ADVERTISEMENT

തങ്ങളുടെ വണ്‍പ്ലസ് 7/പ്രോ മോഡലുകള്‍ അവതരിപ്പിച്ചതിലൂടെ ചൈനീസ് കമ്പനിയായ വണ്‍പ്ലസ് ഇന്ത്യന്‍ പ്രീമിയം സ്മാര്‍ട് ഫോണ്‍ വിപണിയില്‍ തങ്ങളുടെ മേധാവിത്വം ഒരിക്കല്‍ കൂടെ ഉറപ്പിച്ചിരിക്കുകയാണ്. അവരുടെ പ്രധാന എതിരാളികളായ സാംസങും ആപ്പിളും കാര്യമായ മുന്നേറ്റം നടത്തിയതുമില്ല. തങ്ങളുടെ ഐഫോണ്‍ XR സീരിസ് ആപ്പിള്‍ വിലകുറച്ചു വില്‍ക്കാന്‍ ശ്രമിച്ചതിലൂടെ പിടിച്ചു നില്‍ക്കാനായി. വിവിധ പ്രൊമോഷനല്‍ ഓഫറുകള്‍ നല്‍കി സാംസങ് തങ്ങളുടെ എസ്10 സീരിസിലെ ഫോണുകളും കുറച്ചു വിറ്റുവെങ്കിലും വണ്‍പ്ലസിന്റെ ലീഡ് ഉയരുകയാണ് ഉണ്ടായത്. ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വിപണിയിലെ മാറ്റങ്ങളെക്കുറിച്ച് സസൂക്ഷ്മം പഠിക്കുന്ന കൗണ്ടര്‍പോയിന്റ് ഗവേഷണ കമ്പനിയാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അവരുടെ നിരീക്ഷണത്തില്‍ പ്രീമിയം ഫോണുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇതുപ്രധാനമായും മുതലെടുക്കുന്നത് വണ്‍പ്ലസ് തന്നെയാണ്.

 

ഈ വര്‍ഷം തങ്ങളുടെ ഫോണുകളുടെ വില വണ്‍പ്ലസ് കൂട്ടിയെങ്കിലും ആരാധകര്‍ കമ്പനിയോടുള്ള കൂറു നിലനിര്‍ത്തുന്നതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രീമിയം ഫോണുകളുടെ ഫീച്ചറുകള്‍ കുറഞ്ഞ വിലയ്ക്കു നല്‍കുക എന്ന രീതി അനുവര്‍ത്തിച്ചാണ് കമ്പനി സ്മാര്‍ട് ഫോണ്‍ പ്രേമികളുടെ മനസില്‍ ഇടംപിടിച്ചത്. എന്നാല്‍ തങ്ങളുടെ ഏറ്റവും പുതിയ മോഡലുകള്‍ക്ക് കമ്പനി വില കൂട്ടുകയും ചെയ്തു.

 

ഇന്ത്യയുടെ പ്രീമിയം വിപണിയെന്നു പറയുന്നത് ഏകദേശം 35,000 രൂപയെങ്കിലും ഒരു ഫോണിനു മുടക്കാന്‍ തയാറുള്ളവരെ ലക്ഷ്യമിട്ടിറക്കുന്ന ഹാന്‍ഡ്‌സെറ്റുകളുടെ ഇടത്തെയാണ്. ഈ ഇടത്തേക്ക് കൂടുതല്‍ കമ്പനികള്‍ ഇറങ്ങുന്നുണ്ട്. ഉദാഹരണത്തിന് ഷോമിയുടെ കെ20 സീരിസ് വണ്‍പ്ലസിനോട് നേരിട്ട് ഏറ്റുമുട്ടാനുള്ള ഉദ്ദേശത്തില്‍ ഇറക്കിയതാണ്. വണ്‍പ്ലസിനെക്കാള്‍ വളരെ വില കുറച്ചാണ് ഇവ മാര്‍ക്കറ്റിലെത്തിച്ചിരിക്കുന്നതും. ഡിസൈന്‍, സ്‌ക്രീന്‍ ടെക്‌നോളജി തുടങ്ങി ചില മേഖലകള്‍ ഒഴിവാക്കിയാല്‍ ഇവ മികച്ച ഹാന്‍ഡ്‌സെറ്റുകളുമാണ്. പക്ഷേ, കഴിഞ്ഞ വര്‍ഷം ഷഓമിയുടെ പോക്കോ എഫ് സീരിസിനു സംഭവിച്ചതു പോലെ, അവയും ഉപയോക്താക്കള്‍ ഏറ്റെടുക്കുന്നില്ല. വാവെയ്, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികളും പ്രീമിയം സെഗ്‌മെന്റില്‍ തങ്ങളുടെ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രീമിയം സെഗ്‌മെന്റിലെ ഫോണുകളുടെ 85 ശതമാനവും വില്‍ക്കുന്നത് വണ്‍പ്ലസ്, സാംസങ്, ആപ്പിള്‍ എന്നീ കമ്പനികളാണെന്ന് കൗണ്ടര്‍പോയിന്റ് പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 88 ശതമാനമായിരുന്നു. മറ്റു കമ്പനികള്‍ നാമമാത്രമായ പുരോഗതിയെ കൈവരിച്ചിട്ടുള്ളു.

