ADVERTISEMENT

മുന്‍നിര ഫോണുകളിലെ ചില ഫീച്ചറുകള്‍ താഴെ തട്ടിലേക്കു പെയ്തിറങ്ങുന്നതാണ് ഇപ്പോള്‍ കാണാനാകുന്നത്. അടുത്തിടെ സാംസങ് അവതരിപ്പിച്ച ഗ്യാലക്‌സി M30യുടെ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ അത്യാകര്‍ഷകമായിരുന്നല്ലൊ? ഇപ്പോഴിതാ ചൈനീസ് കമ്പനിയായ ഷവോമിയുടെ കുതിപ്പിനു തടയിടാനുള്ള അവരുടെ രണ്ടാമത്തെ അസ്ത്രവും തൊടുത്തിരിക്കുകയാണ്. ഗ്യാലക്‌സി 'എ' സീരിസിൽ മൂന്നു മോഡലുകളാണ് അവതരിപ്പിച്ചികിക്കുന്നത്. ഗ്യാലക്‌സി എ50, എ30, എ10. ഇവ മൂന്നും ധാരാളം സമയം ഫോണുമായി സല്ലപിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്നു പറയുന്നു. 

ഏറ്റവും മികച്ച മോഡലായ എ50യില്‍ ശക്തിയാര്‍ന്ന ട്രിപ്പിള്‍ ക്യാമറാ സെറ്റ്-അപ് അടക്കം നല്‍കുന്നുവെന്നാണ് കമ്പനി പറയുന്നത്. ഡിസ്‌പ്ലെ നിര്‍മാണത്തിലെ മുമ്പന്മാരായ സാംസങ് അടുത്ത തലമുറ സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-യു സ്‌ക്രീന്‍, ഫാസ്റ്റ് ചാര്‍ജിങ് തുടങ്ങിയ നിരവധി ഫീച്ചറുകളും നല്‍കുന്നു.

 

ഉപയോക്താക്കൾ പ്രത്യേകിച്ചും യുവതീയുവാക്കള്‍‌ എങ്ങനെ ഉള്ളടക്കങ്ങള്‍ ആസ്വദിക്കുന്നുവെന്നും അവ സൃഷ്ടിക്കുന്നുവെന്നും പഠിച്ച ശേഷം നിര്‍മിച്ചവയാണിവ എന്നു പറയുന്നു. സ്മാര്‍ട് ഫോണ്‍ കേന്ദ്രീകൃത ജീവിതം നയിക്കുന്നവര്‍ക്ക് ഏറെ ആകര്‍ഷകമായിരിക്കും ഇവയുടെ സാധ്യതകളെന്നും അവകാശവാദമുണ്ട്. ധാരാളമായി വിഡിയോകള്‍ കാണുന്നവര്‍ക്കും ക്യാമറ ഉപയോഗിക്കുന്നവര്‍ക്കും ഉപകരിക്കുന്ന രീതിയിലാണത്രെ ഇവയുടെ നിര്‍മാണം. മുന്‍ തലമുറ ഫോട്ടോ എടുക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് വിഡിയോ പകര്‍ത്തുന്നതിലായിരിക്കുന്നു. പുതിയ ഫോണുകള്‍ വിഡിയോ സംവാദത്തിന് ഉതകുന്ന രീതിയാലാണ് രൂപകല്‍പ്പന ചെയ്തരിക്കുന്നതെന്നും പറയുന്നു. തങ്ങളെക്കുറിച്ചുള്ള വിഡിയോ ചിത്രീകരണം ഇന്ത്യയിലും കൊണ്ടുപിടിക്കുകയാണ്. ടിക്‌ടോക്കിന്റെയും മറ്റും പ്രചാരം മറ്റൊന്നല്ല സൂചിപ്പിക്കുന്നത്. പുതിയ ഫോണുകള്‍ വിഡിയോ എടുക്കുന്നതിനും മിനുക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉതകുമെന്നാണ് അവകാശവാദം.

 

മുന്‍നിര ഫോണുകള്‍ അതീവ ശ്രദ്ധയോടെ നിര്‍മിക്കുന്ന കമ്പനികള്‍ പോലും താഴെത്തട്ടിലുള്ള ഫോണുകളുടെ നിര്‍മാണ മികവിനായി ശ്രമിച്ചിരുന്നില്ല. ആ സമീപനം മാറുന്നു എന്നതിന്റെ തെളിവുമാണ് പുതിയ സീരിസിലെ ചില മോഡലുകള്‍. കാഴ്ചാ അനുഭവം നിസ്തുലമാക്കാനായി സൃഷ്ടിച്ചവയാണ് ഇവയുടെ സ്‌ക്രീനെന്ന് കമ്പനി പറയുന്നു. 

