ADVERTISEMENT

സാംസങ്ങിന്റെ ഈ വര്‍ഷത്തെ ഗ്യാലക്‌സി എസ് 10, നോട്ട് 10 ഹാൻഡ്സെറ്റുകൾ ഐഫോണ്‍ ആരാധകര്‍ പോലും അസൂയയോടെയാണ് നോക്കി നിന്നത്. അവയുടെ ഏറ്റവും മികച്ച ഫീച്ചറായിരുന്നു അത്യാകര്‍ഷകമായ ഡിസ്‌പ്ലെ. ഇവ സാംസങ് സ്വന്തമായി നിര്‍മിച്ചവയായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഒട്ടും സൂക്ഷ്മബുദ്ധിയില്ലാത്ത ഒരു നീക്കത്തിലൂടെ സ്വന്തം ഫോണുകളുടെ സാധ്യതകള്‍ കമ്പനി ഇല്ലാതാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

ദക്ഷിണ കൊറിയയില്‍ നിന്നുള്ള സപ്ലൈ ചെയ്‌നുകളുടെ റിപ്പോര്‍ട്ടിലൂടെയാണ് ടെക് ലോകം മൂക്കത്തു വിരല്‍വച്ചു പോയ ഈ നീക്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തറിയുന്നത്. മഹത്തരമെന്നു വിശേഷിപ്പിക്കപ്പെട്ട ആ ഡ്‌സിപ്ലെ തങ്ങളുടെ ഏറ്റവും വലിയ എതിരാളികളായ ആപ്പിളിനും നല്‍കി എന്നതാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതു നേടാനായ ആപ്പിള്‍ ആര്‍ത്തു ചിരിക്കുകയാകുമെന്ന് ടെക് ലേഖകര്‍ പറയുന്നത്. 

 

സമാനതകളില്ലാത്ത മികവുള്ളതാണ് സാംസങ്ങിന്റെ പുതിയ ഓലെഡ് സ്‌ക്രീന്‍ ടെക്‌നോളജി. ഡിസ്‌പ്ലെകളുടെ മികവിനു മാര്‍ക്കിടുന്ന ഡിസ്‌പ്ലെമെയ്റ്റിന്റെ (DisplayMate) ബെഞ്ച്മാര്‍ക്കിങ്ങില്‍ പുതിയ സ്‌ക്രീന്‍ 13 ഡിസ്‌പ്ലെ റെക്കോഡുകളാണ് തകര്‍ത്തെറിഞ്ഞത്. ചുരുക്കിപ്പറഞ്ഞാല്‍ വിപ്ലവകരമായ മാറ്റമാണ് പുതിയ ഡിസ്‌പ്ലെ കൊണ്ടുവന്നത്. ഹാനികരമായ നീല വെളിച്ചത്തെ കുറയ്ക്കുന്നതടക്കമാണ് ഇതിന്റെ മികവ്. ഇപ്പോഴത്തെ ഐഫോണ്‍ XS/മാക്‌സ് മോഡലുകള്‍ക്കുപോലും പുതിയ ഡിസ്‌പ്ലെയുടെ ഗുണകരമായ ഒരു മികവും ഇല്ലെന്നാണ് കണ്ടെത്തല്‍. ഈ വര്‍ഷം തങ്ങള്‍ ഈ ഡിസ്‌പ്ലെ ആര്‍ക്കും നല്‍കുന്നില്ല എന്നൊരു തീരുമാനമെടുത്തിരുന്നെങ്കില്‍ ആപ്പിള്‍ ഈ സ്മാര്‍ട് ഫോണ്‍ മത്സരത്തില്‍ ഏറെ പിന്നിലായി പോയേനെ എന്നാണ് ചില ടെക് ലേഖകര്‍ പറയുന്നത്.

 

