sections
MORE

ഷവോമി ഫോണ്‍ വാങ്ങാന്‍ വരട്ടെ; 'വജ്രായുധം' ഇറക്കാൻ സാംസങ്; വരാനിരിക്കുന്നത് വില യുദ്ധം!

HIGHLIGHTS
  • ഗ്യാലക്‌സി M സീരിസിനു ശേഷം, ഗ്യാലക്‌സി A സീരിസ് പുതിയ ലക്ഷ്യവുമായി എത്തുകയാണ്
Samsung-M-series
SHARE

നോക്കിയയുടെ പ്രഭാവ കാലത്തിനു ശേഷം, ഇന്ത്യയുടെ ഫോണ്‍ മാര്‍ക്കറ്റില്‍ നിറഞ്ഞാടിയിരുന്നത് സാംസങ് ആണ്. അവരെയും, മറ്റു കമ്പനികളെയും നോക്കുകുത്തികളാക്കിയാണ് ചൈനീസ് കമ്പനിയായ ഷവോമി കൊടുങ്കാറ്റ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആഞ്ഞു വീശിയത്. എക്കാലത്തും മികച്ച മോഡലുകള്‍ നിർമിച്ചിരുന്ന കമ്പനിയാണ് സാംസങ്. എന്നാല്‍, ഫോണ്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിച്ചാല്‍ മാത്രം പോര വില്‍ക്കുകയും വേണം എന്ന കാര്യം സാംസങ് ഇപ്പോള്‍ പെട്ടെന്നു തിരിച്ചറിഞ്ഞതു പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇന്ത്യ, ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ മാര്‍ക്കറ്റുകളില്‍ ഒന്നാണ്. ഫോണ്‍ വില്‍പ്പന തകൃതിയായി നടക്കുന്നുമുണ്ട്. പക്ഷേ, നിലവിൽ ഈ ജനലക്ഷങ്ങളുടെ വിശ്വസ്ത നാമം ഇപ്പോള്‍ ഷവോമി എന്നാണെന്നു മാത്രം. ഇതു അങ്ങുമാറ്റിക്കളയാനാണ് കൊറിയന്‍ ബിസിനസ് ഭീമന്‍ സാംസങ് തീരുമാനിച്ചിരിക്കുന്നതെന്നു തോന്നും അവരുടെ ഈ വര്‍ഷത്തെ നീക്കങ്ങള്‍ കണ്ടാല്‍.

പതിനയ്യായിരം രൂപയ്ക്കു താഴെയാണ് ഇന്ത്യയില്‍ ഏറ്റവുമധികം ഫോണുകള്‍ വില്‍ക്കപ്പെടുന്നത്. ഈ സെഗ്മെന്റിലും പിടി മുറുക്കാനാണ് സാംസങ് ഉദ്ദേശിക്കുന്നത്. അടുത്തിടെ അവതരിപ്പിച്ച ഗ്യാലക്‌സി M സീരിസിനു ശേഷം, ഗ്യാലക്‌സി A സീരിസ് പുതിയ ലക്ഷ്യവുമായി എത്തുകയാണ്. ഓരോ മാസവും ഒരു പുതിയ മോഡല്‍ എന്ന കണക്കില്‍ ഹാന്‍ഡ്‌സെറ്റുകളിറക്കാനാണത്രെ കമ്പനി ഉദ്ദേശിക്കുന്നത്. ഇവയാകട്ടെ, 10,000 രൂപയില്‍ താഴെ മുതല്‍ മുകളിലേക്ക് വിലയുള്ളവയുമായിരിക്കും. കഴിഞ്ഞ വര്‍ഷം സാംസങ് ഇന്ത്യ മൊബൈല്‍ ബിസിനസിന്റെ തലവന്‍ ഡി.ജെ. കോയുടെ (D.J. Koh) തലയിലുദിച്ചതാണത്രെ പുതിയ നീക്കങ്ങള്‍. അദ്ദേഹം കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ച ശേഷം അവതരിപ്പിച്ച തന്ത്രങ്ങളുടെ ഭാഗമാണിത്. ഏറ്റവും മുന്തിയ ഹാന്‍ഡ്‌സെറ്റുകളില്‍ ലഭ്യമാക്കിയിരിക്കുന്ന ഫീച്ചറുകളില്‍ പലതും താഴത്തെ തട്ടിലുള്ള ഫോണുകളിലേക്കും എത്തിച്ചു പരീക്ഷിക്കാനാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. അത് ഈ വര്‍ഷം മുതല്‍ പരീക്ഷിക്കുമെന്നുമാണ് സാംസങ് ഇന്ത്യയുടെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇതേ തുടര്‍ന്നാണ് മുന്തിയ ഫീച്ചറുകളുമായി വില കുറഞ്ഞ സാംസങ് ഹാന്‍ഡ്‌സെറ്റുകള്‍ ഈ വര്‍ഷം പ്രതീക്ഷിക്കാം.

