ആള്ട്ട്മാന് വീണ്ടും ഓപ്പണ്‍എഐ മേധാവി; പുറത്താക്കലിനെക്കുറിച്ച് അന്വേഷണം, എന്തുകൊണ്ട് ഇതു സംഭവിച്ചു?
Mail This Article
ലോകത്തെ ഏറ്റവും പ്രശസ്തമായ എഐ കമ്പനി ഓപ്പണ്‍എഐയുടെ മേധാവിയായി സാം ആള്‍ട്ട്മാന്‍ തിരിച്ചെത്തുന്നു. തന്റെ പുറത്താക്കലിനെക്കുറിച്ച് കമ്പനിക്കുള്ളില്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എപ്പോഴും സത്യസന്ധമായല്ല ആള്‍ട്ട്മാന്‍ പെരുമാറിയിരുന്നത് എന്ന കാരണത്താലാണ് കമ്പനി ബോര്‍ഡ് അദ്ദേഹത്തെ പുറത്താക്കിയത്. ഇക്കാര്യത്തെക്കുറിച്ചായിരിക്കും അന്വേഷണം. മേധാവിയെ പുറത്താക്കാൻ ഓപ്പണ്‍എഐക്ക് സാധിച്ചത് എങ്ങനെ? ആള്‍ട്ട്മാന്‍ തിരിച്ചെത്താനുണ്ടായ സാഹചര്യമെന്ത്? അന്വേഷിക്കാം:
ഓപ്പണ്‍എഐ-മൈക്രോസോഫ്റ്റ്-നദെല
മനുഷ്യരുടെ ബുദ്ധിയെക്കാള്‍ മികവുള്ള നിര്‍മിത ബുദ്ധി സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയായി തുടങ്ങിയതാണ് ഓപ്പണ്‍എഐ. എന്നാല്‍, ഇടയ്ക്കുവച്ച് കമ്പനി ലാഭേച്ഛയോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അതോടെ സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് അടക്കം പല കമ്പനികളും ഓപ്പണ്‍എഐയിലേക്ക് പണമിറക്കി. മൈക്രോസോഫ്റ്റ് മാത്രം 10 ബില്ല്യന്‍ ഡോളറിലേറെ കമ്പനിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതോടെ ഓപ്പണ്‍എഐയുടെ 49 ശതമാനം നിയന്ത്രണാവകാശം മൈക്രോസോഫ്റ്റിനു കൈവന്നു. മറ്റു നിക്ഷേപകരും ഉണ്ട്. സേര്‍ച്ച് ബിസിനസില്‍ ഗൂഗിളിനേക്കാള്‍ പിന്നില്‍ പോയ മൈക്രോസോഫ്റ്റ്, എഐ വഴി ഒരു തിരിച്ചുവരവു നടത്താനുള്ള സ്വപ്‌നങ്ങളും കണ്ടുതുടങ്ങിയിരുന്നു.
പെട്ടെന്ന് ഓപ്പണ്‍എഐ ആള്‍ട്ട്മാനെ പുറത്താക്കിയതോടെ കമ്പനിയുടെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടംതട്ടുന്നതായി വിലയിരുത്തപ്പെട്ടു. മൈക്രോസോഫ്റ്റിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ വിഡ്ഢിത്തങ്ങളില്‍ ഒന്ന് നോക്കിയ ഏറ്റെടുത്ത് 7.2 ബില്ല്യന്‍ ഡോളര്‍ കളഞ്ഞതാണ്. അതോടെ ആ തീരുമാനമെടുത്ത അന്നത്തെ മേധാവി സ്റ്റീവ് ബാമര്‍ക്ക് പുറത്തേക്കുള്ള വഴിയുമൊരുങ്ങി. ഓപ്പണ്‍എഐയ്ക്കായി അതിലേറെ മുടക്കിക്കഴിഞ്ഞു. ഇതോടെ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല നേരിട്ട് കാര്യങ്ങള്‍ നേരെയാക്കാന്‍ രംഗത്തിറങ്ങി.
ഓപ്പണ്‍എഐ വിട്ട ആള്‍ട്ട്മാനും കമ്പനിയുടെ മറ്റൊരു സഹസ്ഥാപകനും പ്രസിഡന്റുമായ ഗ്രെഗ് ബ്രൊക്മാനും തങ്ങളുടെ കടുത്ത എതിരാളികളായ ഗൂഗിളിന്റെയൊ, ഗ്രോക് എഐ മേധാവി ഇലോണ്‍ മസ്‌കിന്റെയോ പാളയത്തിലെത്താതിരിക്കാനായി മൈക്രോസോഫ്റ്റില്‍ എടുത്തതായി പ്രഖ്യാപിച്ചു. ആള്‍ട്ട്മാനോട് ഐക്ദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബ്രൊക്മാന്‍ കമ്പനി വിട്ടത്. ഓപ്പണ്‍എഐയിലെ മറ്റ് ചില പ്രമുഖര്‍ക്കും, ആള്‍ട്ട്മാന് പിന്തുണ പ്രഖ്യാപിച്ച 700ഓളം ജോലിക്കാരടക്കം, ഓപ്പണ്‍എഐയിലെ 770 സാധാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കും മൈക്രോസോഫ്റ്റ് ജോലി വാഗ്ദാനം ചെയ്തായിരുന്നു നദെലയുടെ അതിവേഗ ഇടപെടല്‍.
ഇല്ല്യാ സുറ്റ്‌സ്‌കെവര്‍
ഓപ്പണ്‍എഐയുടെ മറ്റൊരു സഹസ്ഥാപകനായ (മസ്‌ക് അടക്കം 11 പേര്‍ ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയായണിത്) ഇല്ല്യാ സുറ്റ്‌സ്‌കെവറാണ് ആള്‍ട്ട്മാനു നേര്‍ക്കുളള നീക്കത്തിന് ചുക്കാന്‍ പിടിച്ചതെന്നാണ് ലഭ്യമായ അറിവ്. സുറ്റ്‌സ്‌കെവറാണ് ഓപ്പണ്‍എഐയുടെ സോഫ്റ്റ്‌വെയര്‍ സിരാകേന്ദ്രം. ചീഫ് സയന്റിസ്റ്റ്. ഗൂഗിള്‍ ബ്രെയ്ന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ അദ്ദേഹത്തെ 2015ല്‍ തട്ടിയെടുത്ത് ഓപ്പണ്‍എഐയിലെത്തിച്ചത് മസ്‌കും ആള്‍ട്ട്മാനും സംയുക്തമായി നടത്തിയ ചടുലമായ നീക്കത്തിലാണ്. ഗൂഗിളിനു വരെ അടുത്തെത്താന്‍ സാധിക്കാത്ത, ലോകത്തെ ഏറ്റവും സ്മാര്‍ട്ട് എഐ സേവനമായ ചാറ്റ്ജിപിറ്റി അവതരിപ്പിച്ച കമ്പനിയായ ഓപ്പണ്‍എഐയുടെ മുഖമായി ആള്‍ട്ട്മാന്‍ മാറിയതില്‍ സുറ്റ്‌സ്‌കെവറിനുള്ള നിരാശയാണോ ഈ നീക്കത്തിനു പിന്നില്‍ എന്ന സംശയവും ഇല്ലാതില്ല.
സുറ്റ്‌സ്‌കെവര്‍-ആള്‍ട്ട്മാന്‍ പ്രശ്‌നമെന്ത്?
ഇത് വ്യക്തിപരമാകാം. എന്നാല്‍, ഔദ്യോഗികമായ കാര്യവും പറഞ്ഞു കേള്‍ക്കുന്നുണ്ട്. തങ്ങള്‍ വികസിപ്പിക്കുന്ന എഐ അതിവേഗം ശക്തിപ്രാപിച്ച് മനുഷ്യരുടെ നിയന്ത്രണത്തിനു വെളിയില്‍ പോയേക്കാം എന്ന അഭിപ്രായം ഉള്ള ശാസ്ത്രജ്ഞനാണ് സുറ്റ്‌സ്‌കെവറത്രെ. എന്നാല്‍, ആള്‍ട്ട്മാന്റെ പോക്ക് ഇതിന് വിപരീത ദിശയിലാണ്. അതിവേഗം എഐ വികസിപ്പിക്കുക എന്നാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം. എന്തായാലും, ആള്‍ട്ട്മാനെ പുറത്താക്കിയ നീക്കത്തില്‍ പങ്കാളിയായതില്‍ താന്‍ പശ്ചാത്തപിക്കുന്നുവെന്ന് സുറ്റ്‌സ്‌കെവര്‍ പറഞ്ഞതോടെയാണ് മഞ്ഞുരുകിയത്. അദ്ദേഹത്തിന് പെട്ടെന്ന് മനംമാറ്റമുണ്ടാകാനുണ്ടായ കാരണമെന്ത്? അതിനു പിന്നിലുമുണ്ട് ഒരു കഥ:
അന്ന ബ്രോക്മാന്റെ റോള്‍
മൈക്രോസോഫ്റ്റ് അടക്കമുള്ള നിക്ഷേപകര്‍ നടത്തിയ സമ്മര്‍ദ്ദത്തിനൊന്നും വഴങ്ങാതെ നിന്ന സുറ്റ്‌സ്‌കെവര്‍ പെട്ടെന്ന് നിലപാട് മാറ്റിയതെങ്ങനെ? അദ്ദേഹത്തിന്റെ മുന്നിലെത്തി ബ്രോക്മാന്റെ ഭാര്യ അന്ന ബ്രോക്മാന്‍ പൊട്ടിക്കരഞ്ഞ് മനംമാറ്റണം എന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഇതെന്ന് ദി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വളരെ അടുത്ത ബന്ധമാണ് ബ്രോക്മാന്‍ ദമ്പതികളും സുറ്റ്‌സ്‌കെവറുമായി ഉള്ളത്. ഗ്രെഗും അന്നയും തമ്മില്‍ 2019ല്‍ നടന്ന വിവാഹത്തിന് ചുക്കാൻ പിടിച്ചത് സുറ്റ്‌സ്‌കെവര്‍ ആയിരുന്നു. അന്നയുടെ സന്ദര്‍ശനത്തിനു ശേഷം സുറ്റ്‌സ്‌കെവര്‍ എക്‌സില്‍ ഇട്ട പോസ്റ്റില്‍, ഓപ്പണ്‍എഐയെ നശിപ്പിക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും തങ്ങള്‍ ഒരുമിച്ച് സൃഷ്ടിച്ചെടുത്ത എല്ലാത്തിനെയും താന്‍ ഇഷ്ടപ്പെടുന്നുവെന്നും കമ്പനിയെ ഒരുമിപ്പിക്കാന്‍ വേണ്ട എല്ലാം ചെയ്യുമെന്നും പറഞ്ഞത്.
ആള്‍ട്ട്മാന്റെ പുറത്താക്കലിലേക്ക് നയിച്ചത് കമ്പനിയുടെ ഘടന
ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്പനികളുടെ മേധാവികളെയൊന്നും ആ കമ്പനിയുടെ ബോര്‍ഡുകള്‍ക്ക് പുറത്താക്കാനാവില്ല. ആള്‍ട്ട്മാന്‍ പുറത്താകാന്‍ ഇടവന്നത് ആ കമ്പനിയുടെ ഘടനയിലുള്ള പഴുത് മുതലെടുത്താണ്.(ഈ പഴുതും മൈക്രസോഫ്റ്റ് ഇനി സീലുചെയ്ത് അടച്ചേക്കും.) സ്ഥാപകര്‍ ലാഭേച്ഛയില്ലാതെ തുടങ്ങിയതാണല്ലോ ഓപ്പണ്‍എഐ. ലാഭേച്ഛ ആകാം എന്നു തീരുമാനിച്ചതോടെ സ്ഥാപകര്‍ തമ്മിലുള്ള കരാർ പിന്നീട് സങ്കീര്‍ണമായി തീരുകയായിരുന്നു.