എന്നാല്‍, സാംസങ്ങിനെ അനുകൂലിച്ചും റിപ്പോര്‍ട്ടുകളുണ്ട്. ഡിസ്‌പ്ലെ നല്‍കല്‍ പുതിയ കാര്യമൊന്നുമല്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ ഐഫോണുകള്‍ക്കും സാംസങ് ഡിസ്‌പ്ലെ നല്‍കിയിരുന്നു. പുതിയ ഐഫോണുകള്‍ക്ക് ഡിസ്‌പ്ലെ നല്‍കുക വഴി നല്ല ലാഭമുണ്ടാക്കാന്‍ കമ്പനിക്കാകും എന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ, ആഗോള തലത്തില്‍ ഐഫോണുകള്‍ കാര്യമായ പുതിയ ചലനമൊന്നും ഉണ്ടാക്കാത്ത അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. തങ്ങളുടെ ആരാധകരെ സുഖിപ്പിച്ചു നിർത്താന്‍ ആപ്പിള്‍ കൃത്രിമമായി സൃഷ്ടിക്കുന്ന ആവേശം മാത്രമെ എവിടെയും കാണാനുള്ളുവെന്ന് ടെക് റിപ്പോര്‍ട്ടര്‍മാര്‍ എഴുതുന്നു. ഈ സമയത്ത് സാംസങ് മനസുവച്ചിരുന്നെങ്കില്‍ ആപ്പിളിന്റെ പതനം ഉറപ്പിച്ച് അവര്‍ക്ക് ബഹുദൂരം മുന്നേറാമായിരുന്നു എന്നാണ് വാദം. ഐഫോണ്‍ ഉപേക്ഷിക്കുന്നവര്‍ സാംസങ്ങിന്റെ ഫോണുകള്‍ വാങ്ങിയേനെയെന്നാണ് അവര്‍ പറയുന്നത്. 

 

സാംസങ്ങിന് 'നിസ്വാർഥ സേവനത്തിനുള്ള' അവാര്‍ഡ്

 

എന്നാല്‍ സാംസങ്ങിന്റെ 'മഹാമനസ്‌കത' ഇത് ആദ്യമായി അല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാംസങ് കമ്പനിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ വാര്‍ത്തയാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന 'ഐസ് യൂണിവേഴ്‌സ്', കമ്പനിക്ക് 'മികച്ച നിസ്വാര്‍ഥ സേവനത്തിനുള്ള അവാര്‍ഡ്' കമ്പനിയെ കളിയാക്കിക്കൊണ്ടു നല്‍കുകയുണ്ടായി. സാംസങ് സ്വന്തമായി നിര്‍മിച്ച യുഎഫ്എസ് 3.0 (UFS 3.0) സ്റ്റോറേജ് ടെക്‌നോളജിയും 90Hz ഡിസ്‌പ്ലെ ടെക്‌നോളജിയും ചൈനീസ് കമ്പനിയായ വണ്‍പ്ലസിനു നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. തങ്ങളുടെ മറ്റൊരു നേട്ടമായ 'വാട്ടര്‍ഫോള്‍' കെര്‍വ്ഡ് സ്‌ക്രീന്‍ വാവെയ്ക്കും സാംസങ് നല്‍കിയിട്ടുണ്ട്. 

അടുത്ത തലമുറയിലെ സെന്‍സര്‍ ടെക്‌നോളജി എന്നു വിശേഷിപ്പിക്കപ്പെട്ടതാണ് സാംസങ്ങിന്റെ 64എംപി, 108 എംപി സെന്‍സറുകള്‍. ഇത് അവര്‍ ഷഓമിയ്ക്കും നല്‍കി. സാംസങിന്റെ ചിലവില്‍ കമ്പനികള്‍ ഷോ കാണിക്കുന്നു എന്നാണ് പുതിയവാദം. ഇതൊക്കെ വിറ്റാല്‍ കിട്ടുന്നത് കാശല്ലേ? കമ്പനിക്ക് അതൊക്കെ നേട്ടമല്ലേ എന്ന മറുവാദവും ഉയരും. പക്ഷേ, ഓര്‍ക്കേണ്ട കാര്യം ആപ്പിളോ മറ്റൊ ഇത്തരം ടെക്‌നോളജി നിര്‍മിച്ചിരുന്നെങ്കില്‍ ആര്‍ക്കെങ്കിലും കൊടുക്കുമായിരുന്നോ എന്നാണ്.

 

അടുത്തതായി സാംസങ് സ്മാര്‍ട് ഫോണ്‍ ബാറ്ററികളുടെ നിലവിലെ ടെക്‌നോളജിയെ തകര്‍ത്തുതരിപ്പണമാക്കാനുള്ള ശ്രമത്തിലാണ്. കേവലം 30 മിനിറ്റിനുള്ളില്‍ ഫോണ്‍ മുഴുവനായും ചാര്‍ജാകുന്ന ഈ ടെക്‌നോളജി സ്വന്തം ഫോണിലായിരിക്കുമോ ആദ്യമെത്തുക, അതോ ഐഫോണിനു നല്‍കുമോ എന്നൊക്കെ പലരും കളിയായി ചോദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com