Redmi-Note6

വിലയുടെ കാര്യത്തില്‍ ചൈനീസ് കമ്പനികളായ ഷവോമി, ഒപ്പോ, വിവോ, ഓണര്‍ തുടങ്ങിയ കമ്പനികളുമായി ഏറ്റുമുട്ടുന്നതു കൂടാതെ, മികച്ച ഹാന്‍ഡ്‌സെററ്റുകളുണ്ടാക്കി വിറ്റ്, ഉപയോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റി, 4 ബില്ല്യന്‍ ഡോളര്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് ഈ വര്‍ഷം ഉണ്ടാക്കണമെന്നാണ് കമ്പനി തീരുമാനം. ഉടനെ എത്താന്‍ പോകുന്ന ഗ്യാലക്‌സി A സീരിസ് മോഡലുകളും M സീരിസ് മോഡലുകളുമായിരിക്കും ഇതിന് സാംസങിനെ പ്രാപ്തമാക്കുന്നത്. അതിനു വേണ്ടി ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ഫോണുകള്‍ നിര്‍മിച്ച് പരീക്ഷിക്കാനും കമ്പനിക്ക് ഉദ്ദേശമുണ്ട്.

ഇതൊക്കെയാണെങ്കിലും, വരുന്ന A സീരിസിനെക്കുറിച്ച് അധികം വെളിപ്പെടുത്താന്‍ കമ്പനി തയാറായില്ല എന്നും കാണാം. ഒരു മോഡലിന് ഇന്‍ഫിനിറ്റി-യു (Infifnity-U) നോച്ചും, ട്രിപ്പിള്‍ ക്യാമറാ സിസ്റ്റവും, 6-ഇഞ്ചിലേറെ വലുപ്പമുള്ള സ്‌ക്രീനും ഉണ്ടാകും എന്നു മാത്രമാണ് നല്‍കിയ സൂചന. ആദ്യ A സീരിസ് ഫോണ്‍ മാര്‍ച്ചില്‍ തന്നെ ഇറങ്ങും.

ഷവോമിക്കെതിരെ പിടിച്ചു നില്‍ക്കാനാകുന്ന ചുരുക്കം ചില കമ്പനികളിലൊന്നാണ് സാംസങ്. ഇരു ബ്രാന്‍ഡുകള്‍ക്കും ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകള്‍ ഉണ്ട് എന്നത് വില കുറച്ചു വില്‍ക്കാന്‍ അവരെ അനുവദിക്കുന്നു. അടുത്തിടെ ഇറങ്ങിയ ഗ്യാലക്‌സി M സീരിസ് ഫോണുകള്‍ (M10, M20) നോയിഡയിലുള്ള സാംസങിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഫാക്ടറിയില്‍ നിര്‍മിച്ചവയാണെന്ന പ്രത്യേകതയുമുണ്ട്.

സ്മാര്‍ട്ഫോണുകളുടെ വിലയിടിയുമോ?

സാംസങിന്റെ പടപുറപ്പാടു കണ്ടാല്‍ തോന്നുക വില യുദ്ധം തുടങ്ങാന്‍ പോകുകയാണ് എന്നാണ്. സാംസങ് വിലയിടിച്ചു വിറ്റാല്‍ ഷവോമിയും മറ്റു കമ്പനികളും നോക്കി നില്‍ക്കുമോ? അവരും വില കുറച്ചേക്കും. കാര്യങ്ങള്‍ പറഞ്ഞ  രീതിയിലൊക്കെയാണു നീങ്ങാന്‍ പോകുന്നതെങ്കില്‍ കുറഞ്ഞ വിലയ്ക്ക് മുന്‍നിര ഫീച്ചറുകള്‍ ഉപയോക്താക്കളുടെ ഉള്ളം കൈയ്യിലെത്തിയേക്കുമെന്നു തന്നെ കണക്കാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA