എൽജിയുടെ പുതിയ ഒപ്റ്റിക്കൽ സ്‌മാർട് ഫോൺ ക്യാമറ സിഇഎസ് 2023ൽ അവതരിപ്പിക്കും
Mail This Article
സ്‌മാർട് ഫോണുകൾക്കായി എൽജി പുതിയ ടെലിഫോട്ടോ ക്യാമറ കോംപണന്റ് വികസിപ്പിച്ചെടുത്തു. ഈ ഫീച്ചർ 2023 ലെ കൺസ്യൂമർ ഇലക്ട്രോണിക് ഷോ (സിഇഎസ്)യിൽ അവതരിപ്പിക്കും. ഇത് ചിത്രങ്ങളുടെയും വിഡിയോകളുടെയും ഗുണനിലവാരം നഷ്ടപ്പെടാതെ ദൂരെയുള്ള വസ്തുക്കളെ കൂടുതൽ സൂം ചെയ്യാൻ അനുവദിക്കും.
ഒപ്റ്റിക്കൽ ടെലിഫോട്ടോ സൂം ക്യാമറ മൊഡ്യൂൾ കഴിഞ്ഞ ദിവസമാണ് എൽജി പ്രഖ്യാപിച്ചത്. പുതിയ സൂം ലെൻസ് ഒരു ഡിഎസ്എൽആർ ക്യാമറ പോലെ സമാനമായ ടെലിസ്‌കോപ്പിക് ഫങ്ഷനുകൾ സ്വീകരിക്കുമെന്ന് വിശദീകരിക്കുന്നു. ഇത് 4x അല്ലെങ്കിൽ 9x സൂം ശ്രേണികളിലേക്ക് മാറുമ്പോൾ പോലും മികച്ച ഇമേജ് ഗുണനിലവാരം നൽകുന്നു. കൺസ്യൂമർ ഇലക്ട്രോണിക് ഷോ (സിഇഎസ്) 2023 ൽ കമ്പനി പുതിയ ഒപ്റ്റിക്കൽ സൂം ക്യാമറയുടെ ഔദ്യോഗിക അവതരണം നടത്തുമെന്ന് എൽജി ഇന്നോടെക് പറഞ്ഞു.
എൽജി ഇന്നോടെക്കിന്റെ വാർത്താക്കുറിപ്പ് പ്രകാരം പുതിയ ക്യാമറ ഒരു സ്മാർട് ഫോണിന്റെ പിൻഭാഗത്ത് ഘടിപ്പിക്കുകയും ക്യാമറാ മൊഡ്യൂൾ ഉപയോഗിച്ച് 4x മുതൽ 9x വരെയുള്ള എല്ലാ മാഗ്‌നിഫിക്കേഷനുകളിലും ചിത്രീകരിക്കുമ്പോൾ ഒപ്റ്റിക്കൽ സൂം അനുവദിക്കുകയും ചെയ്യുമെന്നാണ്. നിലവിലുള്ള ടെലിഫോട്ടോ ലെൻസുകൾ ഉപയോഗിക്കുമ്പോൾ നിശ്ചിത മാഗ്‌നിഫിക്കേഷനുകളിൽ ഒപ്റ്റിക്കൽ സൂം മാത്രമേ അനുവദിക്കൂ. വ്യത്യസ്‌ത മാഗ്‌നിഫിക്കേഷനുകളിൽ ഹൈ-ഡെഫനിഷൻ വിഡിയോകൾ ചിത്രീകരിക്കാൻ സ്‌മാർട്ഫോണുകൾക്ക് ഒന്നിലധികം സൂം ക്യാമറകൾ ഘടിപ്പിക്കേണ്ടതുണ്ട്.
എന്നാൽ, എൽജിയുടെ പുതിയ ക്യാമറ ഉപയോഗിച്ചാൽ ഒരൊറ്റ മൊഡ്യൂളിൽ ഈ നേട്ടം കൈവരിക്കാം. അങ്ങനെ മറ്റ് ഹാർഡ്‌വെയർ ഫീച്ചറുകൾ ഉൾപ്പെടുത്താൻ ഫോണിൽ കൂടുതൽ ഇടം ലഭിക്കുകയും ബാറ്ററി കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. പുതിയ ക്യാമറ മൊഡ്യൂൾ ഉടൻ തന്നെ പ്രധാന സ്‌മാർട് ഫോണുകളിൽ വന്നേക്കാം. ജനുവരി 5 മുതൽ ആരംഭിക്കുന്ന സിഇഎസ് 2023 ൽ എൽജി പുതിയ കോംപണന്റ് അവതരിപ്പിക്കും.
English Summary: LG’s New Optical Smartphone Camera With Free Zooming Capabilities to Be Unveiled at CES 2023