ADVERTISEMENT

സ്മാർട്ഫോൺ സങ്കൽപ്പങ്ങളെ മാറ്റിമറിച്ചുകൊണ്ട് 2007ൽ ഐഫോൺ രംഗപ്രവേശം ചെയ്തതിനുശേഷം ഏറ്റവും വിപ്ലവകരമായ സാങ്കേതികവിദ്യയാണ് ആപ്പിളിന്റെ  മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റായ വിഷൻപ്രോ(Apple's Vision Pro) എന്നു ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ(OpenAI CEO Sam Altman).

വിഷൻപ്രോ ഔദ്യോഗികമായി വിപണിയിൽ എത്തിയതിനെത്തുടർന്നാണ് എക്സ് പോസ്റ്റിൽ ഈ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അഭിപ്രായം ഓപ്പൺ എഐ സിഇഒ പങ്കുവച്ചത്. വിഷൻപ്രോയെന്ന പേര് അത്ര ശരിയല്ലെന്ന അഭിപ്രായം പങ്കുവച്ച ആളോടു തന്റെ കമ്പനിയുടെ അഭിമാനമായ ചാറ്റ്ജിപിടിയുടെ പേരും വളരെ മോശമാണെന്ന മറുപടിയും ഓൾട്ട്മാൻ നൽകി.

ഓപ്പൺഎഐ സിഇഒ സാം ആൾട്‌മാൻ (Photo by Patrick T. Fallon / AFP)
ഓപ്പൺഎഐ സിഇഒ സാം ആൾട്‌മാൻ (Photo by Patrick T. Fallon / AFP)

മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റായ ആപ്പിള്‍ വിഷന്‍ പ്രോ ഫെബ്രുവരി രണ്ടിനായിരുന്നു അമേരിക്കയില്‍ ആപ്പിള്‍ പുറത്തിറക്കിയിത്. പുതിയൊരു വെര്‍ച്വല്‍ ലോകം തന്നെ ആപ്പിള്‍ വിഷന്‍ പ്രോ ധരിക്കുന്നവര്‍ക്കു മുന്നില്‍ തെളിയുന്നുണ്ട്. ആപ്പുകളുടെ ഉപയോഗം മുതല്‍ അടുക്കളയിലെ പാചകത്തില്‍ വരെ ആപ്പിള്‍ വിഷന്‍ പ്രോ മാറ്റം വരുത്തുന്നുണ്ട്. ഈ ആപ്പിള്‍ ഉപകരണത്തിന്റെ വിചിത്രമായ ഉപയോഗങ്ങളുടെ വിഡിയോയും ചിത്രങ്ങളും വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. 

ടെസ്‌ല ഓടിക്കുമ്പോള്‍!

ആപ്പിള്‍ വിഷന്‍ പ്രോയുടെ ചില ഉപയോഗങ്ങളെങ്കിലും അതിരുവിട്ടതും അപകടം ക്ഷണിച്ചുവരുത്തുന്നതുമാണ്. ഇത്തരത്തിലൊന്നാണ് ടെസ്‌ല ഓടിക്കുമ്പോള്‍ ഒരാള്‍ ആപ്പിള്‍ വിഷന്‍ പ്രോ ഉപയോഗിച്ച സംഭവം. വിഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിനു പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. അമേരിക്കയില്‍ ആപ്പിള്‍ വിഷന്‍ പ്രോ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കരുതെന്ന യുഎസ് സെക്രട്ടറി ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്. 

സ്‌കേറ്റ്‌ബോര്‍ഡിങിനിടെ

പ്രമുഖ യുട്യൂബറായ കാസേ നെയ്സ്റ്റാറ്റ് ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ് സെറ്റ് ധരിച്ചുകൊണ്ട് സ്‌കേറ്റു ചെയ്യുന്നതിന്റെ വിഡിയോ പബ്ലിഷ് ചെയ്തിരുന്നു. മുന്നിലുള്ള തടസങ്ങള്‍ക്കും അപ്പുറത്തുള്ള കാഴ്ച്ചയും സാധ്യമാക്കുന്ന സെന്‍സറുകളും ക്യാമറകളും ഈ ആപ്പിള്‍ ഉപകരണത്തിലുണ്ട്. സ്‌കേറ്റിങിന് ഗംഭീരമാണ് ആപ്പിള്‍ വിഷന്‍ പ്രോ എന്നാണ് നെയ്സ്റ്റാറ്റിന്റെ അഭിപ്രായം. 

സബ് വേയില്‍

ന്യൂയോര്‍ക്ക് സിറ്റി സബ്‌വേയില്‍ വെച്ച് ആപ്പിള്‍ വിഷന്‍ പ്രോ ഉപയോഗിക്കുന്നവരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് ധരിച്ചവര്‍ വായുവില്‍ ടൈപ്പു ചെയ്യുന്നതുപോലെയുള്ള ആംഗ്യങ്ങള്‍ കാണിക്കുന്നതു കാണാം. ബാക്കിയുള്ള ജോലി വീട്ടിലേക്കുള്ള യാത്രക്കിടെ പൂര്‍ത്തിയാക്കാനുള്ള അവസരം കൂടിയാണ് ആപ്പിള്‍ വിഷന്‍ പ്രോ നല്‍കുന്നത്. 