കമ്പനിയുടെ ലക്ഷ്യങ്ങളില്‍ മാറ്റം വന്നെങ്കിലും ആദ്യത്തെ ഓപ്പണ്‍എഐ Inc, അതിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സും തന്നെയായിരുന്നു ഔദ്യോഗികമായി കമ്പനി നിയന്ത്രിച്ചിരുന്നത്. ഈ ഘടനയാണ് ബോര്‍ഡിലെ അംഗങ്ങളുടെ രണ്ടിനെതിരെ നാല് വോട്ടിനുള്ള ആള്‍ട്ട്മാന്റെ പുറത്താക്കലിലേക്ക് നയിച്ചത്. താന്‍ തിരിച്ചെത്തണമെങ്കില്‍ ഈ ബോര്‍ഡ് ഉടച്ചുവാര്‍ക്കണം എന്ന നിബന്ധന ആള്‍ട്ട്മാന്‍ വച്ചിരുന്നു. വിരളമായി മാത്രമേ ഒരു കമ്പനിക്ക് ഇത്തരം ഒരു ഘടനയുണ്ടാകൂവെന്ന് എപി റിപ്പോര്‍ട്ടു ചെയ്യുന്നു. നേര്‍വിപരീത രീതിയിലാണ് ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ഘടന. അവ സ്ഥാപകര്‍ക്ക് സമ്പൂര്‍ണ നിയന്ത്രണാധികാരം നല്‍കുന്നു. ബോര്‍ഡിനല്ല.
ഒരു കമ്പനിയിലും സംഭവിച്ചു കൂടാത്തത്
ഓപ്പണ്‍എഐയില്‍ സംഭവിച്ചത് ഏതൊരു കമ്പനിയുടെയും വിശ്വാസ്യത തകര്‍ക്കുന്ന ഒന്നാണ്. ഇനി നിക്ഷേപകര്‍ സംശയദൃഷ്ടിയോടെ മാത്രമേ അതിനെ കാണൂ. ആള്‍ട്ട്മാന്‍ തിരിച്ചെത്തിക്കഴിഞ്ഞ് കുറച്ചുകാലത്തിന് ശേഷമാണെങ്കിലും വീണ്ടുമൊരു പ്രശ്‌നമുണ്ടായാല്‍ സുറ്റ്‌സ്‌കെവര്‍ പുറത്തുപോകുമോ തുടങ്ങിയ സന്ദേഹങ്ങള്‍ അവര്‍ക്കുണ്ടാകും. ആള്‍ട്ട്മാനെ പുറത്താക്കിയ ശേഷം കമ്പനി പുറത്തിറക്കിയ കുറിപ്പ് കമ്പനിയുടെ വിശ്വാസ്യത ചോര്‍ത്തിക്കഴിഞ്ഞു. ഓപ്പണ്‍എഐയെ മൊത്തത്തില്‍ മൈക്രോസോഫ്റ്റ് വിഴുങ്ങുമായിരുന്നു എന്നതും വ്യക്തമാണ്. കമ്പനി വികസിപ്പിച്ച ടെക്‌നോളജിയിലേറെയും ഇപ്പോള്‍ത്തന്നെ മൈക്രോസോഫ്റ്റിന് മാത്രം അവകാശപ്പെട്ടതാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഇനിയെന്ത്?
കഴിഞ്ഞ വെള്ളിയാഴ്ച വരെ ഓപ്പണ്‍എഐയുടെ ബോര്‍ഡില്‍ ആറ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഈ ബോര്‍ഡ് ഉടച്ചുവാര്‍ത്തേക്കും. മൈക്രോസോഫ്റ്റിന്റെയടക്കം പ്രതിനിധികള്‍ അടുത്ത ബോര്‍ഡില്‍ ഉണ്ടായേക്കും. അതേസമയം, മൈക്രോസോഫ്റ്റ് ഓപ്പണ്‍എഐയെ അതിന്റെ പ്രഖാപിത ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കുമെന്ന് മസ്‌ക് മാസങ്ങള്‍ക്കു മുമ്പ് ആരോപിച്ചതും മനസില്‍ വയ്ക്കണം. ലാഭേച്ഛയില്ലാത്ത കമ്പനിയില്‍ നിന്ന് ലാഭേച്ഛയുള്ള കമ്പനിയായി മാറിയതും കമ്പനിയുടെ പ്രതിസന്ധിക്ക് കാരണമായിരിക്കാം എന്നു കരുതുന്നവരും ഉണ്ട്. ഓപ്പണ്‍എഐയിലെ നാടകങ്ങള്‍ ഉടന്‍ അവസാനിക്കണമെന്നില്ല.