sections
MORE

ഷവോമി കെ20 പ്രോ: വണ്‍പ്ലസിന്റെ അന്തകനാകുമോ?

xiaomi-k20-pro-vs-oneplus
SHARE

വിലക്കുറവിലും മികച്ച ഫീച്ചറുകള്‍ നല്‍കുന്ന ഫോണുകള്‍ നിര്‍മിക്കാന്‍ ഇന്നു ലോകത്ത് ഏറ്റവും വിരുതുള്ള കമ്പനികളിലൊന്നാണ് ഷവോമി. ലോകത്തെ ഏറ്റവും കരുത്തന്‍ പ്രൊസസറുകളിലൊന്നായ സ്‌നാപ്ഡ്രാഗണ്‍ 855 ഉപയോഗിച്ചു നിര്‍മിച്ച ഫോണുകളായ തങ്ങളുടെ റെഡ്മി കെ20, കെ20 പ്രോ എന്നിവ കമ്പനി ചൈനയില്‍ അവതരിപ്പിച്ചു. അവ ആഴ്ചകള്‍ക്കുള്ളില്‍ അതേപേരില്‍ തന്നെ ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തുമെന്നാണ് കമ്പനിയുടെ ഇന്ത്യന്‍ മേധാവിയായ മനുകുമാര്‍ ജെയിന്‍ അറിയച്ചത്.

വണ്‍പ്ലസിനെ വെള്ളം കുടിപ്പിക്കാന്‍ ഷവോമി

xiaomi-k20

ഏറ്റവും മുന്തിയ ഫോണുകളുടെ ഫീച്ചറുകള്‍ മുഴുവന്‍ അടങ്ങുന്ന ഫോണ്‍ അവയുടെ പകുതി വിലയില്‍ താഴെ വില്‍ക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ കമ്പനിയാണ് വണ്‍പ്ലസ്. ഇന്ത്യയിലെ പ്രീമിയം ഫോണ്‍ സെഗ്‌മെന്റില്‍ ഏറ്റവുമധികം ആരാധകരുള്ള ബ്രാന്‍ഡുമാണിത്. ഫ്ലാഗ്ഷിപ് കില്ലര്‍ എന്ന പരസ്യ വാചകവുമായി ആയിരുന്നു വണ്‍പ്ലസ് കളം പിടിച്ചത്. (ഏതു നിര്‍മാതാവിന്റെയും ഏറ്റവും പ്രാധാന്യമുള്ള മോഡലിനെയാണ് ഫ്ലാഗ്ഷിപ് എന്നു വിളിക്കുന്നത്.) വണ്‍പ്ലസിന്റെ ആശയം അവര്‍ക്കെതിരെ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് കമ്പനിയിപ്പോള്‍. ഐഫോണിന്റെയും, സാംസങ് ഗ്യാലക്‌സി എസ്10ന്റെയും ഒക്കെ വില അവിടെ നില്‍ക്കട്ടെ. വണ്‍പ്ലസ് 7 മോഡലുകള്‍ക്കിട്ടിരിക്കുന്ന വില നോക്കുക. അവയുടെ നേര്‍പകുതി വിലയ്ക്ക് വേണ്ടതിലേറെ ഫീച്ചറുകള്‍ നിറച്ച് ഫോണിറക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഷവോമി ഇറക്കുന്ന മോഡലുകളാണ് കെ20, കെ20 പ്രോ എന്നിവ.

പരസ്യ യുദ്ധം

പുതിയ വണ്‍പ്ലസ്‌ വണ്ണിനെക്കാള്‍ എല്ലാ രീതിയിലും മേന്മയുള്ളത് എന്നൊക്കെയാണ് കെ20 പ്രോയെക്കുറിച്ച് അവരുടെ പരസ്യ ബോര്‍ഡുകള്‍ പറയുന്നത്. തങ്ങളാണ് ഫ്ലാഗ്ഷിപ് കില്ലര്‍ 2.0 എന്നാണ് വണ്‍പ്ലസ് വിളംബരം ചെയ്യുന്നത്. വണ്‍പ്ലസ് കമ്പനിയുടെ പരസ്യ ബോര്‍ഡുകള്‍ക്കടുത്തു തന്നെയാണ് ഷവോമി തങ്ങളുടെ ബോര്‍ഡുകളും പിടിപ്പിച്ചിരിക്കുന്നത്. കാഴ്ചക്കാരില്‍, ഷവോമിയുടെ പ്രയോഗം ചിരി വരുത്തുകയും ചെയ്‌തേക്കും.