റോഡ് മുറിച്ചുകടക്കുമ്പോള്‍

പുതിയൊരു സാങ്കേതിക വിദ്യ വരുമ്പോള്‍ എവിടെ ഉപയോഗിക്കണം എവിടെ അരുതെന്ന ആശയക്കുഴപ്പങ്ങള്‍ സ്വാഭാവികമാണ്. ഉപയോഗിക്കാന്‍ പാടില്ലാത്ത പട്ടികയിലുള്ളതാണ് റോഡ് മുറിച്ചുകടക്കുമ്പോഴുള്ള ആപ്പിള്‍ വിഷന്‍ പ്രോയുടെ ഉപയോഗം. ക്യാമറകള്‍ വഴി മുന്നിലെ കാഴ്ച്ചകള്‍ കാണാമെങ്കിലും നേരിട്ട് കണ്ണുകൊണ്ടുള്ള കാഴ്ച്ചകള്‍ ആപ്പിള്‍ വിഷന്‍ പ്രോ വഴി സാധ്യമാവില്ല. അതുകൊണ്ടുതന്നെ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന അപകടം ഇത്തരം പ്രവൃത്തികള്‍ നടത്തുമ്പോള്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. 

ജിമ്മില്‍

മറ്റൊരു വിചിത്രമായ ഉപയോഗം ജിമ്മില്‍ വെച്ചുള്ളതാണ്. ആപ്പിള്‍ വിഷന്‍ പ്രോയുടെ സഹായത്തില്‍ വ്യായാമം ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. എങ്ങനെ ശരിയായ രീതിയില്‍ വ്യായാമം ചെയ്യാമെന്ന നിര്‍ദേശങ്ങളുമായി ആപ്പിള്‍ വിഷന്‍ പ്രോയാണ് കൂടെയുള്ളത്. പുതിയൊരു വെര്‍ച്ചുല്‍ ലോകത്തിന്റെ സാധ്യതകളാണ് ഇങ്ങനെ പുറത്തുവരുന്നത്. 

പാചകം

ആപ്പിള്‍ വിഷന്‍ പ്രൊയുടെ മറ്റൊരു ഗുണപരമായ ഉപയോഗം പാചകം ചെയ്യുമ്പോഴാണുള്ളത്. പാചകം കൂടുതല്‍ എളുപ്പത്തിലാക്കാന്‍ ആപ്പിള്‍ വിഷന്‍ പ്രൊ കൊണ്ട് സാധിക്കുന്നുണ്ട്. പാചകക്കുറിപ്പുകളും നിര്‍ദേശങ്ങളും എടുക്കുന്ന സാധനങ്ങളുടെ വിശദാംശങ്ങളും അളവും വരെ ആപ്പിള്‍ വിഷന്‍ പ്രോ വഴി അറിയാനാവും. പാചകത്തില്‍ ഒരു കൈ ആപ്പിള്‍ സഹായത്തിന് വിഷന്‍ പ്രോ ഉപകരിക്കും.

Image Credit: Apple
Image Credit: Apple

ആപ്പിള്‍ വിഷന്‍ പ്രോ

ജനുവരി 19നായിരുന്നു ആപ്പിള്‍ തങ്ങളുടെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോയുടെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചത്. 256ജിബി, 512ജിബി, 1ടിബി എന്നിങ്ങനെ മൂന്നു വേരിയന്റുകളിലാണ് വിഷന്‍ പ്രോ പുറത്തിറക്കിയത്. വില യഥാക്രമം 3,499 ഡോളര്‍, 3,699 ഡോളര്‍, 3,899 ഡോളര്‍ എന്നിങ്ങനെയായിരുന്നു. രണ്ടു ദിവസത്തിനകം തന്നെ ആപ്പിള്‍ ആദ്യഘട്ടത്തില്‍ വില്‍ക്കാന്‍ ഉദ്ദേശിച്ചിരുന്ന മുഴുവന്‍ വിഷന്‍ പ്രോകളും വിറ്റുപോയി. 

ആപ്പിളിന്റെ തന്നെ കെയ്സ് വേണ്ടവരും കൂടിയ ബാറ്ററി വേണ്ടവരും അധികമായി 199 ഡോളര്‍ വീതം നല്‍കേണ്ടി വരും. പ്രീ ഓര്‍ഡര്‍ ലഭിച്ച വിഷന്‍ പ്രോയുടെ വിതരണമാണ് ഫെബ്രുവരി രണ്ടിന് ആരംഭിച്ചത്. അടുത്തഘട്ട ബുക്കിങ് മാര്‍ച്ചിലായിരിക്കുമെന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്.

English Summary:

Sam Altman thinks the Vision Pro is the 2nd 'most impressive' technology since the iPhone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com