 

ഗ്യാലക്‌സി എ50

 

ശക്തിയുള്ള ട്രിപ്പിള്‍ ക്യാമറയാണ് ഇതിന്റെ പ്രധാന ആകര്‍ഷണീയതകളില്‍ ഒന്ന്. 25എംപി, 5എംപി, 8എംപി എന്നിങ്ങനെയാണ് ക്യാമറകളുടെ റെസലൂഷന്‍. ഇവ ഉപയോഗിച്ചു പകര്‍ത്തുന്ന ചിത്രങ്ങള്‍ മികവുറ്റവയും വിഡിയോ വര്‍ണ്ണാഞ്ചിതവുമായിരിക്കുമെന്ന് കമ്പനി പറയുന്നു. സീന്‍ ഒപ്റ്റിമൈസറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഫൊട്ടോഗ്രഫിയുടെ ബാലപാഠങ്ങള്‍ അറിയാത്തവര്‍ക്കും ഇതുപകരിച്ചേക്കാം. 20 സീനുകള്‍ കാണുമ്പോഴെ മനസ്സിലാക്കി സ്വയം ക്രമീകരിക്കാനുള്ള ശേഷി ക്യാമറയ്ക്കുണ്ടെന്നു പറയുന്നു. ഈ സാഹചര്യങ്ങളില്‍ സാധ്യമാകുന്ന ഏറ്റവും മികച്ച ചിത്രങ്ങളും വിഡിയോയും പകര്‍ത്താന്‍ ഇതിലൂടെ ആര്‍ക്കും സാധിക്കുമെന്നാണ് ആവകാശവാദം. അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സിന് 123 ഡിഗ്രി വീക്ഷണകോണ്‍ ലഭിക്കുന്നു. ഒരു പ്രദേശം മുഴുവന്‍ പകര്‍ത്താന്‍ ഇത് അനുവദിക്കും.

 

സാംസങ്ങിന്റെ മികച്ച പ്രൊസസറുകളിലൊന്നായ എക്‌സിനോസ് 9610 ആണ് ഈ മോഡലിനു ശക്തിപകരുന്നത്. എട്ടു കോറുകളുള്ള ഇത് മള്‍ട്ടി ടാസ്‌കിങ് സുഗമമാക്കുമത്രെ. സാംസങ് നിര്‍മിച്ച സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍ (ഫുള്‍എച്ഡി പ്ലസ് റെസലൂഷന്‍) മികച്ച കാഴ്ചാനുഭവം പകരുമെന്നും പറയുന്നു. 4000 എംഎഎച് ബാറ്ററിയും യുഎസ്ബി ടൈപ്-സി ചാര്‍ജറിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. അതിവേഗ ചാര്‍ജിങ് സാധ്യമാകും. പുതിയ മോഡലുകളില്‍ ഏറ്റവും ആകര്‍ഷകമായി നിര്‍മിച്ചിരിക്കുന്ന എ50ന് മികച്ച കൈ ഇണക്കവും ഉണ്ടാകുമെന്നു പറയുന്നു. വെള്ള, നീല, കറുപ്പ് നിറങ്ങളിലായിരിക്കും ഈ മോഡല്‍ എത്തുക.

 

ഗ്യാലക്‌സി എ30

 

4,000 എംഎഎച് ബാറ്ററി, ഫാസ്റ്റ് ചാര്‍ജിങ്, 6.4-ഇഞ്ച് വലുപ്പമുള്ള സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ മോഡലിലേക്കും പകര്‍ന്നാടിയിട്ടുണ്ട്. ഇരട്ട ക്യാമറ സിസ്റ്റമാണ് ഇതിനുള്ളത്. 16 എംപി പ്രധാന ക്യാമറയും 5എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എട്ടു കോറുള്ള എക്‌സിനോസ് 7885 ആണ് ഇതിനു ശക്തി പകരുന്നത്. ചുവപ്പ്, നീല, കറുപ്പ് നിറങ്ങളില്‍ ലഭ്യമാക്കും.

 

ഗ്യാലക്‌സി എ10

 

താരതമ്യേന വിലകുറഞ്ഞ സ്മാര്‍ട് ഫോണ്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്കു വേണ്ടി ഇറക്കിയതാണ് ഇത്. ഈ മോഡലിന്റെ ഏക ക്യാമറയ്ക്ക് 13 എംപിയാണ് റെസലൂഷന്‍. എക്‌സിനോസ് 7884B പ്രൊസസറാണ് ശക്തിപകരുന്നത്. 6.2-ഇഞ്ച് വലുപ്പമുള്ള എച്ഡിപ്ലസ് ഡിസ്‌പ്ലെയാണ് ഇതിനുള്ളത്. 3,400 എംഎഎച് ബാറ്ററിയും നല്‍കിയിട്ടുണ്ട്. ചുവപ്പ്, നീല, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്.

 

വില

 

പുതിയ സീരിസില്‍ ലഭ്യമായ എല്ലാ മികച്ച ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ച എ50യുടെ 6ജിബി, 64ജിബി വേര്‍ഷന് 22,990 രൂപ വില നല്‍കണം. 4ജിബി, 64ജിബി വേര്‍ഷന് 19,990 രൂപയും നല്‍കണം. എ30 മോഡലിന്റെ 4ജിബി വേര്‍ഷന് 16,990 രൂപ വില നല്‍കണം. 3ജിബി വേര്‍ഷന് അല്‍പ്പം വില കുറവാണ്. എ10 മോഡലിന് 8,490 രൂപയാണ് വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com