സൂം ചെയ്തു തകർക്കാൻ 200 മെഗാപിക്സൽ; ഫോട്ടോ നിലവാരം മെച്ചപ്പെടുമോ, വിശദമായി അറിയാം
Mail This Article
ഏറ്റവും ഒടുവിൽ വിപണിയിലെത്തിയ റിയൽമി 11 പ്രോ സ്മാർട്ഫോണിലെ ഏറ്റവും പ്രധാന സവിശേഷതയാണ് അതിലെ 200 മെഗാപിക്സൽ ക്യാമറ. 10 വർഷം മുൻപ് കേവലം 2 മെഗാപിക്സൽ ക്യാമറ കൊണ്ട് തൃപ്തിയടഞ്ഞിരുന്ന ഉപയോക്താക്കളുടെ മുന്നിലേക്കാണ് റിയൽമി(Realme 11 Pro) 200 മെഗാപിക്സൽ ക്യാമറയുമായി എത്തുന്നത്. റിയൽമി മാത്രമല്ല, സാംസങ്, റെഡ്മി, മോട്ടറോള തുടങ്ങിയ കമ്പനികളും 200 മെഗാപിക്സൽ സെൻസർ ഉള്ള ക്യാമറയുള്ള ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്.
ഫെബ്രുവരിയിൽ പുറത്തിറങ്ങിയ സാംസങ് ഗ്യാലക്സി എസ് 23 അൾട്ര ആണ് 200 മെഗാപിക്സൽ ക്യാമറ കൊണ്ട് ഞെട്ടിച്ച പ്രധാന സ്മാർട്ഫോൺ ബ്രാൻഡ്. റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 എക്സ്പ്ലോറർ, ഇൻഫിനിക്സ് സീറോ അൾട്ര, ഷഓമി 12ടി പ്രോ, മോട്ടറോള എഡ്ജ് 30 അൾട്ര എന്നീ ഫോണുകളിലുമുണ്ട് 200 മെഗാപിക്സൽ ക്യാമറ.
മെഗാപിക്സൽ മാർക്കറ്റിങ്
കൂടുതൽ പിക്സൽ ശേഷിയുള്ള ക്യാമറ കൂടുതൽ മികച്ച ചിത്രങ്ങൾ നൽകുമെന്ന വിശ്വാസത്തോടെയാണ് പലരും ഇത്തരം ഫോണുകൾ വാങ്ങുന്നത്. യഥാർഥത്തിൽ ചിത്രങ്ങളുടെ മികവും പിക്സൽ ശേഷിയുമായി അനുപാതിക ബന്ധമില്ല. പിക്സൽ 200ൽ നിന്ന് 2000 ആയാൽ ചിത്രം അതനുസരിച്ച് 2000 ഇരട്ടി മികച്ചതാവില്ല എന്നർഥം. പിക്സൽ ശേഷി വർധിപ്പിക്കുന്നത് ഫോൺ കമ്പനികളുടെ ഒരു മാർക്കറ്റിങ് തന്ത്രമാണ്. ഫോൺ ക്യാമറ പകർത്തുന്ന ചിത്രങ്ങൾ അനേകം പിക്സലുകൾ ആണെന്ന് അറിയാമല്ലോ. ഈ പിക്സലുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെയാണ് ക്യാമറ പിക്സൽ ശേഷി വർധിപ്പിക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത്.
യഥാർഥത്തിൽ പിക്സലുകളുടെ എണ്ണം വർധിപ്പിക്കണമെങ്കിൽ ഫോണിലെ ക്യാമറ സെൻസറിന്റെ വലിപ്പവും വർധിപ്പിക്കേണ്ടി വരും. എന്നാൽ, ബാറ്ററി, മദർബോർഡ്, സ്പീക്കർ, മൈക്ക്, വൈബ്രേഷൻ മോട്ടോർ, വിവിധ സെൻസറുകൾ എന്നിവയ്ക്കുളള സ്ഥലം കുറയ്‍ക്കാനോ ഫോണിന്റെ വലുപ്പം കൂട്ടാനോ കഴിയില്ല. ഇതിന് സ്മാർട്ഫോൺ കമ്പനികൾ കണ്ടെത്തിയ തന്ത്രം പിക്സലുകളുടെ വലിപ്പം കുറയ്ക്കുക എന്നതാണ്. അങ്ങനെ, അതേ സ്ഥലത്ത് കൂടുതൽ പിക്സലുകൾ ഉൾക്കൊള്ളിച്ചു. പിക്സലുകളുടെ എണ്ണം കൂട്ടിയത് പരസ്യപ്പെടുത്തി, വലിപ്പം കുറച്ചത് രഹസ്യമാക്കിയും വച്ചു.
പിക്സൽ കൂടിയാൽ എന്തു പ്രയോജനം ?
