ADVERTISEMENT

ആപ്പിളിന്റെ അംഗീകാരമില്ലാത്ത സര്‍വീസ് സെന്ററുകളില്‍ ഐഫോണുകളുടെ ബാറ്ററി മാറ്റിവച്ച ഉപയോക്താക്കള്‍ക്ക് 'പേടിപ്പിക്കുന്ന' മുന്നറിയിപ്പാണ് കമ്പനി നല്‍കുന്നതെന്ന വിമര്‍ശനത്തിന് കമ്പനി ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ്.  

 

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഒരു പുതിയ ഫീച്ചര്‍ പ്രകാരം ഐഫോണിലെ ബാറ്ററി മാറ്റിയാല്‍ അത് ഒറിജിനല്‍ ആണോ, കമ്പനി അംഗീകരിച്ച ടെക്‌നീഷ്യന്‍ ആണോ മാറ്റിവച്ചത് ആണോ എന്നറിയാം. ഫോണ്‍ ഈ വിവരം നല്‍കിക്കൊണ്ടിരിക്കുന്നത് ഉപയോക്താക്കള്‍ക്ക് കേടുപറ്റിയതോ, ഗുണനിലവാരം കുറഞ്ഞതോ, ഉപയോഗിച്ചു പഴകിയതോ ആയ ബാറ്ററി മാറ്റിവച്ചു കിട്ടാതിരിക്കാനാണ് എന്നാണ് കമ്പനി നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ മുന്നറിയിപ്പ് കിട്ടുന്നുണ്ടെങ്കിലും ഫോണ്‍ തുടര്‍ന്ന് ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും കമ്പനി തുടര്‍ന്നു പറയുന്നുണ്ട്. തങ്ങള്‍ക്ക് അമേരിക്കയില്‍ 1,800 സര്‍വീസ് സെന്ററുകള്‍ ഉണ്ടെന്നും ഉപയോക്താക്കള്‍ അവ പ്രയോജനപ്പെടുത്തണമെന്നുമാണ് 'ദി വേര്‍ജി'നു നല്‍കിയ മറുപടിയില്‍ ആപ്പിള്‍ പറഞ്ഞത്.

 

ആപ്പിള്‍ ഫോണുകളുടെ ബാറ്ററിയില്‍ ഒരു 'മെമ്മറി കീ' നിക്ഷേപിക്കുന്നുണ്ട്. ഇതിന്റെ പാര്‍ശ്വഫലമാണ് ഇപ്പോള്‍ ഫോണുകളില്‍ കിട്ടുന്ന മുന്നറിയിപ്പ്. ഓതറൈസ്ഡ് അല്ലാത്ത സര്‍വീസ് സെന്ററുകളില്‍ ബാറ്ററിയും ഫോണിന്റെ ഹാര്‍ഡ്‌വെയറുമായി 'പെയര്‍' ചെയ്യാനുള്ള സംവിധാനമില്ലാത്തതാണ് ഫോണില്‍ മുന്നറിയിപ്പു വരാനുള്ള കാരണം. ഐഫോണുകളുടെ 'സെറ്റിങ്‌സില്‍,' 'ബാറ്ററി ഹെല്‍തി'ല്‍ ഈ സര്‍വീസ് മെസേജ് എപ്പോഴും കാണിച്ചുകൊണ്ടിരിക്കും.

 

ഉപയോക്താക്കളും ടെക്‌നോളജി ജേണലിസ്റ്റുകളും ഈ പ്രശ്‌നം ഏറ്റെടുക്കാനുള്ള കാരണം ആപ്പിളിന്റെ ഒറിജിനല്‍ ബാറ്ററി തന്നെ വാങ്ങി പിടിപ്പിച്ചാലും ഈ മുന്നറിയിപ്പു നിലനില്‍ക്കുമെന്നതാണ്. ഓതറൈസ്ഡ് സര്‍വീസ് സെന്ററുകള്‍ക്കു മാത്രമെ ഹാര്‍ഡ്‌വെയറും പുതിയ ബാറ്ററിയും തമ്മില്‍പെയര്‍ ചെയ്യാന്‍ സാധിക്കൂ. ഇതിനാല്‍ അത്തരം സെന്ററുകളിലെത്തി ബാറ്ററി മാറിവച്ചില്ലെങ്കില്‍ മുന്നറിയിപ്പ് ഫോണില്‍ എപ്പോഴും കാണേണ്ടതായി വരും.

 

മുന്നറിയിപ്പ് പ്രധാനമായും പ്രത്യക്ഷപ്പെടുന്നത് ഐഫോണ്‍ XR/XS/മാക്‌സ് എന്നീ ഫോണുകളിലാണ് എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. എന്നാല്‍, ഇപ്പോള്‍ ബീറ്റാ അവസ്ഥയിലുള്ള ഐഒഎസ് 13ലൂടെ ഇത് കൂടുതല്‍ ഫോണുകളിലേക്കും വ്യാപിപ്പിച്ചേക്കാമെന്നും പറയുന്നു. എന്നാല്‍ ഓതറൈസ്ഡ് സേവനദാതാവല്ലതെ മാറ്റിവച്ച ബാറ്ററി ഉപയോഗിക്കുമ്പോഴും ഫോണിന്റെ പ്രകടനത്തില്‍ മാറ്റമില്ലാത്തതിനാല്‍ പുതിയ വിവദാത്തെ 'ചായക്കോപ്പയിലെ കൊടുങ്കാറ്റായി' കാണാനാണ് തനിക്കിഷ്ടമെന്നാണ് ഒരു ടെക് ലേഖകന്‍ കുറിച്ചത്.

 

പുതിയ മാറ്റത്തിനു പിന്നില്‍ തങ്ങളുടെ ബാറ്ററി കൂടുതല്‍ ചിലവാക്കാനുള്ള കമ്പനിയുടെ നീക്കമായി വേണമെങ്കില്‍ വ്യാഖ്യാനിക്കാം. എന്നാല്‍ ആപ്പിളിന്റെ ഓതറൈസ്ഡ് സെന്ററുകളിലല്ലാതെ ബാറ്ററി മാറ്റുമ്പോള്‍ ചിലപ്പോഴെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഫോണിന്റെ ബോര്‍ഡ് കംപ്ലെയ്ന്റായി തീരുന്നു എന്നതാണ്. കൂടാതെ ബാറ്ററി പൊട്ടിത്തെറിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളും വന്നുകൂടായ്കയില്ല. എന്നാല്‍ ആപ്പിളിന്റെ മറ്റു കാര്യങ്ങളിലെന്ന പോലെ അമിത ചിലവാണ് ബാറ്ററി ഓതറൈസ്ഡ് സെന്ററുകളിലൂടെ മാറ്റിവയ്ക്കുമ്പോള്‍ ഉണ്ടാകുന്നത് എന്നതാണ് ഉപയോക്താക്കളെ മറ്റു വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com