ADVERTISEMENT

ഏറ്റവും വില കുറഞ്ഞ നാല് ഐഫോണുകള്‍ ഇന്ത്യയില്‍ ഇനി വില്‍ക്കേണ്ടെന്ന തീരുമാനം എടുത്തിരിക്കുകയാണ് ആപ്പിള്‍ കമ്പനി. ഐഫോണ്‍ SE/6/6പ്ലസ്/6s പ്ലസ് എന്നീ മോഡലുകളുടെ ഇപ്പോളുള്ള സ്‌റ്റോക്കു തീര്‍ന്നാല്‍ പിന്നെ ലഭിക്കില്ലെന്ന് കമ്പനി വില്‍പനക്കാരെ അറിയിച്ചിരിക്കുകയാണ്. ഇനി തുടക്ക മോഡല്‍ ഐഫോണ്‍ 6s ആയിരിക്കും. ഈ മോഡലിന്റെ ഇപ്പോഴത്തെ വില ഏകദേശം 29,500 രൂപയാണ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്കു വിറ്റിരുന്ന ഐഫോണ്‍ മോഡല്‍ SE ആയിരുന്നു. ഏകദേശം 18,000 രൂപ മുതല്‍ 22,000 രൂപ വരെയായിരുന്നു വില. നിർത്താന്‍ തീരുമാനിച്ച ഐഫോണുകളുടെ സപ്ലൈ കഴിഞ്ഞ മാസം തന്നെ അവസാനിപ്പിച്ചിരുന്നതായി കമ്പനിയുടെ എക്‌സിക്യൂട്ടീവുമാര്‍ പറഞ്ഞു. ഇതൊരു വിചിത്ര തീരുമാനമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, സുവ്യക്തമായ പ്ലാന്‍ ഇതിനു പിന്നിലുണ്ട്.

 

കുറച്ചു ഫോണ്‍ വിറ്റ് കൂടുതല്‍ ലാഭം

 

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ ആപ്പിളിന്റെ വില്‍പന വിറ്റ ഫോണുകളുടെ എണ്ണം പരിഗണിച്ചാല്‍ തകര്‍ന്നടിഞ്ഞതായി കാണാം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം കുറവാണ് വില്‍പനയില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏകദേശം 220,000 ഐഫോണുകളാണ് ഇന്ത്യയില്‍ വിറ്റിരിക്കുന്നത്. എന്നാല്‍, പഴയ മോഡലുകള്‍ നിർത്താനുള്ള ആപ്പിളിന്റെ പുതിയ നീക്കത്തിനു പിന്നില്‍ അവര്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ വിറ്റുവരവിന്റെ കണക്കുകള്‍ തന്നെയാണെന്നു കാണാം. വിറ്റ മോഡലുകളുടെ എണ്ണം കുറവാണെങ്കിലും കമ്പനി ഉണ്ടാക്കിയ ലാഭം വര്‍ധിക്കുകയായിരുന്നു.

 

iphone-china

ഈ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ ആപ്പിള്‍ ഇനിയും രജിസ്ട്രാര്‍ ഓഫ് കമ്പനീസിനു നല്‍കിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വിറ്റുവരവ് 12 ശതമാനം വര്‍ധിക്കുകയാണ് ഉണ്ടായത്. കമ്പനിയുടെ ഇന്ത്യയിലെ കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ് 13,097 കോടി രൂപയും ലാഭം 896 കോടി രൂപയുമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലാഭം ഇരട്ടിയാകുകയാണ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ തങ്ങള്‍ കൂടുതല്‍ എണ്ണം ഫോണ്‍ വില്‍ക്കാനുള്ള മത്സരത്തിനില്ല. മറിച്ച് കൂടുതല്‍ ലഭമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് കമ്പനി മേധാവി ടിം കുക്ക് മുൻപ് പറഞ്ഞിട്ടുമുണ്ട്. ഇന്ത്യയില്‍ ആപ്പിളിന്റെ പ്രതികരണം കുക്കിന്റെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നുവെന്നും കാണാം. ഏകദേശം 200 കോടി ഡോളര്‍ 2018ല്‍ ഉണ്ടാക്കണമെന്നായിരുന്നു കുക്കിന്റെ ആഗ്രഹം. പുതിയ നീക്കം ആപ്പിളിന്റെ ലാഭം ഇനിയും വര്‍ധിപ്പിച്ചേക്കും. ആപ്പിള്‍ ലോകവിപണിയില്‍ നടത്തുന്ന അതേ നീക്കം തന്നെയാണ് ഇവിടെയും നടത്തുന്നത്. ഫോണുകളുടെ വില്‍പന ആഗോളതലത്തില്‍ തന്നെ കുറയുകയാണ്. അതിനാല്‍ തങ്ങളുടെ പെട്ടിയില്‍ കാശുവീഴാനായി കമ്പനി വില കൂടിയ മോഡലുകള്‍ ഇറക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

 

ഒരു പരീക്ഷണം വിജയിച്ചു

 