ക്യാമറ സെൻസറിൽ പിക്‌സലുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ഫോട്ടോ നിലവാരം മെച്ചപ്പെടുത്തണമെന്നില്ലെങ്കിലും സെൻസറിന് ക്യാപ്‌ചർ ചെയ്യാനാകുന്ന പരമാവധി റെസല്യൂഷൻ വർദ്ധിപ്പിക്കും. ഉയർന്ന റെസല്യൂഷനുള്ള ഫോട്ടോയിൽ കൂടുതൽ വിശദാംശങ്ങൾ ഉണ്ടാകും എന്നതാണ് ഉയർന്ന മെഗാപിക്സൽ ശേഷിയുള്ള ക്യാമറ കൊണ്ടുള്ള മെച്ചം. എത്ര വേണമെങ്കിലും സൂം ചെയ്യാനും ക്രോപ് ചെയ്യാനുമൊക്കെ സാധിക്കും. കുറഞ്ഞ മെഗാപിക്സൽ ഉള്ള ക്യാമറയിലെടുത്ത ചിത്രങ്ങൾ സൂം ചെയ്യുമ്പോൾ അവ്യക്തമാകുന്നതും ഇതുകൊണ്ടാണ്.
ലോങ് ഷോട് ചിത്രങ്ങൾ എടുത്ത ശേഷം അതിൽ നിന്ന് ആവശ്യമായ ഭാഗം ക്രോപ് ചെയ്യാനാണെങ്കിൽ ഉയർന്ന മെഗാപിക്സൽ ഉള്ള ക്യാമറ പ്രയോജനപ്പെടും. ക്ലോസപ് ചിത്രങ്ങളും സെൽഫികളും എടുക്കാൻ ഇവ ആവശ്യമില്ല (കൂറ്റൻ ഫ്ലെക്സ് അടിച്ച് ജംക്ഷനിൽ സ്ഥാപിക്കാനാണെങ്കിൽ വേണ്ടി വരും).
പിക്സൽ കൂടിയാൽ എന്തെങ്കിലും കുറയുമോ ?
ചെറിയ പിക്സലുകൾക്ക് പിടിച്ചെടുക്കാൻ കഴിയുന്ന പ്രകാശത്തിന്റെ അളവ് കുറവാണ്. ഇക്കാരണത്താൽ, വലിയ മെഗാപിക്സൽ ശേഷിയുള്ള ക്യാമറകൾ കുറഞ്ഞ വെളിച്ചത്തിൽ ചിത്രീകരിക്കുന്ന പടങ്ങൾക്ക് വേണ്ടത്ര വെളിച്ചമുണ്ടാവില്ല. ഇത് പരിഹരിക്കാൻ ഇമേജ് ബിന്നിങ്, ഇമേജ് പ്രൊസസിങ് എന്നീ സാങ്കേതികവിദ്യകളാണ് ഫോണിൽ ഉപയോഗിക്കുന്നത്. ചെറിയ പിക്സലുകളെ തിരികെ വലിയ പിക്സലുകളാക്കി മാറ്റുന്ന പരിപാടിയാണ് ഇമേജ് ബിന്നിങ്. ഇത് 108 മെഗാപിക്സലിൽ എടുത്ത ചിത്രത്തിന് 12 മെഗാപിക്സൽ ചിത്രത്തിന്റെ നിലവാരം നൽകും. ചെറിയ പിക്സലുകൾ കൂടുതലായി പിടിച്ചെടുത്ത പ്രകാശം ചിത്രത്തിലുണ്ടാക്കിയ നോയ്‌സ് നീക്കം ചെയ്യാനാണ് ഇമേജ് പ്രൊസസിങ് അൽഗൊരിതങ്ങൾ ഉപയോഗിക്കുന്നത്.
വിശദാംശങ്ങൾ ഏറെയുള്ള ചിത്രം സൂം ചെയ്യാനാകുമെങ്കിലും ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിടുമ്പോഴും വാട്സാപ്പിൽ അയയ്‍ക്കുമ്പോഴും ഈ വിശദാംശങ്ങൾ നഷ്ടപ്പെടും എന്നതും മറക്കരുത്. ചുരുക്കിപ്പറഞ്ഞാൽ, 200 മെഗാപിക്സൽ നിങ്ങൾക്ക് ആവശ്യമുണ്ടോ എന്നാലോചിച്ചതിനു ശേഷം മാത്രം അത്തരമൊരു ഫോൺ വാങ്ങുന്നതിനെപ്പറ്റി ആലോചിക്കുക. പ്രിയപ്പെട്ടവരുടെ ചിത്രങ്ങളും സെൽഫികളും എടുക്കാനാണ് നിങ്ങൾ ക്യാമറ ഉപയോഗിക്കുന്നതതെങ്കിൽ മെഗാപിക്സൽ വിപ്ലവത്തിനു പിന്നാലെ പോകേണ്ടതില്ല. എല്ലാ കമ്പനികളും മെഗാപിക്സൽ വർധിപ്പിച്ചപ്പോഴും ആപ്പിൾ ഐഫോൺ വർഷങ്ങളോളം 12 മെഗാപിക്സൽ ക്യാമറയിൽ ഉറച്ചുനിന്നതിന്റെ കാരണവും മറ്റൊന്നല്ല.
Also Read More: 1.34 ലക്ഷം രൂപയുടെ മാക്ബുക് എയര്‍ മുതല്‍ 7.79 ലക്ഷം രൂപയുടെ മാക് സ്റ്റുഡിയോ വരെ
English Summary: Realme 11 Pro, Realme 11 Pro+ launched