sections
MORE

ആപ്പിള്‍ പ്രേമികളേ, ട്രംപിനു നന്ദി പറയൂ! ഐഫോണിനു ഇന്ത്യയിൽ വില കുറഞ്ഞേക്കാം!

i-phone
SHARE

അടുത്ത ഐഫോണില്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന മുദ്രണം കാണുമോ? കണ്ടേക്കാമെന്നതാണ് ലഭിക്കുന്ന സൂചനകൾ. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചൈനാ വിരുദ്ധനിലപാടുകള്‍ ഇന്ത്യന്‍ നിര്‍മാണ രംഗത്തിനും ഇന്ത്യക്കാര്‍ക്കും പരോക്ഷമായി ഗുണകരമാകുകയാണ്. ആപ്പിള്‍ തങ്ങളുടെ ഫോണുകളും മറ്റും മുഖ്യമായും നിര്‍മിച്ചെടുക്കുന്നത് ചൈനയിലാണ്. എന്നാല്‍, ട്രംപിന്റെ ഇടപെടലിനു ശേഷം വിയറ്റ്‌നാമിലും ഇന്ത്യയിലുമുള്ള നിര്‍മാണ സൗകര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തിലെടുക്കാന്‍ ഒരുങ്ങുകയാണ് ആപ്പിൾ കമ്പനി. 

വിലയും കുറയും

ഐഫോണുകളടക്കം ആപ്പിളിന്റെ ഉപകരണങ്ങള്‍ക്ക് ലോകത്ത് ഏറ്റവുമധികം വില നല്‍കേണ്ടിവരുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഡോളറിന്റെ ആനുപാതിക വില വര്‍ദ്ധിച്ചതും ഇറക്കുമതി ചുങ്കവുമാണ് ഇതിന് പ്രധാന കാരണം. ഐഫോണിനു ഇറക്കുമതി ചുങ്കം ഇപ്പോള്‍ 30 ശതമാനമാണ്. ഇതില്‍ കുറവു വന്നാല്‍ തന്നെ ഐഫോണിന്റെ വില താഴേക്കു പോരാം. പക്ഷേ, വില എന്തുമാത്രം കുറയുമെന്നത് ആപ്പിള്‍ ഇന്ത്യയില്‍ അസംബ്ളിങ്ങിൽ മാത്രമാണോ നടത്തുന്നത്, അതോ ഘടകഭാഗങ്ങളും നിര്‍മിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും. ഘടകഭാഗങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചാല്‍ മാത്രമായിരിക്കാം അധിക ടാക്‌സ് ഇളവുകള്‍ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നല്‍കുക. ആപ്പിളിന്റെ അടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണ് വിപണിയും ഇന്ത്യന്‍ ഉപയോക്താക്കളും.

എന്തായാലും, ആപ്പിള്‍ കമ്പനിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ നടത്തുന്നതില്‍ ഏറ്റവുമധികം ഗൗരവത്തിലെടുക്കാവുന്നവരില്‍ ഒരാളായ മിന്‍ ചി-കുവോ ആണ് ഇന്ത്യയും വിയറ്റ്‌നാമും ഭാവിയില്‍ കമ്പനിയുടെ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കു വഹിച്ചേക്കും എന്ന പ്രവചനം ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

ട്രംപ്

കഴിഞ്ഞയാഴ്ച അമേരിക്കാ-ചൈനാ വാണിജ്യ യുദ്ധത്തിന് താത്കാലികമായി പോലും അറുതി വരുന്നില്ല എന്ന രീതിയിലുള്ള ചില പ്രസ്താവനകള്‍ പ്രസിഡന്റ് ട്രംപ് നടത്തിയിരുന്നു. സെപ്റ്റംബര്‍ 1 മുതല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്കും മറ്റും തീരുവ കൂടുമെന്ന് അദ്ദേഹം പറഞ്ഞു. അത് ആപ്പിള്‍ ഉപകരണങ്ങളുടെ വില അമേരിക്കയില്‍ പോലും വര്‍ദ്ധിപ്പിച്ചേക്കും. പക്ഷെ, മിങ് പറയുന്നത് അതു സംഭവിച്ചേക്കില്ലെന്നാണ്. വിയറ്റ്‌നാമിലും ഇന്ത്യയിലും നിര്‍മിക്കുന്ന ഫോണുകളും മറ്റും ട്രംപിന്റെ നീക്കത്തെ പ്രതിരോധിച്ചേക്കുമെന്നാണ്. അടുത്ത വര്‍ഷത്തോടെ ചൈനയില്‍ അല്ലാതെ നിര്‍മിക്കുന്ന ഉപകരണങ്ങളുടെ ശതമാനം വര്‍ദ്ധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഇപ്പോൾ ഏകദേശം 3-5 ശതമാനം വരെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ചൈനയ്ക്കു വെളിയില്‍ ആപ്പിള്‍ നടത്തുന്നത്. അത് സമീപ ഭാവിയില്‍ തന്നെ 15-25 ശതമാനം വരെ ഉയരുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

ആപ്പിളിനായി ഫോണ്‍ നിര്‍മിച്ചു നല്‍കുന്ന ഫോക്‌സ്‌കോണ്‍, വിന്‍സ്ട്രണ്‍ എന്നീ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിര്‍മാണ ശാലകളുണ്ട്. വിന്‍സ്ട്രണ്‍ന്റെ ബെഗളൂരുവിലുള്ള ഫാക്ടറിയിലാണ് ഇന്ത്യയില്‍ ആദ്യമായി ഐഫോണ്‍ നിര്‍മിച്ചത്. എന്നാല്‍, ഇന്ത്യയിലും വിയറ്റ്‌നാമിലുമുള്ള നിര്‍മാണശാലകള്‍ക്ക് വേണ്ടത്ര പ്രൊഡക്ഷന്‍ ഓട്ടോമേഷന്‍ ഇപ്പോള്‍ ഇല്ല. എന്നാൽ 2020ല്‍ അമേരിക്കയിലേക്കും മറ്റുമുള്ള ഐഫോണ്‍ നിര്‍മിക്കാന്‍ ചൈനയിലല്ലാതെയുള്ള നിര്‍മ്മാണശാലകളെയും സജ്ജമാക്കുമെന്നാണ് മിങിന്റെ പ്രവചനം.

ആപ്പിള്‍ ഇപ്പോള്‍ത്തന്നെ കഴിഞ്ഞ വര്‍ഷത്തെ മോഡലുകളായ ഐഫോണ്‍ XS/XR എന്നിവ ഇന്ത്യയില്‍ നിര്‍മിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇവ യൂറോപ്പിലും വില്‍ക്കുമെന്നാണ് സൂചന. എന്നാല്‍, 2020തോടെ, ചൈനയിലല്ലാതെ നിര്‍മിക്കുന്ന ഫോണുകള്‍ക്ക് പ്രാധാന്യമേറുന്നതോടെ, ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടും. ഇത് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും ഗുണകരമാകും. ഐഫോണുകള്‍ മാത്രമല്ല, ഐപാഡുകളും ആപ്പിള്‍ വാച്ചും ചൈനയ്ക്കു വെളിയില്‍ നിര്‍മിച്ചെടുക്കാന്‍ ആപ്പിള്‍ ശ്രമിച്ചേക്കുമെന്നാണ് മിങ് പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA