ADVERTISEMENT

ആന്‍ഡ്രോയിഡിൽ നിന്ന് പുറത്താക്കിയ വാവെയ് കമ്പനിയുടെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഹോങ്‌മെങ് (HongMeng) നിരവധി ഫോൺ നിർമാണ കമ്പനികൾ പരീക്ഷിച്ച് റിപ്പോർട്ട് നൽകിയതായി റിപ്പോർട്ട്. ചൈനയില്‍ നിന്നുള്ള സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെയും വിവോയുടെയും ഒപ്പോയുടെയും പ്രതിനിധികള്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രകടനം വിലയിരുത്താന്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

നിലവിൽ ഈ ചൈനീസ് കമ്പനികളെല്ലാം ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആണ് ഉപയോഗിക്കുന്നത്. സ്മാര്‍ട് ഫോണ്‍ വിപണിയെ സംബന്ധിച്ച് ഇതെല്ലാം വലിയ വാര്‍ത്തകളാണ്. ചൈനീസ് കമ്പനികള്‍ ഒത്തൊരുമയോടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിര്‍മാണത്തിനു സഹകരിക്കാന്‍ തീരുമാനിച്ചാല്‍ അത് വിപ്ലവകരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ആന്‍ഡ്രോയിഡിന്റെ കുത്തക അവസാനിക്കാനിടയുള്ള നീക്കമാകുമിത്. എന്നാല്‍ അത്ര കാടുകയറി ചിന്തിക്കേണ്ട കാലം ആയിട്ടില്ലെന്ന് വാദിക്കുന്നവരും ഉണ്ട്. ചൈന ഡെയ്‌ലിയുടെ റിപ്പോര്‍ട്ട് പ്രകാരം ഹോങ്‌മെങ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 10 ലക്ഷം ഫോണുകൾ വാവെയ് കയറ്റുമതി ചെയ്തു കഴിഞ്ഞു എന്നാണ്. 

 

വാവെയ് ഒഎസിന് ആന്‍ഡ്രോയിഡിനെക്കാള്‍ 60 ശതമാനം വരെ വേഗമുണ്ടെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. നിലവിലുള്ള ആന്‍ഡ്രോയിഡ് വേര്‍ഷനേക്കാള്‍ വേഗത്തില്‍ വ്യക്തമായ വര്‍ധനവുണ്ടെന്നാണ് അവകാശവാദം. എന്നാല്‍ ഇതെങ്ങനെ അളന്നു എന്നതിനെപ്പറ്റി വ്യക്തമായ സൂചനകൾ ലഭ്യമല്ലെന്നത് ഇതിന്റെ ആധികാരികത കുറയ്ക്കുന്നു. അളന്ന രീതിയെപ്പറ്റിയുള്ള വിവരണം ലഭിക്കാതെ ഇതു മുഖവിലയ്‌ക്കെടുക്കരുതെന്ന് ടെക് വിദഗ്ധര്‍ പറയുന്നു.

 

അമേരിക്കയിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം ചൈനീസ് കമ്പനികളെ പടിഞ്ഞാറന്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പിടിയില്‍ നിന്ന് വിടുവിക്കുമോ എന്നതാണ് ഇപ്പോള്‍ ടെക് ലോകം ഉറ്റു നോക്കുന്ന കാര്യം. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഈ വര്‍ഷം അവസാനത്തോടെ ഔദ്യോഗികമായി അനാവരണം ചെയ്യാനൊരുങ്ങുകയാണെന്നും വാര്‍ത്തകളുണ്ട്. ഹോങ്‌മെങിന്റെ ട്രേഡ് മാര്‍ക്കിനായി ഒൻപതു യൂറോപ്യന്‍ രാജ്യങ്ങളില്‍ വാവെ അപേക്ഷ നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

ഗൂഗിള്‍ പ്ലേസ്റ്റോറിനു പകരമായി വാവെയ് അവതരിപ്പിക്കുന്നത് ആപ്ഗ്യാലറി (AppGallery) ആണ്. പ്ലേസ്റ്റോറിനായി ആപ്പുകള്‍ സൃഷ്ടിക്കുന്ന ഡെവലപ്പര്‍മാരോട് തങ്ങളുടെ ആപ്പ്ഗ്യാലറിയിലേക്കും ഒരു കോപ്പി ഇടാന്‍ വാവെയ് പ്രോത്സാഹനം നല്‍കുന്നതായും വാര്‍ത്തകളുണ്ട്. സമാനമായ ഓപ്പറേറ്റിങ് സിസ്റ്റങ്ങളാകയാല്‍ കോപ്പികള്‍ ഉണ്ടാക്കല്‍ ഡെവലപ്പര്‍മാര്‍ക്ക് എളുപ്പമായിരിക്കും. 

 

കഴിഞ്ഞ ആഴ്ച സൗത് ചൈന മോണിങ് പോസ്റ്റ് വാവെയുടെ ഓപ്പറേറ്റിങ് സിസ്റ്റത്തെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഹോങ്‌മെങ്ങിന്റെ മൈക്രോകേണല്‍ (microkernal) ക്രമീകരണങ്ങള്‍ വരുത്തുമ്പോള്‍ ചടുലമായി പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്ക് പ്ലേസ്റ്റോര്‍ ആപ്പുകള്‍ ആവശ്യനുസരണം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നാണ് പറയുന്നത്. പ്ലേസ്റ്റോറിനും വേലി കെട്ടിയാല്‍ മാത്രമായിരിക്കും ആപ്ഗ്യാലറി രംഗത്തു വരിക എന്നാണ് അനുമാനം. ഗൂഗിളിന്റെ ആപ്പുകള്‍ അടക്കമുളളവ ഹോങ്‌മെങ് ഒഎസ് ഉപയോഗിക്കുന്നവര്‍ക്കു ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ ഇവ ആന്‍ഡ്രോയിഡ് ഫോണുകളിലേതു പോലെ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തു ലഭിക്കില്ല.

 

ടെക്‌നോളജി ലോകം രണ്ടാകുമോ?

 

വാവെയ്‌ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം വേഗം പിന്‍വലിച്ചില്ലെങ്കില്‍ ചൈന കേന്ദ്രീകൃതമായ മറ്റൊരു വിഭാഗം ഉയര്‍ത്തെഴുന്നേറ്റാല്‍ അദ്ഭുതപ്പെടേണ്ട എന്നാണ് പൊതുവെയുള്ള അനുമാനം. അമേരിക്കന്‍ ടെക്‌നോളജി കമ്പനികളായ ഗൂഗിളിനും മറ്റും കാര്യമായ നഷ്ടം സംഭവിക്കാം. ആന്‍ഡ്രോയിഡിന്റെ കുത്തക നഷ്ടപ്പെട്ടാല്‍ കൂടുതല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ രംഗത്തുവന്നേക്കാം. എന്നാല്‍, ചൈനയുടെ ഓപ്പറേറ്റിങ് സിസ്റ്റത്തോട് എത്ര രാജ്യങ്ങള്‍ അയിത്തം കല്‍പ്പിക്കുമെന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com