വണ്‍പ്ലസിന്റെ അല്‍പ്പം ചരിത്രം

oneplus-7

ഒപ്പോ കമ്പനിയുമായി അടുത്ത ബന്ധമാണ് വണ്‍പ്ലസിന് ഉള്ളത്. ഇരു കമ്പനികളും ഇതു മൂടിവയ്ക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും അതൊരു യാഥാർഥ്യമാണ്. ഒപ്പോയുടെ വൈസ് പ്രസിഡന്റ് ആയ പീറ്റര്‍ ലാവു ആണ് വണ്‍പ്ലസ് കമ്പനി സ്ഥാപിച്ചത്. ലോകത്തു ലഭ്യമായ ഏറ്റവും മികച്ച ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ ഫീച്ചറുകൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഉപയോക്താക്കളില്‍ എത്തിക്കുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ മകുടോദാഹരണമായിരുന്നു വണ്‍പ്ലസ് വണ്‍. കരുത്തുറ്റ ഹാര്‍ഡ്‌വെയറിനൊപ്പം ഏറ്റവും ശക്തമായ സോഫ്റ്റ്‌വെയറുമായി ഇണക്കിയായിരുന്നു ഈ ഫോണ്‍ നിര്‍മിച്ചത്. സൈനജന്‍മോഡ് ആയിരുന്നു സോഫ്റ്റ്‌വെയര്‍. റോ ഫോട്ടോ എടുക്കാനുള്ള ശേഷിയൊക്കെ ഈ ഫോണിനുണ്ടായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഐഫോൺ ഒക്കെ റോ സജ്ജമാകുന്നത്.

സൈനജന്‍മോഡ്, ആന്‍ഡ്രോയിഡിനെ ഗൂഗിളിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നു മോചിപ്പിച്ച ഒന്നായിരുന്നു. ഗൂഗിളിന്റെ ആപ്പുകള്‍ വേണ്ടെങ്കില്‍ ചുമ്മാ ഡീലീറ്റു ചെയ്തു കളയാമായിരുന്നു. ഈ കാരണം കൊണ്ടുതന്നെ ടെക് അവബോധമുള്ള ഉപയോക്താക്കളില്‍ വണ്‍പ്ലസ് വണ്‍ ഒരു പുതുയുഗം തുറക്കുകയായിരുന്നു. ശരിക്കും ഒരു ഫ്ലാഗ്ഷിപ് കില്ലറായിരുന്നു വണ്‍പ്ലസ് വണ്‍. പിന്നെ സൈനജന്‍ മോഡ് ഇന്ത്യയില്‍ ഉപയോഗിക്കാനുള്ള അവകാശം മൈക്രോമാക്‌സ് നേടി. സൈനജന്‍മോഡ് ഉപയോഗിച്ചുള്ള ഫോണുകള്‍ വണ്‍പ്ലസിന് ഇന്ത്യയില്‍ വില്‍ക്കാന്‍ അനുവാദമില്ല എന്ന വിധിയും ലഭിച്ചതോടെ, വണ്‍പ്ലസ് ഓക്സിജന്‍ ഒഎസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം ഇന്ത്യയ്ക്കായി നിര്‍മിച്ചു. ഇതാകട്ടെ, മറ്റെല്ലാ ആന്‍ഡ്രോയിഡ് ഫോണുകളെയും പോലെയുള്ള ഒന്നായിരുന്നു.

