാണ്.
ശനിയാഴ്ച മുതൽ ദാവൂദ് കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. ഇതിനെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുന്ന ഒരു സിദ്ധാന്തം ഇങ്ങനെ: അടുത്ത കാലത്തായി, അതായത് ഏകദേശം കഴിഞ്ഞ രണ്ട് വർഷമായി, പാക്കിസ്ഥാനിൽ ഒളിച്ചിരുന്ന നിരവധി ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഈ ഭീകരരെല്ലാം ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ് തീവ്രവാദികളുടെ' പട്ടികയിൽ പെട്ടവരാണെന്നും പറയുന്നു.
വിവിധ നഗരങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ അജ്ഞാതരാൽ കൊല്ലപ്പെട്ടു. ഇത് സമാനമായ ഒരു സംഭവമാണെന്ന് തോന്നുന്നുവെന്നാണ്. എന്നിരുന്നാലും, ഇന്ത്യയോ പാക്കിസ്ഥാനോ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. അജ്ഞാത വിളയാട്ട സംഭവങ്ങളിൽ ചിലത്:
അബു ഖാസിം: ലഷ്‌കർ-ഇ-തൊയ്ബ ഭീകരനും ധാൻഗ്രി ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന വ്യക്തിയുമായ അബു കാസിം എന്ന റിയാസ് അഹമ്മദ്, റാവൽകോട്ടിലെ ഒരു പള്ളിക്കുള്ളിൽ വെടിയേറ്റു മരിച്ചു.
ഷാഹിദ് ലത്തീഫ്: 2016-ൽ ഇന്ത്യൻ വ്യോമസേനാ താവളത്തിൽ നടന്ന പത്താൻകോട്ട് ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ജെയ്‌ഷെ മുഹമ്മദിന്റെ നേതാവ് ഷാഹിദ് ലത്തീഫ് അഥവാ ബിലാലിനെ 2023 ഒക്ടോബറിൽ പത്താൻകോട്ടിൽ 'അജ്ഞാതരായ അക്രമികൾ' വെടിവച്ചു വീഴ്ത്തി.
അദ്‌നാൻ അഹമ്മദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസിന്റെ അടുത്ത സഹായി കൂടിയായിരുന്ന ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ അബു ഹൻസല അഥവാ അദ്‌നാൻ അഹമ്മദനെ ഈ മാസമാദ്യം ‘അജ്ഞാതർ’ വെടിവച്ചു കൊന്നു.
സഹൂർ മിസ്ത്രി: 1999ലെ കാണ്ഡഹാര്‍ വിമാനറാഞ്ചലിലെ പ്രതി. ജെയ്ഷെ മുഹമ്മദ് ഭീകരനായ ഇയാൾ പാക്കിസ്ഥാനിലെ കറാച്ചിയില്‍ 2022 മാര്‍ച്ചിൽ വെടിയേറ്റു കൊല്ലപ്പെട്ടു.
കഴിഞ്ഞ 20 മാസത്തിനിടെ പാക്കിസ്ഥാനിൽ മാത്രം ഇരുപതിലധികം കൊടും ഭീകരരാണ് ഇത്തരത്തിൽ അജ്ഞാതരാൽ കൊല്ലപ്പെട്ടതത്രെ.