മുന്‍ വര്‍ഷങ്ങളില്‍ നടത്താത്ത ഒരു പരീക്ഷണം ആപ്പിള്‍ നടത്തുകയും അതു വിജയിക്കുകയും ചെയ്തതായി കാണാം. കഴിഞ്ഞ വര്‍ഷത്തെ മോഡലുകളിലൊന്നായ ഐഫോണ്‍ XRന്റെ വില കുറയ്ക്കാനായിരുന്നു തീരുമാനം. അതിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും പറയുന്നു. ഇനി ഇന്ത്യയില്‍ ആപ്പിള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുക പുതിയ മോഡലുകള്‍ തന്നെയായിരിക്കുമെന്നു കരുതുന്നു. 2014ല്‍ അവതരിപ്പിച്ച മോഡലാണ് ഐഫോണ്‍ 6. ഐഫോണ്‍ 6, 6 പ്ലസ് എന്നീ മോഡലുകള്‍ക്ക് ഐഒഎസ് 13 ലഭിക്കുകയുമില്ല. ഇതിനാല്‍ അവയുടെ വില്‍പന ഒരു പക്ഷേ നേരത്തെ തന്നെ നിർത്തേണ്ടതായിരുന്നു. അടുത്തകാലത്ത് ഈ ഫോണ്‍ വാങ്ങിയവര്‍ക്ക് ഇനി അപ്‌ഡേറ്റ് കിട്ടില്ല. നാലു മോഡലുകളും ആമസോണില്‍ ഔട്ട് ഓഫ് സ്റ്റോക്ക് ആണ്. ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ SE/6പ്ലസ് എന്നീ മോഡലുകളും തീര്‍ന്നു. അടുത്ത കാലം വരെ ഇന്ത്യയില്‍ തന്നെ നിര്‍മിച്ചിരുന്ന ഐഫോണ്‍ മോഡലുകള്‍ SE/6s/7 എന്നിവയായിരുന്നു. ഇനി മറ്റു മോഡലുകളുടെ നിര്‍മാണവും തുടങ്ങിയേക്കുമെന്ന് വാര്‍ത്തകളുണ്ട്.

 

ഭാവി പരിപാടികള്‍

 

ഇന്ത്യന്‍ വിപണിയുടെ സാധ്യത വിട്ടുകളയാനുള്ള പരിപാടി ആപ്പിളിനില്ല എന്നും ബൈ-ബാക്ക് ഓഫര്‍, ക്യാഷ്ബാക് ഓഫര്‍ തുടങ്ങയവ അടുത്തതായി അവതരിപ്പിക്കുമെന്നുമാണ്. ആപ്പിള്‍ ഇപ്പോള്‍ 22 ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആപ്പിള്‍ മാപ്‌സ് പുതുക്കി അവതരിപ്പിക്കുകയും ചെയ്തു. കമ്പനിയുടെ വെര്‍ച്വല്‍ അസിസ്റ്റന്റ് സിറിക്ക് ഇന്ത്യന്‍ അക്‌സന്റ് മനസിലാകുന്ന രീതിയിലുള്ള അപ്‌ഡേറ്റും നല്‍കിക്കഴിഞ്ഞു. ഈ നീക്കങ്ങള്‍ മാത്രം മതി ആപ്പിള്‍ ഇന്ത്യയെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചു മനസിലാക്കാനെന്ന് വാദമുണ്ട്. വിലകുറച്ചു വിറ്റ് ആപ്പിളിന് ഷോമി കമ്പനിയോട് മത്സരിക്കേണ്ട കാര്യമില്ല. അതുകൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷം ഐഫോണ്‍ വില്‍പന കുറഞ്ഞു. ഈ വര്‍ഷം വീണ്ടും കുറഞ്ഞേക്കും. എന്നാല്‍ കമ്പനിയുടെ ലാഭം വര്‍ധിച്ചേക്കും. 

 

ഐഫോണ്‍ 6sന്റെ വില കുറയുമോ?

 

അതിനുള്ള സാധ്യതയും ഉണ്ട്. സെപ്റ്റംബറില്‍ ഈ വര്‍ഷത്തെ പുതിയ ഐഫോണുകള്‍ അവതരിപ്പിക്കമ്പോള്‍ ഐഫോണ്‍ 6s/7/7പ്ലസ്/8/8പ്ലസ്/X/XS/XSമാക്‌സ്/XR എന്നീ മോഡലുകളുടെ വിലയും കുറഞ്ഞേക്കും. അപ്പോള്‍ രണ്ടു കാലഹരണപ്പെട്ട മോഡലുകളടക്കം വില്‍പന നിർത്തിയത് വിചിത്ര നീക്കമല്ല. ഉചിതമായ ഒന്നാണ്. അതിനാല്‍ ഇപ്പോഴത്തെ സെയിലുകളില്‍ ദൃതി പിടിച്ച് ഐഫോണ്‍ വാങ്ങാതിരിക്കുന്നതായിരിക്കും ബുദ്ധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com