പിന്നീട്, എല്ലാ രാജ്യങ്ങളിലുമുള്ളവര്‍ക്ക് ഓക്‌സിജന്‍ ഒഎസിലുള്ള ഫോണ്‍ മതി എന്നു കമ്പനി തീരുമാനിക്കുകയായിരുന്നു. സൈനജന്‍ ഒഎസിന്റെ അവകാശം വാങ്ങിയ മൈക്രോമാക്‌സ് അതുപയോഗിച്ച് ഒരുപാടു ഫോണുകളൊന്നും ഉണ്ടാക്കിയുമില്ല. വണ്‍പ്ലസ്-സൈനജന്‍ കൂട്ടുകെട്ട് സ്മാര്‍ട്ഫോണ്‍ നിര്‍മാണത്തില്‍ പുതിയ ചരിത്രമെഴുതാന്‍ സാധ്യതയുണ്ടായിരുന്നു. പുലി പുല്ലു തിന്നുകയുമില്ല, പശുവിനെ തീറ്റുകയുമില്ല എന്നു പറയുന്നതു പോലെ സൈനജന്‍മോഡിന്റെ അകാല നിര്യാണത്തിന്റെ ഒരു കാരണം മൈക്രോമാക്‌സ് ആണെന്നു വേണമെങ്കില്‍ പറയാം. സാക്ഷാല്‍ മൈക്രോസോഫ്റ്റ് സഹായഹസ്തവുമായി എത്തിയെങ്കിലും സൈനജന്‍ നിര്‍മാതാക്കള്‍ പണി നിർത്തി പോകുകയായിരുന്നു.

വില യുദ്ധം

തുടക്ക ഐഫോണ്‍ മോഡലിന് 650 ഡോളര്‍ വാങ്ങിയിരുന്ന കാലത്ത് വെറും 290 ഡോളറിനാണ് കരുത്തന്‍ ഫോണുമായി വണ്‍പ്ലസ് എത്തിയത്. എന്നാല്‍, പിന്നീടവര്‍ പതിയെ വില കൂട്ടിക്കൂട്ടി പോകുന്ന കാഴ്ചയാണ് കാണുന്നത്. വണ്‍പ്ലസ് 7 പ്രോയുടെ 58,000 രൂപ വരെയൊക്കെ എത്തി. ഈ ഗോദായിലേക്കാണ് തങ്ങള്‍ പുതിയ ഫ്ലാഗ്ഷിപ് കില്ലറാണ് എന്നു പറഞ്ഞ് ഷവോമി ഇറങ്ങുന്നത്. ഏകദേശം 25,000 രൂപയ്ക്ക് അല്‍പ്പം മുകളിലോ താഴെയോ ആയിരിക്കും അവരുടെ കെ സീരിസ് ഫോണിന്റെ വില എന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പോക്കോ ഫോണ്‍ എഫ്1 ഷവോമിയുടെ മറ്റൊരു സബ്‌സിഡിയറിയാണ് നിര്‍മിച്ചത്. ഈ വര്‍ഷം പോക്കോ ഫോണ്‍ ഇറങ്ങുമോ, അതോ കെ20 സീരിസ് മാത്രമാണോ ഉണ്ടാകുക എന്നറിയില്ല.

കെ20 പ്രോ സ്‌പെസിഫിക്കേഷന്‍സ്

നേരത്തെ പറഞ്ഞതു പോലെ സ്‌നാപ്ഡ്രാഗണ്‍ 855 ആയിരിക്കും പ്രോസസര്‍. പോപ്-അപ് ക്യാമറാ മൊഡ്യൂളായിരിക്കും സെല്‍ഫിക്കായി നല്‍കുക. പിന്‍ ക്യാമറാ സിസ്റ്റത്തില്‍ പ്രധാനം സോണി സെന്‍സറുളള 48എംപി ഷൂട്ടറായിരിക്കും. 6.39-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡി പ്ലസ് ഓലെഡ് ഡിസ്‌പ്ലെയായിരിക്കും സ്‌ക്രീന്‍. ഇതിനുള്ളില്‍ തന്നെയായിരിക്കും ഫിങ്ഗര്‍പ്രിന്റ് സ്‌കാനര്‍. 4,000 എംഎഎച് ബാറ്ററിയും ക്വിക് ചാര്‍ജിങ് സപ്പോര്‍ട്ടും മറ്റും അടങ്ങുന്ന ഈ ഫോണിന് കേവലം 360 ഡോളര്‍ വിലയിട്ട് ടെക് പ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ് ഷവോമി. ഇന്നത്തെ ലക്ഷം രൂപയുടെ ഫോണുകള്‍ക്ക് കെ20 പ്രോയെ നിഷ്പ്രഭമാക്കാവുന്ന ഫീച്ചറുകള്‍ ഒന്നും തന്നെ കാണില്ല എന്നതാണ് പുതിയ മോഡലിനെ അതീവ ആകര്‍ഷകമാക്കുന്നത്. ഇത് വണ്‍പ്ലസ് കമ്പനിക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തിയേക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA