ADVERTISEMENT

പ്രീമിയം സെഗ്‌മെന്റില്‍ ഇന്ത്യക്കാരുടെ മനസ്സില്‍ ഇടം നേടിയ കമ്പനിയാണ് വണ്‍പ്ലസ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണുകളുടെ മിക്ക ഫീച്ചറുകളും അവയേക്കാള്‍ കുറഞ്ഞ വിലയ്ക്കു നല്‍കുന്നു എന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത. ലോകമെമ്പാടുമുള്ള സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ വണ്‍പ്ലസിന്റെ മാജിക്കിനായി കാത്തിരിക്കാറുണ്ട്. അധികം താമസിയാതെ പുറത്തിറക്കാന്‍ പോകുന്ന ഈ വര്‍ഷത്തെ മോഡലുകളായ വണ്‍പ്ലസ് 7/ പ്രോ മോഡലുകളുടെ സവിശേഷതകളെ കുറിച്ചുള്ള ടീസര്‍ വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് വണ്‍പ്ലസ് മേധാവി പീറ്റ് ലൗ. ഇവയില്‍ നിന്ന് നമുക്കു ചില കാര്യങ്ങള്‍ മനസ്സിലാക്കാം.

ട്വിറ്ററിലാണ് കമ്പനി തങ്ങളുടെ പുതിയ മോഡലുകളെക്കുറിച്ചുള്ള സൂചനകളടങ്ങുന്ന വിഡിയോ പുറത്തുവിട്ടത്. പതിവിലേറെ ലീക്കുകളും അഭ്യൂഹങ്ങളും പുറത്തു വന്നതിനു ശേഷമാണ് ഈ വിഡിയോ ഇറക്കിയത്. നേരത്തെ ഇറങ്ങിയ അഭ്യൂഹങ്ങളില്‍ പറയാത്ത ഒന്നും തന്നെ വണ്‍പ്ലസിനു പോലും പറയാനില്ല എന്നതാണ് ഇത്തവണത്തെ സവിശേഷത. വിഡിയോ ഉറപ്പിച്ചു പറയുന്ന കാര്യം രണ്ടു മോഡലുകള്‍ ഉണ്ടാകുമെന്നതാണ്. വണ്‍പ്ലസ് 7, വണ്‍പ്ലസ് 7 പ്രോ എന്നിങ്ങനെയാകാം അവയുടെ നാമകരണം. ഈ മോഡലുകള്‍ക്ക് ഉപയോഗസുഖം മുന്‍ തലമുറകളെക്കാല്‍ മെച്ചപ്പെടുമെന്നതാണ് കമ്പനിയുടെ അവകാശവാദം. ആന്‍ഡ്രോയിഡ് 9 അടിസ്ഥാനമാക്കി നിർമിച്ച കമ്പനിയുടെ സ്വന്തം ഓക്‌സിജന്‍ ഒഎസ് ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. ഇതിലെ പരിഷ്കാരങ്ങളും ക്വാല്‍കമിന്റെ ഈ വര്‍ഷത്തെ ഏറ്റവും ശക്തിയേറിയ പ്രോസസറായ സ്‌നാപ്ഡ്രാഗണ്‍ 855ഉം ഒത്തു ചേരുമ്പോള്‍ മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം. അതാണ് കമ്പനി ഊന്നിപ്പറയുന്ന പ്രധാന കാര്യങ്ങളില്‍ ഒന്ന്.

