റഷ്യയിൽ യുദ്ധം നടക്കുന്ന ഒരേയൊരു നഗരം:തിരിച്ചടികളിൽ തളർന്ന് ബെൽഗൊറോദ്
Mail This Article
ബെൽഗൊറോദ് നഗരത്തിൽ യുക്രെയ്ൻ ആക്രമണം നടത്തിയതായി റഷ്യ. ഒരു പാർപ്പിടസമുച്ചയം പൂർണമായും നശിപ്പിക്കപ്പെട്ടു. നിരവധിപ്പേർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്ക് പരുക്ക് പറ്റി. റഷ്യ–യുക്രെയ്ൻ യുദ്ധം യുക്രെയ്നിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും റഷ്യൻ മേഖലകളിൽ യുദ്ധത്തിന്റെ കാഠിന്യം കാര്യമായി അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ ബെൽഗൊറോദിൽ ഇതായിരുന്നില്ല സ്ഥിതി.
യുദ്ധത്തീയുടെ ചൂട് ബെൽഗൊറോദിനെ നന്നായി വിഴുങ്ങി. യുദ്ധം തുടങ്ങി 37ാം ദിനത്തിൽ ബെൽഗോറോദ് നഗരത്തിൽ സ്ഥിതി ചെയ്തിരുന്ന വലിയ ഇന്ധന സംഭരണി നിലയം യുക്രെയ്ൻ തകർത്തിരുന്നു.റഷ്യയുടെ പടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണു ബെൽഗോറോദ്. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ മാറിയാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.
റഷ്യയിലെ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ ഇന്ധന സംഭരണകേന്ദ്രമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.യുക്രെയ്നിലേക്കുള്ള റഷ്യൻ അധിനിവേശത്തിൽ, യുദ്ധത്തിന്റെ ഇന്ധനാവശ്യങ്ങൾ നിറവേറ്റിയ പട്ടണമെന്ന നിലയിൽ ബെൽഗൊറോദിന് നിർണായകമായ ഒരു പങ്കുണ്ടായിരുന്നു.ഒരുകാലത്ത് പ്രശാന്തമായിരുന്ന ഈ നഗരം ഇന്നു ഭീതിയുടെ പുതപ്പിലാണ്. വിജനമായ തെരുവുകളും അടച്ചിട്ട കടകളുമൊക്കെയാണ് ഇവിടെ. ബോംബ്ഷെൽട്ടറുകളും വാർ സൈറനുകളും ഇവിടെ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്.
യുക്രെയ്നെതിരെ റോക്കറ്റ്, മിസൈൽ ആക്രണങ്ങൾ നടത്തുന്നതിനുള്ള ഒരു കേന്ദ്രമായി ബെൽഗൊറോദിനെ റഷ്യ മാറ്റിയിരുന്നു. യുക്രെയ്ന്റെ തിരിച്ചടികളിൽ ഏറെയും ഏറ്റത് ഈ നഗരത്തിലാണ്. കുറേയേറെ പേർ ബെൽഗൊറോദിൽ മരണപ്പെടുകയും പലർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. പുരാതന നഗരമാണ് ബെൽഗൊറോദ്. കോട്ടകളുള്ള നഗരം. ഇന്നിവിടെ 3 ലക്ഷത്തോളം ആളുകൾ താമസിക്കുന്നുണ്ട്. ഒരു റഷ്യൻ ആണവ അന്തർവാഹിനിക്ക് ഈ നഗരത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്.