ഇസ്രയേലിനെ ലക്ഷ്യമിട്ടെത്തിയ 80 ഡ്രോണുകളും 6 മിസൈലുകളും തകർത്തതായി യുഎസ് സൈന്യം
Mail This Article
ഇറാന്‍, യെമൻ എന്നിവിടങ്ങളിൽനിന്നും ഇസ്രയേലിലേക്കു വിക്ഷേപിച്ച എൺപതിലധികം ആളില്ലാ ആക്രമണ ഡ്രോണുകളും 6 ബാലിസ്റ്റിക് മിസൈലുകളും തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ്. സെന്റ്കോം എന്നറിയപ്പെടുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് (USCENTOM) മിഡിൽ ഈസ്റ്റ്, സെൻട്രൽ, സൗത്ത് ഏഷ്യ എന്നിവിടങ്ങളിലെ അമേരിക്കയുടെ സുരക്ഷാ ഇടപെടലുകള്‍ നടത്തുന്ന സൈനിക വിഭാഗമാണ്. 1983 ജനുവരി ഒന്നിനു സ്ഥാപിതമായ യുഎസ് പ്രതിരോധ വകുപ്പിന്റെ ഏകീകൃത കോംമ്പാക്ട് കമാൻഡാണ് സെന്റ്കോം.
ഈ മാസം ഒന്നിന് ഡമാസ്കസിലെ കോൺസുലേറ്റിനു നേരെയുണ്ടായ മിസൈലാക്രമണത്തിൽ ഇറാന്റെ 2 മുതിർന്ന ജനറൽമാർ അടക്കം 7 സേനാംഗങ്ങളായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാൽ ഇസ്രയേലിനെതിരെ തിരിച്ചടിക്കുമെന്നു പ്രഖ്യാപിച്ച ശേഷമായിരുന്നു ഇറാൻ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചത്. ഒറ്റ രാത്രിയിൽ ഇറാൻ തൊടുത്ത ഇരുന്നൂറോളം ഡ്രോണുകളും 10 മിസൈലുകളും തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. മിസൈലുകളും ഡ്രോണുകളും 99% ലക്ഷ്യസ്ഥാനത്ത് പതിക്കാതെ തടഞ്ഞുനിർത്തിയതായാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം.
അതേസമയം ഇറാനെതിരായ തിരിച്ചടികളിൽ യുഎസ് പങ്കെടുക്കില്ലെന്ന് നിലപാട് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാന്റെ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും തകർക്കാൻ സാധിച്ചതിനാൽ ശനിയാഴ്ച രാത്രിയിലുണ്ടായ സംഭവം ഇസ്രയേലിന്റെ വിജയമായി കണക്കാക്കണമെന്നും നെതന്യാഹുവിനോടു ബൈഡൻ പറഞ്ഞു. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ തീരുമാനമാകാതെ മണിക്കൂറുകൾ നീണ്ട ഇസ്രയേലി യുദ്ധ കാബിനറ്റ് യോഗം അവസാനിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള നിഴൽ യുദ്ധത്തിന് ശേഷം ഇറാൻ നേരിട്ട് ഇസ്രായേലിനെ ആക്രമിച്ചതിനു എങ്ങനെയിരിക്കണം മറുപടിയെന്നതിൽ ഒരു ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നു. 6 മാസം പിന്നിട്ട ഗാസ യുദ്ധത്തിന്റെ സംഘർഷാവസ്ഥ മധ്യപൂർവദേശമാകെ നീറിപുകയുമ്പോഴാണ് ഇറാന്റെ നേരിട്ടുള്ള ആക്രമണം. ലബനിലെ ഹിസ്ബുല്ലയ്ക്കും യെമനിലെ ഹൂതികൾക്കും ഇറാൻ പിന്തുണയുണ്ട്.