അത്യുഗ്രന്‍ ഡിസ്‌പ്ലെ

ഇന്നേവരെ ഇറങ്ങിയിരിക്കുന്ന വണ്‍പ്ലസ് മോഡലുകളെക്കാളും, എന്തിന് മിക്കാവാറും കമ്പനികളുടെയൊക്കെ ഫോണുകള്‍ക്കുള്ളതിനേക്കാളും നല്ല ഡിസ്‌പ്ലെ പ്രതീക്ഷിക്കാമെന്നാണ് പുറത്തുവന്ന വിവരങ്ങളിലൊന്ന്. അതു ശരിവയ്ക്കുന്നതാണ് പീറ്റ് ലൗ നല്‍കുന്ന സൂചനകളും. വണ്‍പ്ലസ് 7 പ്രോയ്‌ക്കെങ്കിലും റിഫ്രഷ് റെയ്റ്റ് കൂടിയ 90Hz ഓലെഡ് ഡിസ്‌പ്ലെയായിരിക്കും നല്‍കുക. അസൂസ് ROG മോഡലിന് ഇത്തരം ഡിസ്‌പ്ലെയാണ്. അവസാനം ഇറക്കിയ ഐപാഡ് പ്രോ മോഡലിന് 120Hz റിഫ്രെഷ് റെയ്റ്റുണ്ട്. ഈ ഐപാഡില്‍ ആനിമേഷന്‍ കാണുന്നത് മികച്ച അനുഭവം നല്‍കുന്നു. വണ്‍പ്ലസ് 7 പ്രോ മോഡലിന്റെ ഡിസ്‌പ്ലെ മികച്ച ദൃശ്യാനുഭവം നല്‍കുമെന്നാണ് കരുതുന്നത്. ഡിസ്‌പ്ലെ, ക്വാഡ്എച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് (Quad HD+ Super AMOLED '90hz' Display) സ്‌ക്രീന്‍ ആയിരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്.

ഡിസൈനിലും മാറ്റം പ്രതീക്ഷിക്കാം. വശങ്ങളില്‍ ചെരിച്ചു നിര്‍മിച്ചിരിക്കുന്നതാണിത്. സാംസങ്ങിന്റെയും വാവെയുടെയും പുതിയ പ്രധാന മോഡലുകളില്‍ ഈ നിര്‍മാണ രീതി കാണാം. ഇതും വണ്‍പ്ലസ് 7 പ്രോയില്‍ എത്തുമെന്നു കരുതുന്നു. ഡിസ്‌പ്ലെയുടെ മുകള്‍ഭാഗവും ഈ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത് എന്നതിനാല്‍ ഫുള്‍-സ്‌ക്രീന്‍ ഡിസ്‌പ്ലെ തന്നെയായിരിക്കാം വരികയെന്നും കണക്കുകൂട്ടാം. സെന്‍സറുകളോ ക്യാമറകളോ ഉണ്ടാക്കുന്ന തടസ്സങ്ങളില്ലാതെയായിരിക്കും ഇതിന്റെ നിര്‍മിതി.

സെല്‍ഫി ക്യാമറ, ഡിസ്‌പ്ലെ സ്പീക്കര്‍

വണ്‍പ്ലസ് ആദ്യമായി പോപ്-അപ് സെല്‍ഫി ക്യാമറ പരീക്ഷിക്കാന്‍ പോകുന്ന മോഡലാണിതെന്നു കരുതുന്നു. ഡിസ്‌പ്ലെയുടെ ആകര്‍ഷണീയതയ്ക്കായാണ് തള്ളിവരുന്ന ക്യാമറ പരീക്ഷിക്കുന്നത്. ഇയര്‍പീസുകളും കാണുന്നില്ല. ഇതിനാല്‍ ഡിസ്‌പ്ലെ വൈബ്രേറ്റു ചെയ്ത് ശബ്ദമുണ്ടാക്കുന്ന രീതിയായിരിക്കാം ഉപയോഗിച്ചിരിക്കുന്നതെന്നും കരുതുന്നു.

ക്യാമറ

ട്രിപ്പിള്‍ ക്യാമറ സെറ്റ്-അപ് ആണു പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തെ എല്ലാ ഐഫോണ്‍ മോഡലുകള്‍ക്കും ആപ്പിള്‍ ട്രിപ്പിള്‍ ക്യാമറ നല്‍കുമെന്നും അഭ്യൂഹങ്ങള്‍ പറയുന്നു. വണ്‍പ്ലസ് നോര്‍മല്‍, അള്‍ട്രാവൈഡ്, ടെലി എന്നിങ്ങനെ മൂന്നു ലെന്‍സുകള്‍ നല്‍കുമെന്നാണ് കരുതുന്നത്. എന്നാല്‍, ട്രിപ്പിള്‍ ക്യാമറ സെറ്റ്-അപ് പ്രോ മോഡലിനു മാത്രമായിരിക്കുമോ ഉണ്ടാകുക എന്ന് പറയാനാവില്ല.

