ADVERTISEMENT

കറുപ്പ്, വെളുപ്പ്, സില്‍വര്‍, ഗോള്‍ഡ് തുടങ്ങിയവ ആയിരുന്നു പൊതുവെ ആദ്യകാലത്ത് 'കുലീനത്തമുള്ള' സ്മാര്‍ട് ഫോണുകളുടെ അംഗീകരിക്കപ്പെട്ട നിറങ്ങള്‍. ഇതിനും ഐഫോണിന്റെ സ്വാധീനമെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. മറ്റു കളറുകളിലുള്ള സ്മാര്‍ട് ഫോണുകള്‍ വില കുറഞ്ഞവയാണെന്നു പോലും കരുതിയിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷമായി അതെല്ലാം പഴങ്കഥകളായി പരിണമിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് പുതിയ മോഡലുകളെ നോക്കുമ്പോള്‍ മനസ്സിലാകും. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഫോണിന്റെ നിറം നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുമോ? ഉണ്ടെന്ന് ചിലര്‍ പറയുന്നു.

 

പച്ച, നീല, ചുവപ്പ് തുടങ്ങി കൂടുതല്‍ നിറങ്ങളുള്ള സ്മാര്‍ട് ഫോണുകള്‍ ഇന്നു ധാരാളമായി വിപണിയിലേക്ക് എത്തുകയാണ്. ഇന്നു ഫോണ്‍ നിര്‍മാണ കമ്പനികള്‍ ലോകത്തെ വമ്പന്‍ ഡിസൈനര്‍മാരുടെയും മറ്റും സേവനം തേടുന്നുമുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളെ നോക്കിയാല്‍ ക്വാല്‍കമിന്റെ പ്രൊസസര്‍, സോണിയുടെ ക്യാമറ മൊഡ്യൂള്‍ അങ്ങനെ ഹാര്‍ഡ്‌വെയര്‍ എല്ലാം തന്നെ ഒരേപോലെയാണ്. നിര്‍മാണത്തിലും നിറത്തിലുമെങ്കിലും തങ്ങളുടെ ഫോണ്‍ വ്യത്യസ്തമാകാതിരുന്നാല്‍ എങ്ങനെയാണ് എന്നതാണ് ഈ കമ്പനികളുടെ ചിന്തയെന്നു തോന്നും ഇപ്പോഴത്തെ പോക്കു കണ്ടാല്‍. പക്ഷേ, താഴേയ്ക്കിടയിലുള്ള ഫോണുകള്‍ മാത്രമല്ല വര്‍ണ്ണവൈവിധ്യവുമായി എത്തുന്നത്. സാംസങ്ങിന്റെയും വാവെയുടെയും മുന്‍നിര ഫോണുകളിലും നിറങ്ങളുടെ പ്രഭാവം കാണാം. എന്നാല്‍ നിറം കണ്ട് ഒരാള്‍ ഫോണ്‍ വാങ്ങുമോ?

 

ചില വാദങ്ങള്‍

 

വെള്ള നിറത്തിലുള്ള ഫോണുകള്‍ വാങ്ങുന്നത് ചിട്ടയായ ജീവിതം നടത്തുന്നവരാണ് എന്നൊരു വാദമുണ്ട്. എളുപ്പം ചെളിയും അഴുക്കും പിടിക്കുകയും അവ എടുത്തുകാണിക്കുകയും ചെയ്യുന്നതാണല്ലോ വെളുത്ത നിറം. അതുകൊണ്ട്, ഈ നിറം വേണമെന്നു തീരുമാനിക്കുന്നവര്‍ വളരെ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുമെന്നു മനസ്സില്‍ തീരുമാനമെടുത്തവർ ആകാമെന്നതാണ് ഒരു വാദം.

 

കറുത്ത നിറം തിരഞ്ഞെടുക്കുന്നവര്‍ സ്മാര്‍ട് ഫോണിനെ പറ്റി അത്രകണ്ട് ശ്രദ്ധ നല്‍കാന്‍ ഉദ്ദേശിക്കാത്തവർ ആകാമെന്നാണ് പറയുന്നത്. 

 

ഇന്ത്യന്‍ പെണ്‍കുട്ടികള്‍ (കാശുണ്ടെങ്കില്‍) സ്വര്‍ണ്ണ നിറത്തിലുള്ള ഫോണുകളാകും ഇഷ്ടപ്പെടുക എന്നൊരു വാദമുണ്ട്. പക്ഷേ, ഇതിനൊന്നും ഒരു തെളിവും ഇല്ല. സ്വര്‍ണ്ണ ഭ്രമം സ്മാര്‍ട് ഫോണിലേക്കും പകരുമെന്നായിരിക്കാം ഈ വാദമുയര്‍ത്തുന്നവരുടെ മനസ്സിലുള്ളത്.

 

എന്തായാലും തുടക്ക കാലത്ത് കറുപ്പ്, വെളുപ്പ്, സില്‍വര്‍ മോഡലുകളായിരുന്നു താരങ്ങള്‍. പിന്നീട് ചില കമ്പനികള്‍ സ്‌പെഷ്യല്‍ എഡിഷന്‍ എന്നു പറഞ്ഞ് നിറവ്യത്യാസമുള്ള മോഡലുകള്‍ പുറത്തിറക്കുന്ന രീതി വന്നു.

 

എന്നാല്‍, തങ്ങളുടെ കൈയ്യിലിരിക്കുന്ന ഫോണ്‍ നിറത്തില്‍ അല്‍പം വ്യത്യസ്തമായിക്കോട്ടെ എന്നു ചിന്തിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തങ്ങളുടെ വ്യക്തിത്വത്തിന് അല്‍പം മാറ്റു കൂട്ടുന്ന നിറങ്ങള്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നുവത്രെ. വസ്ത്രം പോലെ ശ്രദ്ധ പിടിക്കുന്ന ഒന്നായി സ്മാര്‍ട് ഫോണ്‍ മാറിക്കഴിഞ്ഞല്ലോ.

 

വണ്‍പ്ലസിന്റെ ഫോണുകളിലെ നിറങ്ങളുടെ ഉപയോഗം പഠനാര്‍ഹമാണെന്നു പറയുന്നു. സാംസങ്, വാവെയ്, എച്ടിസി തുടങ്ങിയ കമ്പനികളൊക്കെ ഇപ്പോള്‍ ഡിസൈനിനൊപ്പം ആകര്‍ഷകമായ നിറവും തങ്ങളുടെ ഫോണുകള്‍ക്കു നല്‍കാന്‍ ഉത്സാഹം കാണിക്കുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. വരും വര്‍ഷങ്ങളിലും നിറത്തിനും ഡിസൈനിനുമുള്ള പ്രാധാന്യം കൂടി വരുമെന്നും വാദങ്ങളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com