 

ഒരു സമയത്ത് സാംസങ്ങിനു പിന്നില്‍ പോയിരുന്നുവെങ്കിലും വണ്‍പ്ലസ് തങ്ങളുടെ 7സീരിസ് അവതരിപ്പിച്ചതോടെ മുന്നില്‍ കയറുകയായിരുന്നു. ഏകദേശം 43 ശതമാനമാണ് അവരുടെ വിപണി വിഹിതം. തങ്ങളുടെ പ്രീമിയം ഫോണായ വണ്‍പ്ലസ് 7 പ്രോയ്ക്ക് കമ്പനി വിലയിട്ടത് 45,000 രൂപയ്ക്കു മുകളിലാണ്. ടെക്‌നോളജി പ്രേമികള്‍ അത് ഏറ്റെടുത്തു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം 26 ശതമാനം വിഹിതം ഈ മോഡല്‍ മാത്രം കരസ്ഥമാക്കിയെന്നു പറയുന്നു. ഈ സെഗ്‌മെന്റിനെ അള്‍ട്രാ പ്രീമിയം എന്നാണ് വിളിക്കുന്നത്. ഇവിടെ സാംസങ്ങിന്റെ ഗ്യാലക്‌സി എസ്10 സീരിസും ആപ്പിളിന്റെ XR മോഡലും നല്ല പ്രകടനമാണ് കാഴ്ച വച്ചതെന്നും കൗണ്ടര്‍പോയിന്റ് പറയുന്നു. XR മോഡല്‍ വില കുറച്ചു വില്‍ക്കാന്‍ തീരുമാനിച്ചതോടെ അതിന്റെ വില്‍പന ഇരട്ടിച്ചതായും പറയുന്നു.

 

നേരത്തെ 22 ശതമാനം ഉപയോക്താക്കളെ നേടിയ സാംസങ് പിന്നെ 16 ശതമാനത്തിലേക്കു താണു. പ്രാദേശികമായി ഫോണ്‍ നിര്‍മിക്കാന്‍ തുടങ്ങുന്നതോടെ ഐഫോണുകളുടെ വില 20 ശതമാനമെങ്കിലും കുറയുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ഉപയോക്താക്കള്‍ ഫീച്ചറുകളെക്കുറിച്ച് എത്രമാത്രം ബോധമുള്ളവരാണെന്നും വണ്‍പ്ലസ് 7 പ്രോയുടെ വിജയം കാണിക്കുന്നു.

 

വണ്‍പ്ലസ് 7 പ്രോ ക്യാമറ പ്രശ്‌നങ്ങള്‍

 

ഡിഎക്‌സ്ഒ വെബ്‌സൈറ്റിന്റെ വിലയിരുത്തലില്‍ ഗംഭീര റെയ്റ്റിങ് ലഭിച്ച മോഡലാണ് വണ്‍പ്ലസ് 7 പ്രോ. എന്നാല്‍, നിരവധി സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങളാണ് ക്യാമറയെക്കുറിച്ച് ഉപയോക്താക്കള്‍ ഉന്നയിച്ചത്. ഇരുട്ടിലെടുക്കുന്ന ചിത്രങ്ങളും ഡൈനാമിക് റെയ്ഞ്ചിന്റെ അഭാവവുമാണ് അവര്‍ എടുത്തുകാണിച്ചത.് ഇതോടെ ഡിഎക്‌സ്ഒ മാര്‍ക്കിനു നേരെയും ചോദ്യങ്ങള്‍ ഉയര്‍ന്നു. കുറച്ചു പ്രശ്‌നങ്ങള്‍ കമ്പനി പിന്നീടു പരിഹരിച്ചെങ്കിലും ചിലതെല്ലാം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

വണ്‍പ്ലസ് 7ടി പ്രോ

 

ആറു മാസം കൂടുമ്പോള്‍ പുതിയ ഫോണ്‍ ഇറക്കുക എന്ന തന്ത്രമാണ് വണ്‍പ്ലസ് അനുവര്‍ത്തിച്ചു വരുന്നത്. അധികം താമസിയാതെ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ വണ്‍പ്ലസ് 7ടി/പ്രോ മോഡലുകള്‍ വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com