ആംഗ്യങ്ങള്‍ (gesture) ഉപയോഗിച്ചുള്ള നിയന്ത്രണം മെച്ചപ്പെടുമെന്നും കരുതുന്നു. വണ്‍പ്ലസ് 5ടി മുതലുള്ള ഫോണുകള്‍ക്ക് ഇിതുണ്ടെങ്കിലും അവയ്ക്ക് സ്വാഭാവികത കൈവരിക്കാനായിട്ടില്ലെന്ന അരോപണം നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം അതു പരിഹരിക്കപ്പെടുമെന്നാണ് വണ്‍പ്ലസ് ആരാധകരുടെ കണക്കുകൂട്ടല്‍.

വില

വിലയായിരുന്നു വണ്‍പ്ലസിന്റെ പ്രധാന വില്‍പനാ തന്ത്രം. വെറും 300 ഡോളറിന് അന്നത്തെ സുപ്രധാന ഫോണുകളുടെ ഫീച്ചറുകളും അതല്‍ കൂടുതലും ഉള്‍പ്പെടുത്തിയാണ് ആദ്യ വണ്‍പ്ലസ് ഇറങ്ങിയത്. (തുടക്ക ഐഫോണിന് 650 ഡോളര്‍ വിലയുള്ള സമയം.) അത് അക്ഷരാര്‍ഥത്തില്‍ വിപ്ലവകരമായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ വില കുതിച്ചുയര്‍ന്നിരിക്കുന്നതു കാണാം. ഇന്നു പ്രകടനം മാത്രമാണ് നോക്കുന്നതെങ്കില്‍ വണ്‍പ്ലസിനെക്കാള്‍ വളരെ വില കുറച്ച് പോക്കോ ഫോണ്‍ എഫ് 1 ലഭ്യമാണ്. ഏകദേശം 20,000 രൂപയ്ക്ക് സെയിലിലും മറ്റും ഈ മോഡല്‍ വില്‍പനയ്ക്ക് എത്താറുണ്ട്. വണ്‍പ്ലസിനെ എതിരിടാന്‍ പ്രത്യേകമായി സാംസങ് ഹാന്‍ഡ്‌സെറ്റുകളും എത്തുന്നുണ്ട്. ഇവയ്ക്ക് പ്രോസസിങ് ശക്തി അല്‍പം കുറവായിരിക്കുമെന്നതായിരിക്കും പ്രധാന ന്യൂനത.

അപ്പോള്‍, ഈ വര്‍ഷം ധാരാളം എതിരാളികള്‍ വണ്‍പ്ലസിന് ഉണ്ടായിരിക്കും. പോക്കോ എഫ് 1നെ നേരിടാന്‍ വണ്‍പ്ലസ് 7നെ വയ്ക്കാനാണോ കമ്പനിയുടെ ലക്ഷ്യം എന്നതായിരിക്കും ടെക് പ്രേമികള്‍ ഉറ്റു നോക്കുന്ന ഒരു കാര്യം. വണ്‍പ്ലസ് 7 പ്രോ ഇപ്പോഴുള്ള വണ്‍പ്ലസ് 6 ടിയുടെ സ്ഥാനം ഏറ്റെടുക്കുകയും വണ്‍പ്ലസ് 7 ന് അതില്‍ താഴ്ത്തി വിലയിടുകയും ചെയ്യുകയാണെങ്കില്‍ കമ്പനിയോടുള്ള മതിപ്പ് നിലനില്‍ക്കും. അതേസമയം, വണ്‍പ്ലസ് 7ന്, വണ്‍പ്ലസ് 6ടിയുടെ വില നല്‍കുകയും വണ്‍പ്ലസ് 7പ്രോയ്ക്ക് 50,000 രൂപയ്ക്കു മുകളില്‍ വിലയിടുകയും ചെയ്താല്‍ അതിനോട് ഉപയോക്താക്കള്‍ എങ്ങനെ പ്രതികരിക്കുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

വണ്‍പ്ലസ് 7 മോഡലുകള്‍ മേയ് മാസം 14ന് അവതരിപ്പിക്കുമെന്നാണ് കേള്‍ക്കുന്നത്. അതിനു ശേഷം ഇന്ത്യക്കാര്‍ക്കായി പ്രത്യേക അവതരണവുമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com