ADVERTISEMENT

ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട് ഫോണുകളുടെ നിര്‍മാണം ചൈനയില്‍ നിന്ന് വിയറ്റ്‌നാമിലേക്കു മാറ്റാന്‍ തയാറെടുക്കുകയാണെന്ന് നിക്കെയ് ഏഷ്യന്‍ റിവ്യൂ റിപ്പോര്‍ട്ട്. ഇതിനായി വടക്കന്‍ വിയറ്റ്‌നാമിലുള്ള നോക്കിയുടെ ഒരു പഴയ നിര്‍മാണശാല പുതുക്കിയെടുത്തുകൊണ്ടിരിക്കുകയാണ് എന്നാണ് ഇതെപ്പറ്റി അറിയാവുന്ന ഒരാള്‍ നിക്കെയോട് പറഞ്ഞത്. ഗൂഗിള്‍ ചൈനയെ പൂര്‍ണമായും ഉപേക്ഷിക്കുകയല്ല. തങ്ങളുടെ കുറച്ചു പ്രവര്‍ത്തനങ്ങള്‍ ചൈനയ്ക്കുള്ളില്‍ തന്നെ കമ്പനി നിലനിര്‍ത്തിയേക്കും.

തങ്ങളുടെ ഹാര്‍ഡ്‌വെയര്‍ നിര്‍മാണം ഗൗരവത്തിലെടുക്കുന്നുണ്ടെങ്കില്‍ ചൈനയെന്ന വമ്പന്‍ വിപണിയെ പൂര്‍ണമായും അവഗണിക്കുക എന്നത് ആത്മഹത്യാപരമാണെന്ന് ഗൂഗിളിനറിയാം. അത്ര വലുതും വളര്‍ച്ചമുറ്റാത്തതുമായ വിപണിയാണ് ചൈന. എന്നാല്‍ നിര്‍മാണച്ചെലവ് ചൈനയിലും വര്‍ധിക്കുന്നു. ഇതിനാല്‍ തന്നെ എല്ലാ നിർമാണങ്ങളും ഒരിടത്ത് തന്നെ വയ്ക്കുന്നതിനോട് കമ്പനിക്ക് താത്പര്യമില്ല. ചൈനയ്ക്കു വെളിയില്‍ ഹാര്‍ഡ്‌വെയര്‍ നിര്‍മിച്ചെടുക്കാനുള്ള ശ്രമമാണ് കമ്പനി ഇപ്പോള്‍ നടത്തുന്നതത്രെ.

എന്നാല്‍ ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ചൈനയ്ക്കു വെളിയിലേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണം അമേരിക്കന്‍ പ്രസിഡന്റ് ചൈനയുമായി തുടങ്ങിവച്ച വാണിജ്യ യുദ്ധമാണ്. അമേരിക്കൻ കമ്പനികൾ എത്രയും പെട്ടെന്ന് ചൈന വിടണമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ നിര്‍മിച്ച ഉല്‍പന്നങ്ങള്‍ അമേരിക്കയില്‍ വില്‍പനയ്ക്കു കൊണ്ടുവന്നാല്‍ അധികം ചുങ്കം നല്‍കേണ്ടിവരുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.

നേരത്തെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ നിക്കെയ് പറഞ്ഞത് ഗൂഗിളിനെ കൂടാതെ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഡെല്‍, എച്പി തുടങ്ങിയ കമ്പനികളും ചൈനയ്ക്കു വെളിയിലേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീക്കുന്ന കാര്യം പരിഗണിക്കുകയാണ്. ആപ്പിളും ഈ വഴിക്കു ചിന്തിക്കുന്നുവെന്നും പറയുന്നു. ഗെയിം കണ്‍സോള്‍ നിര്‍മാതാക്കളായ സോണി, മൈക്രോസോഫ്റ്റ്, നിന്റെന്റോ തുടങ്ങിയ കമ്പനികള്‍ ഒരു കത്തില്‍ പറഞ്ഞത് ആവശ്യമില്ലാത്ത ചുങ്കം ചുമത്തിയാല്‍ അത് അമേരിക്കന്‍ ഉപഭാക്താക്കള്‍ക്ക് അമിതഭാരം സമ്മാനിക്കാനെ ഉതകൂ എന്നാണ്.

എന്നാല്‍, വാണിജ്യ യുദ്ധം മാത്രമല്ല ചൈനയ്ക്കു വെളിയിലുള്ള സാധ്യതകള്‍ ആരായാന്‍ ടെക്‌നോളജി ഭീമന്മാരെ പ്രേരിപ്പിക്കുന്നത്. ചൈനയിലും പണിച്ചെലവ് വര്‍ധിക്കുകയാണ് എന്നതും ഒരു പ്രശ്‌നമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷേ, ചൈന എന്നത് എന്തും നിര്‍മിച്ചെടുക്കാൻ സുസജ്ജമായ ലോകത്തിന്റെ ഫാക്ടറിയാണ്. ആശയങ്ങള്‍, രൂപരേഖകളൊക്കെ ഏറ്റവും ചെലവു കുറഞ്ഞും ചാതുര്യത്തോടെയും നിര്‍മിച്ചെടുക്കാന്‍ കമ്പനികള്‍ ഇത്രകാലം ആശ്രയിച്ചുവന്നത് ചൈനയെയാണ്.

ട്രംപിനു മനംമാറ്റം?

താന്‍ തുടങ്ങിവച്ച ചൈനയ്‌ക്കെതിരായ വാണിജ്യ യുദ്ധത്തിന്റെ കാര്യത്തില്‍ പ്രസിഡന്റ് ട്രംപിന് ചില വീണ്ടുവിചാരങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകത്ത് ഒരു വാണിജ്യ പ്രതിസന്ധി ഉണ്ടായാല്‍ അതിനു കാരണക്കാരനായി ട്രംപിനെ കണ്ടേക്കാമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പു നല്‍കി. വാണിജ്യ യുദ്ധമല്ല പ്രതിവിധി എന്നും അത് ലോകത്തെ മുഴുവന്‍ പ്രിതസന്ധിയിലാക്കിയേക്കാമെന്നും ജോണ്‍സണ്‍ പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥ തന്നെ തകിടംമറിയാമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

നേട്ടം ഇന്ത്യ, വിയറ്റ്‌നാം പോലെയുള്ള രാജ്യങ്ങള്‍ക്ക്

ടെക്‌നോളജി വമ്പന്മാര്‍ ചൈന വിട്ടാല്‍ അതിന്റെ നേട്ടം ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്കായരിക്കാം. എന്നാല്‍ ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചൈനയുടെ ഭൂപ്രകൃതിയെ ദുഷിപ്പിച്ചു കഴിഞ്ഞതായും അത് ഇത്തരം പ്രൊഡക്ഷന്‍ നടത്താനൊരുങ്ങുന്ന ഏതു രാജ്യത്തിനും ഇത് പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പു നല്‍കുന്നവരുമുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com