sections
MORE

ആപ്പിള്‍ പുതിയ തന്ത്രം പരീക്ഷിക്കുമോ? ഇല്ലാത്ത 5ജിയുമായി ചില ഐഫോണുകള്‍

iPhone-2019
SHARE

ഐഫോണുകളുടെയും മറ്റും വില്‍പ്പന കുറയുന്നതിന് പല കാര്യങ്ങളുണ്ട്. അവയില്‍ ഒന്നാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെ ചില ഫീച്ചറുകള്‍ പഴയ ഉപകരണങ്ങള്‍ക്കു നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഇറക്കിയ ഐഒഎസിന്റെ കാര്യത്തില്‍ ആപ്പിള്‍ തങ്ങളുടെ ഉദാരമനസ്‌കത പുറത്തെടുത്തതു കാണാം. 2013ല്‍ പുറത്തിറക്കിയ ഐഫോണ്‍ 5എസ് മുതലുള്ള ഫോണുകള്‍ക്ക് മുഴവുന്‍ ഐഒഎസ് 12 നല്‍കിയിരുന്നു. എന്നാല്‍ ഇതൊക്കെ പുതിയ ഫോണുകള്‍ വാങ്ങാതിരിപ്പിക്കാന്‍ ചെറിയൊരു ശതമാനം ഉപഭോക്താക്കളെങ്കിലും വിമുഖരാക്കുമെന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ട് ഈ വര്‍ഷത്തെ ഐഒഎസ് 13 അപ്‌ഡേറ്റില്‍ നിന്ന് നിരവധി പഴയ ഉപകരണങ്ങളെ തള്ളാനാണ് ആപ്പിളിന്റെ നീക്കം. 

ഇപ്പോള്‍ ഐഒഎസ് 12 ൽ പ്രവർത്തിക്കുന്ന ഐഫോണ്‍ 5s, 6/6 പ്ലസ്, SE, 6s/6s പ്ലസ് എന്നീ സ്മാര്‍ട് ഫോണുകള്‍ക്കും ഐപാഡ് എയര്‍ 2 വരെയുള്ള ഐപാഡുകള്‍ക്കും പുതിയ ഒപ്പറേറ്റിങ് സിസ്റ്റം നല്‍കില്ലെന്നാണ് കേള്‍ക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ഐഒഎസ് 13 സ്വീകരിക്കാനാകുന്ന തുടക്ക മോഡല്‍ ഡിവൈസ് ഐഫോണ്‍ 7 ആയിരിക്കും. ഐപാഡുകളില്‍ 2018നു മുൻ‌പ് പുറത്തിറക്കിയവയെ തള്ളിയേക്കാമെന്നുമാണ് കേള്‍ക്കുന്നത്. ഐപാഡുകളിലെ ഡാര്‍ക് മോഡ് ആണ് ഐഒഎസ് 13ലെ പ്രധാന ഫീച്ചറുകളിലൊന്ന്.

