ADVERTISEMENT

ഐഫോണ്‍ പ്രേമികളെ ആനന്ദത്തിലാഴ്ത്തി പുതിയ മോഡലുകള്‍ പിറന്നു. ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നിങ്ങനെയാണ് പുതിയ മോഡലുകളുടെ പേരുകള്‍. അവതരണ ചടങ്ങിലെ 'സ്റ്റാര്‍' രണ്ടു മോഡലുകള്‍ക്കു നല്‍കിയിരിക്കുന്ന പ്രോ നാമകരണമാണ്. തങ്ങളുടെ ഫോണുകളുടെ പേരിടീലിന് പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ആപ്പിള്‍. 

 

11 പ്രോ, 11 പ്രോ മാക്‌സ്

 

കഴിഞ്ഞ തവണത്തെ മോഡലുകളായ ഐഫോണ്‍ XS/മാക്‌സ് ഫോണുകള്‍ പരിചയിച്ചവര്‍ക്ക് അധികമായി കിട്ടുന്നത് പിന്നിലുള്ള മൂന്നു ക്യാമറാ സിസ്റ്റവും അല്‍പം കൂടെ മികച്ച സ്‌ക്രീനും മറ്റുമാണ്. ഐഫോണ്‍ 11 പ്രോയുടെ സ്‌ക്രീന്‍ സൈസ് 5.8-ഇഞ്ച് ആണ്. പ്രോ മാക്‌സിന് 6.5-ഇഞ്ച് ഡിസ്‌പ്ലെയാണ്. 1200 നിറ്റസ് ബ്രൈറ്റ്‌നസുള്ള ഈ സ്‌ക്രീന്‍ പ്രകാശപൂരിതമാണ്, വര്‍ണ്ണശബളവും. ഇവയുടെ കോണ്‍ട്രസ്റ്റ് അനുപാതവും മികച്ചതാണ്– 2 മില്ല്യന്‍ റ്റു വണ്‍. ഇവയുടെ മാറ്റ് ഫിനിഷും അത്യാകര്‍ഷകമാണ്.

 

ഇവ പ്രവര്‍ത്തിക്കുന്നതാകട്ടെ ആപ്പിളിന്റെ പുതിയ എ13 ബയോണിക് ചിപ്പിലാണ്. ഇതിന് പഴയ പ്രോസസറുകളെക്കാള്‍ 15 ശതമാനം കൂടുതല്‍ ശക്തിയുണ്ടെന്നതു കൂടാതെ കുറച്ചു ബാറ്ററിയെ ഉപയോഗിക്കൂ എന്നതും ഐഫോണുകളുടെ മികവു വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്നു കരുതുന്നു. ഫോണുകള്‍ക്ക് 64GB, 256GB, 512GB എന്നീ സ്റ്റോറേജ് ശേഷിയാണ് നല്‍കിയിരിക്കുന്നത്. രണ്ടു സീരിസിലെയും തുടക്ക മോഡലുകള്‍ക്ക്  വില യഥാക്രമം 999 ഡോളര്‍, 1099 ഡോളര്‍ എന്നിങ്ങനെയായരിക്കും.

iphone-11-3

 

ഇരു ഫോണുകളും സ്‌റ്റെയ്‌ലെസ് സ്റ്റീല്‍ കെയ്‌സുകളിലാണ് അടക്കം ചെയ്തിരിക്കുന്നത്. അവയുടെ പിവിഡി കോട്ടിങ് മാറ്റ് ഫിനിഷിനു മികവു കൂട്ടുന്നു. കഴിഞ്ഞ വര്‍ഷം ലഭ്യമായ നിറങ്ങളിലെല്ലാം ഫോണ്‍ ഇറക്കുന്നുണ്ട്. കൂടാതെ പുതിയ മിഡ്‌നൈറ്റ് ഗ്രീനും ലഭ്യമാണ്.

iphone-11-2

 

അക്ഷാരാര്‍ഥത്തില്‍ പ്രോ ഫോണുകളുടെ ശ്രദ്ധാ കേന്ദ്രം അവയുടെ പിന്‍ ക്യാമറാ സിസ്റ്റമാണ്. 12-മെഗാപിക്‌സല്‍, 26എംഎം f/1.8 വൈഡ് ആംഗിള്‍ ക്യാമറ, 12-മെഗാപിക്‌സല്‍, 52എംഎം f/2.0 ടെലീ ലെന്‍സ് എന്നിവയ്‌ക്കൊപ്പം 13എംഎം f/2.4 അള്‍ട്രാവൈഡ് ആംഗിള്‍ ലെന്‍സും അടങ്ങുന്നതാണ് പുതിയ സിസ്റ്റം. പ്രകൃതി ദൃശ്യങ്ങള്‍ ഷൂട്ടു ചെയ്യാനും ആക്ഷന്‍ ഷോട്ടുകളെടുക്കാനും മുന്‍ ഐഫോണുകളെക്കാള്‍ ഇവയ്ക്ക് മിടുക്കു കൂടും. ഈ പുതുമ ഐഫോണ്‍ പ്രേമികള്‍ക്കു മാത്രമായിരിക്കും തോന്നുക. ഹൈ-എന്‍ഡ് ആന്‍ഡ്രോയിഡ് ഫോണുകളെല്ലാം ഇതു കൊണ്ടുവന്നിട്ട് വളരെ കാലമായി.

 

പ്രോ മോഡലുകളുടെ ക്യാമറാ പ്രകടനത്തിന്റെ സവിശേഷതകളിലൊന്ന് ഡീപ് ഫ്യൂഷനാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഷട്ടര്‍ അമര്‍ത്തുന്നതിനു മുൻപ് എട്ടു ഫോട്ടോ എടുക്കുകയാണ് ഇതു ചെയ്യുന്നത്. ഇതിനു ശേഷം ഓരോ പിക്‌സലായി ('pixel bypixel') പുതിയ ഫോട്ടോ സൃഷ്ടിക്കും.

iphone-11

 

ക്യാമറയുടെ കാര്യം പറഞ്ഞാല്‍ ഐഫോണുകള്‍ പിന്നില്‍ നിന്നിരുന്നതും ഗൂഗിള്‍ പിക്‌സല്‍ ഉടമകള്‍ ആസ്വദിച്ചിരുന്നതുമായ ഒരു ഫീച്ചര്‍ നൈറ്റ് മോഡാണ്. ഗൂഗിളിന്റെ വിഖ്യാതമായ 'നൈറ്റ് സൈറ്റി'നോടു കിടപിടിക്കത്തക്ക വിധത്തിലുള്ളതാണ് ആപ്പിള്‍ ഈ വര്‍ഷം അവതരിപ്പിച്ചിരിക്കുന്ന നൈറ്റ് മോഡ് എന്നു കരുതുന്നു. എന്തായാലും, ഐഫോണ്‍ XS/മാക്‌സ് മോഡലുകളെക്കാള്‍ മികച്ച രാത്രി ഷോട്ടുകള്‍ പുതിയ പ്രോ മോഡലുകള്‍ എടുക്കും. എ13 ബയോണിക് ചിപ്പിന്റെ മികവും അനുകൂല ഘടകമായിരിക്കും.

 

എ13 ബയോണിക് പ്രോസസറിന്റെ മകവ് ഏറ്റവുമധികം അനുഭവിക്കാന്‍ പോകുന്നത് ബാറ്ററി പ്രകടനത്തിലാണ്. മുന്‍ മോഡലുകളെക്കാള്‍ 4 മണിക്കൂര്‍ അധികം ബാറ്ററി ലൈഫാണ് ആപ്പിള്‍ പുതിയ പ്രോ മോഡലുകള്‍ക്ക് ലഭിക്കുമെന്നു പറയുന്നത്. 18 വാട്‌സ് യുഎസ്ബി-സി ക്വിക് ചാര്‍ജറും കൂടെ എത്തുമ്പോള്‍ ചാര്‍ജ് തീരുക എന്ന പ്രശ്‌നത്തെ മുന്‍പില്ലാത്ത രീതിയില്‍ തരണം ചെയ്യാന്‍ ഐഫോണ്‍ ഉടമകള്‍ക്കു സാധിച്ചേക്കും.

 

ഐഫോണ്‍ 11

 

കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ മോഡലുകളില്‍ ഏറ്റവുമധികം വിറ്റു പോയ മോഡലായ XRനു പകരക്കാരനായാണ് ഐഫോണ്‍ 11 ഈ വര്‍ഷം അവതരിച്ചിരിക്കുന്നത്. 6.1-ഇഞ്ച് ട്രൂ ടോണ്‍ എല്‍സിഡി ഡിസ്‌പ്ലെയാണ് ഐഫോണ്‍ 11 ഉള്ളത്. അനൊഡൈസ്ഡ് അലൂമിനിയം, ഗ്ലാസ് എന്നിവ സമ്മേളിപ്പിച്ച ഡിസ്‌പ്ലെയാണ് ഇതിന്. കഴിഞ്ഞ വര്‍ഷത്തെ മോഡലിലും ഇതു തന്നെയായിരുന്നു. റെഡ്, ലാവെന്‍ഡര്‍, ഗ്രീന്‍, യെലോ, വൈറ്റ്, ബ്ലാക് എന്നീ നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാക്കും.

 

കഴിഞ്ഞ വര്‍ഷത്തെ മോഡലിനെക്കാള്‍ മികച്ച ഓഡിയോ ക്വാളിറ്റി പ്രതീക്ഷിക്കാം. സ്‌പെഷ്യല്‍ ഓഡിയോ എന്നാണ് ആപ്പിള്‍ പുതിയ ഓഡിയോ ഫീച്ചറിനിട്ടിരിക്കുന്ന പേര്. കൂടുതല്‍ നിമഗ്നമായ, തിയേറ്റര്‍ അനുഭം പ്രദാനം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. (ഇത് പ്രോ മോഡലുകള്‍ക്കും ഉണ്ട്.)

 

ക്യാമറാ സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. ഇത്തവണ ഇരട്ട പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത്. 12-മെഗാപിക്‌സല്‍, 26എംഎം 1.8 വൈഡ് ആംഗിൾ ലെന്‍സും, 12-മെഗാപിക്‌സല്‍, 13എംഎം f/2.4 അള്‍ട്രാ വൈഡ് ആംഗിളും അടങ്ങുന്നതാണീ സിസ്റ്റം. ആപ്പിളിന്റെ മുന്‍ ഇരട്ട ക്യാമറകളില്‍ വൈഡ് ആംഗിളും ടെലിയും അടങ്ങുന്നതായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മോഡലായ XR ഉപയോക്താക്കളുടെ സ്‌നേഹം നേടിയത് അതിന്റെ ബാറ്ററി ലൈഫ് വച്ചായിരുന്നു. ഐഫോണ്‍ 11ന് അതിനേക്കാള്‍ ഒരു മണിക്കൂര്‍ അധികം ബാറ്ററി ലൈഫ് ലഭിക്കുമെന്നു പറയുന്നു. വിലയും 50 ഡോളര്‍ കുറച്ചിട്ടുണ്ട്. തുടക്ക മോഡലിന് 700 ഡോളറായിരിക്കും വില.

 

പ്രോ മോഡലുകളെപ്പോലെ തന്നെ എ13 ബയോണിക് പ്രോസസര്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം. സാധാരണ കൂടിയ മോഡലുകളെക്കാള്‍ അല്‍പം കുറവ് റാം ആയിരിക്കും ആപ്പിള്‍ കുറഞ്ഞ മോഡലുകള്‍ക്ക് നല്‍കുക. എന്നാല്‍, പ്രകടന വ്യത്യാസം ഉണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com