ADVERTISEMENT

വീണ്ടുമൊരിക്കല്‍ കൂടെ ഫോണ്‍ റേഡിയേഷന്‍ ചര്‍ച്ചയാകുകയാണ്. ടെക്‌നോളജി ഭീമന്മാരായ ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകളുടെ ഹാനികരമായ റേഡിയോ ഫ്രീക്വന്‍സി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അമേരിക്കയിലെ കാലിഫോര്‍ണിയയിലെ കോടതിയില്‍ ഇരു കമ്പനികള്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അമേരിക്കയുടെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ അനുവദിച്ചിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ റേഡിയേഷന്‍ വെളിയില്‍ വിടുന്നു എന്നതാണ് ഇരു കമ്പനികളുടെയും ഫോണുകള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

 

ആപ്പിളിന്റെ ഐഫോണ്‍ 7, ഐഫോണ്‍ 8, ഐഫോണ്‍ X, സാംസങ്ങിന്റെ ഗ്യാലക്‌സി എസ്8, നോട്ട് 8 തുടങ്ങിയ ഫോണുകള്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതു കൂടാതെ ഷിക്കാഗൊ ട്രിബ്യൂണ്‍ സ്വതന്ത്രമായി നടത്തിയ അന്വേഷണത്തിലും ഐഫോണ്‍ 7ന്‍ പുറത്തുവിടുന്ന റേഡിയേഷന്‍ അനുവദനീയമായതിന്റെ ഇരട്ടിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആപ്പിള്‍ തന്നെ ഫോണിന്റെ റേഡിയേഷന്‍ ടെസ്റ്റു ചെയ്ത് അധികാരികള്‍ക്കു നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് തെറ്റാണെന്നാണ് ഇവര്‍ വാദിക്കുന്നത്.

 

ഡബ്ല്യൂഎച്ഒ അടക്കം പല ഏജന്‍സികളും സ്മാര്‍ട് ഫോണ്‍ റേഡിയേഷന്‍ ഹാനികരമല്ലെന്ന വാദം ഉയര്‍ത്തിയിരുന്നു. എങ്കിലും ദീര്‍ഘകാല ഉപയോഗം എങ്ങനെ ബാധിക്കും എന്നതിനെപ്പറ്റിയൊക്കെ എങ്ങനെയാണ് മുന്‍കൂട്ടി ഉറപ്പിച്ചു പറയാനാകുക എന്ന സംശയം ഉയര്‍ന്നിരുന്നു. 'അടുത്ത കാലത്ത് നിരവധി ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍ നടത്തിയ പഠനങ്ങള്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും അംഗീകരിക്കുന്നു. പല രജ്യാന്തര, ദേശീയ മാനദണ്ഡങ്ങളും പറയുന്നതിനെക്കാള്‍ താഴ്ന്ന റേഡിയോ ഫ്രീക്വന്‍സി പ്രസരണം പോലും ജീവനുള്ള ഓര്‍ഗനിസങ്ങളെ ബാധിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നു. പരമാവധി ആകാമെന്നു പറയുന്ന സ്‌പെസിഫിക് അബ്‌സോര്‍ബ്ഷന്‍ റേറ്റിനെ ചോദ്യം ചെയ്യന്ന പഠനങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 

 

സാര്‍ (SAR) മൂല്യം കുറവുള്ള ഫോണുകള്‍ ഉപയോഗിക്കുന്നത് ഗുണകരമാണെന്ന തോന്നലുള്ളവരാണ് പലരും. എന്നാല്‍ കുറഞ്ഞ മൂല്യങ്ങള്‍ പോലും അപകടകരമാണെന്ന് പരാതിക്കാര്‍ പറയുന്നു. ആദ്യകാലത്ത് ഐഫോണിന്റെ സാര്‍ മൂല്യം ആപ്പിള്‍ പുറത്തുവിട്ടിരുന്നു. ഐഫോണ്‍ 7 മുതല്‍ അതു ചെയ്യുന്നില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

 

എന്നാല്‍, തങ്ങളുടെ ഫോണുകള്‍ അനുവദനീയമായ പരിധിക്കുള്ളില്‍ തന്നെയാണ് ഉള്ളതെന്നാണ് ആപ്പിള്‍ പ്രതികരിച്ചത്. സാംസങ് ഈ വിവാദത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

 

ഇതില്‍നിന്നെല്ലാം എന്താണ് ഉള്‍ക്കൊള്ളേണ്ടത്? 

 

ആപ്പിളിന്റെയും സാംസങ്ങിന്റെയും അടക്കമുള്ള കമ്പനികളുടെ ഫോണുകളാണ് പ്രശ്‌നം സൃഷ്ടിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. അതിനര്‍ഥം മറ്റുള്ള നിര്‍മാതാക്കളുടെ ഫോണുകള്‍ സുരക്ഷിതമാണ് എന്നല്ല. അവ ടെസ്റ്റു ചെയ്തിട്ടില്ല.

 

മനുഷ്യര്‍ക്ക് ആര്‍എഫ് ഫ്രീക്വന്‍സി പ്രസരണം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നതിന് ഒരു ശാസ്ത്രീയമായ തെളിവും ഇന്നുവരെ ലഭിച്ചിട്ടില്ല എന്നത് ഒരു പരമാര്‍ഥമാണെന്നും ഓര്‍ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com