മുന്‍ വര്‍ഷങ്ങളിലെ പതിവു വച്ചു നോക്കിയാല്‍, കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 5s ഐഓഎസ് 12 സ്വീകരിക്കാന്‍ യോഗ്യമായിരുന്നില്ല. എന്നാല്‍, ഐഒഎസ് 11ലൂടെ ഈ മോഡലിന്റെ സ്പീഡ് കുറഞ്ഞതായുള്ള പരാതി തീര്‍ക്കാനാണ് ആപ്പിള്‍ 5sന് ഐഒഎസ് 12 നല്‍കിയത് എന്നൊരു വാദമുണ്ട്. കൂടാതെ പ്രൊസസറിന്റെ ശക്തി കുറയ്ക്കുന്നുവെന്ന ആരോപണവും നിലനിന്നിരുന്നു. ഉപയോക്താക്കളുടെ സ്‌നേഹം പിടിച്ചുപറ്റാനാണ് ഐഒഎസ് 12, അതിന്റെ പുതുമകളും ആപ്പില്‍ ഇത്രയധികം ഫോണുകള്‍ക്കും ഐപാഡുകള്‍ക്കും നല്‍കിയതെന്നു കാണാം. പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പുതിയ ഹാര്‍ഡ്‌വെയര്‍ സപ്പോര്‍ട്ടു ചെയ്യുന്ന ഫീച്ചറുകളായിരിക്കും കൊണ്ടുവരിക. ഇവയില്‍ ചിലത് പഴയ മോഡലുകള്‍ക്ക് നല്‍കാന്‍ ശ്രമിക്കുമ്പോള്‍ അവയുടെ പ്രവര്‍ത്തനത്തെ മോശമായി ബാധിച്ച ചരിത്രവും ഉണ്ട്. അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ ഇത്രയധികം ഉപകരണങ്ങള്‍ ഒറ്റയടിക്ക് കാലഹരണപ്പെടുന്ന ഒരു സംഭവം ഐഒഎസിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നു കാണാം. ഓര്‍ക്കേണ്ട ഒരു കാര്യം മുകളില്‍ പറഞ്ഞ പല ഫോണുകളും ഇപ്പോഴും വില്‍പ്പനയിലുണ്ട്. അവ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് പുതിയ സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ട് കിട്ടാന്‍ വഴിയില്ല എന്ന കാര്യമാണ്.

ഇല്ലാത്ത 5ജി കാണിച്ച് ഐഫോണ്‍

ഇതിനിടെ, ഇപ്പോള്‍ ലഭ്യമായ ഐഒഎസ് 12.2 ബീറ്റ 2 സോഫ്റ്റ്‌വെയര്‍ ഇന്‍സ്‌റ്റാള്‍ ചെയ്തു ടെസ്റ്റു ചെയ്യുന്ന ചിലര്‍ക്ക് അവരുടെ ഐഫോണുകളില്‍ '5G E'  (5ജി ഇവലൂഷന്‍ ടെക്‌നോളജി) ഐക്കണുകളാണ് കാണാനാകുന്നത്. LTE കാണിക്കേണ്ടിടത്താണ് ഇതു കാണിക്കുന്നത്. ഐഫോണ്‍ XR, XS/XS മാക്‌സ് എന്നീ മോഡലുകള്‍ ഉപയോഗിക്കുന്നവരില്‍ ചിലരാണ് ഇതു റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ആപ്പിള്‍ 5G ഫോണ്‍ 2020ല്‍ മാത്രമെ ഇറക്കൂ എന്നാണ് പറയുന്നത്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ നല്‍കാവുന്ന ഒന്നല്ല 5G. അതിന് 5G മോഡം ആവശ്യമാണ്. അത്തരം മോഡമുള്ള പ്രൊസസറുകളല്ല ഇപ്പോഴുള്ള ഫോണുകളിലുള്ളത്. അതുകൊണ്ട് ഇത് പിശകു തന്നെയാകണം. ഇതു കാണിച്ചത് അമേരിക്കയിലെ AT&T നെറ്റ്‌വര്‍ക്കിലാണ്. അവരും 5G ഉപയോഗിച്ചു തുടങ്ങിയിട്ടില്ലാത്തതിനാല്‍ ഇത് സോഫ്റ്റ്‌വെയറിന്റെ പ്രശ്‌നം തന്നെയാണെന്നാണ് അനുമാനം.

ചില ഐപാഡുകളിലും ഇത് കാണാനാകുന്നുണ്ട്. 5G E കാണിക്കുന്ന ഐഫോണുകളിലും ഐപാഡുകളിലുമെല്ലാം 4×4 MIMO LTE ചിപ്പാണ് ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സ്റ്റബിലൈസ് ചെയ്ത സോഫ്റ്റ്‌വെയര്‍ ഇറക്കുമ്പോള്‍ ആപ്പിളിന് ഇത് ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാനും കൂടെയാണ് ബീറ്റാ ടെസ്റ്റിങ് നടത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA